വർക്കല: ഓഡിറ്റോറിയം നിർമാണത്തിനിടെ മണ്ണിടിഞ്ഞ് മൂന്ന് അന്തർ സംസ്ഥാന തൊഴിലാളികൾക്ക് പരിക്കേറ്റു. പശ്ചിമ ബംഗാൾ സ്വദേശികളായ അർജുൻ (28), ജയദേവ് (27), വിനോദ് (23) എന്നിവർക്കാണ് പരിക്ക് പറ്റിയത്. വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് അപകടം നടന്നത്.
ചെറുന്നിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഓഡിേറ്റാറിയം പണി നടക്കുന്നതിനിടയിലാണ് മണ്ണിടിഞ്ഞുവീണത്. പഴയ ഓഡിറ്റോറിയം പൊളിച്ചുനീക്കിയ സ്ഥലത്ത് പുതിയത് നിർമിക്കുന്നതിന് അടിസ്ഥാനം തോണ്ടുന്നതിനിടെയാണ് മണ്ണിടിഞ്ഞത്. ജെ.സി.ബി ഉപയോഗിച്ച് അടിസ്ഥാനം തോണ്ടിയ മണ്ണ് സമീപത്ത് കൂട്ടിയിട്ടിരിക്കുകയായിരുന്നു.
ജോലികൾ നടക്കുന്നതിനിടെ മൺകൂന ഇടിഞ്ഞുവീഴുകയും തൊഴിലാളികൾ അതിൽപെടുകയുമായിരുന്നു. നിസ്സാര പരിക്കുകളോടെ മൂന്നുപേരും രക്ഷപ്പെടുകയായിരുന്നു.