കനകക്കുന്നിൽ ഇന്നു മുതൽ''വസന്തോത്സവം''
text_fieldsതിരുവനന്തപുരം: പുഷ്പങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും വര്‍ണക്കാഴ്ചയൊരുക്കി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കനകക്കുന്ന് ഒരുങ്ങി. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ''വസന്തോത്സവം'' പുഷ്പമേളയുടെയും ന്യൂ ഇയര്‍ ലൈറ്റ് ഷോയുടേയും ഉദ്ഘാടനം ബുധനാഴ്ച വൈകിട്ട് ആറിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. മന്ത്രി ജി.ആര്‍. അനില്‍ മുഖ്യാതിഥിയാകും.
''ഇലുമിനേറ്റിങ് ജോയ് സ്പ്രെഡിങ് ഹാര്‍മണി'' എന്ന ആശയത്തിലാണ് ലൈറ്റ് ഷോ സംഘടിപ്പിക്കുന്നത്. കേരളം രാജ്യത്തിനു മുന്നില്‍ വിളംബരം ചെയ്യുന്ന മതനിരപേക്ഷതയുടെയും ഒരുമയുടെയും സന്ദേശമാണ് ഈ ആഘോഷ പരിപാടിയിലൂടെ പങ്കുവെയ്ക്കുന്നത്. വൈവിധ്യമാര്‍ന്ന ഇലുമിനേഷനുകളും ഇന്‍സ്റ്റലേഷനുകളും കൊണ്ട് കനകക്കുന്ന് കൊട്ടാരവളപ്പിനെ അലങ്കരിക്കുന്ന തരത്തിലാണ് ദീപാലങ്കാരങ്ങളും ഒരുക്കുന്നത്. ഇതിന്‍റെ ഭാഗമായുള്ള ലൈറ്റ് ഷോ തലസ്ഥാന നഗരത്തെ പ്രകാശപൂരിതമാക്കും.
വസന്തോത്സവത്തില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 35000 പൂച്ചെടികള്‍ ഒരുക്കും. 8000ത്തില്‍ പരം ക്രിസന്തമം ചെടികള്‍ കൊണ്ട് ഒരുക്കുന്ന ഫെസ്റ്റിവല്‍ ഈ വര്‍ഷത്തെ പ്രധാന ആകര്‍ഷണമാണ്. വസന്തോത്സവത്തിനോട് അനുബന്ധിച്ച് കനകക്കുന്ന് കൊട്ടാരത്തില്‍ പുഷ്പാലങ്കാര പ്രദര്‍ശനവും മത്സരവും ഒരുക്കുന്നുണ്ട്.
ഫ്ളവര്‍ ഷോയ്ക്കു പുറമേ ട്രെഡ് ഫെയര്‍, ഫുഡ് കോര്‍ട്ട്, അമ്യൂസ്മെന്‍റ് പാര്‍ക്ക്, കലാപരിപാടികള്‍ എന്നിവയും ജനുവരി നാല് വരെ നടക്കുന്ന വസന്തോത്സവത്തിന്‍റെ ഭാഗമാണ്. മുതിര്‍ന്നവര്‍ക്ക് 50 രൂപ, കുട്ടികള്‍ക്ക് 30 രൂപ എന്നിങ്ങനെയാണ് പ്രവേശന നിരക്ക്. ടൂറിസം വകുപ്പ് ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

