പത്തുവയസ്സുകാരൻ ബസിടിച്ച് മരിച്ച സംഭവം: ഡ്രൈവർ അറസ്റ്റിൽ
text_fieldsമഹേഷ്
വർക്കല: മാതാവിനൊപ്പം സ്കൂട്ടിയിൽ സഞ്ചരിച്ച പത്തുവയസ്സുകാരൻ ബസിടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. അപകടമുണ്ടാക്കിയ ഗോകുലം ബസിന്റെ ഡ്രൈവർ ഇടവ വെൺകുളം വയൽത്തൊടി വീട്ടിൽ മഹേഷ് (23) ആണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകീട്ട് നാലേകാലോടെ വർക്കല ആയൂർവേദ ആശുപത്രിക്ക് സമീപത്തായിരുന്നു അപകടം. കല്ലമ്പലം പുതുശ്ശേരിമുക്ക് കരിക്കകത്തിൽ പണയിൽ വീട്ടിൽ മുഹമ്മദ് ഷായുടെയും താഹിറയുടെയും മൂന്ന് മക്കളിൽ രണ്ടാമനായ മുഹമ്മദ് മർഹാൻ (10) ആണ് മരിച്ചത്.
സ്കൂട്ടിയിൽ സഞ്ചരിക്കവെ അമിതവേഗത്തിൽ ഓവർടേക്ക് ചെയ്ത ബസ് ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബസിനടിയിൽ വീണ പത്തുവയസ്സുകാരനായ മർഹാന്റെ തലയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.
അപകടം നടന്നയുടൻ ബസ് ഉപേക്ഷിച്ച് ജീവനക്കാർ ഇറങ്ങി ഓടി രക്ഷപ്പെട്ടു. ഇവർക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് ഡ്രൈവർ മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നരഹത്യക്കാണ് പൊലീസ് കേസെടുത്തത്. ഇയാളെ വർക്കല കോടതിയിൽ ഹാജരാക്കി.

