വീട്ടിലേക്ക് പെട്രോൾ ബോംബെറിഞ്ഞയാൾ അറസ്റ്റിൽ
text_fieldsഷാക്കുട്ടി
വർക്കല: കുടുംബവീട്ടിലേക്ക് പെട്രോൾ ബോംബെറിയുകയും സഹോദരിയുടെ മക്കളെ അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തയാൾ അറസ്റ്റിൽ. ഇടവ ഓടയംമുക്ക് സ്വദേശി ഷാക്കുട്ടിയാണ് (53) അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. അഞ്ചോളം കുപ്പികളിൽ പെട്രോൾ നിറച്ചാണ് ഷാക്കുട്ടി എത്തിയത്.
ഇയാളുടെ മാതാവ് റുക്കിയബീവിയും സഹോദരി ജാസ്മിൻ, മക്കളായ മുഹമ്മദ് ജസ്ബിൻ, മുഹമ്മദ് ജിബിൻ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. പെട്രോൾ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളുടെ മേൽ ഒഴിച്ച് തീ കൊളുത്തി.
തടയാൻ ശ്രമിച്ച ജസ്ബിന് നേരെയും അതിക്രമമുണ്ടായി. ആക്രമണ ദൃശ്യങ്ങൾ മൊബൈൽ കാമറയിൽ പകർത്തിയ ജെബിന് നേരെ ഇയാൾ പെട്രോൾ ബോംബെറിഞ്ഞു. വിവരമറിഞ്ഞെത്തിയ പൊലീസ് ഷാക്കുട്ടിയെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു. ജിബിന് ആക്രമണത്തിൽ നിസ്സാരമായി പരിക്കേറ്റു. സ്കൂട്ടിയും ബൈക്കും ഭാഗികമായി കത്തി നശിച്ചു.
ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സഹോദരിയോട് പണമാവശ്യപ്പെട്ടിരുന്നതായും നല്കാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നും അയിരൂർ പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

