യുവാവിനെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ സംഘം അറസ്റ്റില്‍
text_fieldsവര്‍ക്കല: യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ മൂന്നംഗ സംഘം അറസ്റ്റില്‍. പാരിപ്പള്ളി ചിറക്കര ശാസ്ത്രിമുക്ക് റോഡുവിള വീട്ടില്‍ ശരണ്‍ (25), കല്ലുവാതുക്കല്‍ നടയ്ക്കല്‍ അടുതല കൂരക്കളി റോഡുവിള പുത്തന്‍ വീട്ടില്‍ പ്രിന്‍സണ്‍ (32), നടയ്ക്കല്‍ ചരുവിള വീട്ടില്‍ സന്തോഷ് (43) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 25ന് വൈകീട്ട് അഞ്ചരയോടെ വർക്കല ടൗണിലാണ് സംഭവം. നഗരസഭ ഓഫിസിനു സമീപത്തെ ബാറിനുമുന്നില്‍ നിൽക്കുകയായിരുന്ന മുണ്ടയില്‍ പുണര്‍തം വീട്ടില്‍ ഷിബു (45) വിനെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഇയാളെ മര്‍ദിച്ചവശനാക്കി മൊബൈല്‍ ഫോണും പണവും കവർന്നശേഷം ചെമ്മരുതി മുത്താനക്ക് സമീപം ഉപേക്ഷിച്ചു. ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട പണമിടപാടുകളാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്നാണ് സൂചനയെന്ന് പൊലീസ് പറഞ്ഞു.
തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷന്‍ നല്‍കിയവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൂടി പിടിയിലാകാനുണ്ട്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. വര്‍ക്കല ഡിവൈ.എസ്.പി. പി. നിയാസിന്റെ നേതൃത്വത്തില്‍ സർക്കിൾ ഇന്‍സ്‌പെക്ടര്‍ വി.എസ്. പ്രശാന്ത്, എസ്.ഐ പി.ആര്‍. രാഹുല്‍, എസ്.സി.പി.ഒ സനല്‍, സി.പി.ഒമാരായ പ്രശാന്ത കുമാരന്‍, സുധീര്‍, സുരേഷ്, റാം ക്രിസ്റ്റിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

