സൈന്യത്തിലെ നഴ്സിങ് അസിസ്റ്റൻറ് റിസോർട്ടിൽ തൂങ്ങി മരിച്ച നിലയിൽ
text_fieldsദീപു
വർക്കല: പാപനാശത്തെ റിസോർട്ടിൽ യുവാവ് തൂങ്ങി മരിച്ചനിലയിൽ. ഇന്ത്യൻ സൈന്യത്തിൽ നഴ്സിങ് അസിസ്റ്റൻറായ വക്കം കമ്പംകോട് ദീപത്തിൽ രാധാകൃഷ്ണ പിള്ളയുടെയും വനജകുമാരിയുടെയും മകൻ ദീപുവാണ് (38) മരിച്ചത്.
ബുധനാഴ്ച വർക്കലയിലെത്തിയ ദീപു വൈകുന്നേരം മൂന്നിന് ഹെലിപ്പാഡിലെ ഹോളിഡേ ഇൻ റിസോർട്ടിൽ മുറിയെടുത്തു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരകഴിഞ്ഞിട്ടും ഇയാളെ പുറത്തു കാണാത്തതിനെതുടർന്ന് റിസോർട്ട് ജീവനക്കാർ പൊലീസിൽ അറിയിച്ചു. പൊലീസ് എത്തി മുറി തുറന്നപ്പോൾ റിസോർട്ടിലെ ബെഡ് ഷീറ്റ് ഉപയോഗിച്ച് ഫാനിൽ തൂങ്ങി മരിച്ചനിലയിൽ കാണപ്പെടുകയായിരുന്നു.
സൈന്യത്തിൽനിന്ന് അവധിക്ക് നാട്ടിലെത്തിയതായിരുന്നു ദീപു. വിവാഹിതനും രണ്ട് ആൺമക്കളുമുള്ള ഇയാളും ഭാര്യയും തമ്മിൽ അകന്നു കഴിയുകയായിരുന്നെന്നും വിവാഹമോചനത്തിന് കോടതിയിൽ കേസ് നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു. പൊലീസ് നടപടികൾക്കുശേഷം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

