റെയിൽവേ ട്രാക്കിന് സമീപം പുൽക്കാടിന് തീപിടിച്ചു
text_fieldsറെയിൽവേ ട്രാക്കിന് സമീപം പുൽക്കാടിന് തീപിടിച്ചത് അഗ്നിശമന സേന കെടുത്തുന്നു
വർക്കല: മേൽവെട്ടൂർ കല്ലുമലക്കുന്നിൽ റെയിൽവേ ട്രാക്കിന് സമീപം പുൽക്കാടിന് തീപിടിച്ചു. അഗ്നിശമന സേന എത്തി മൂന്നു മണിക്കൂർ പരിശ്രമിച്ച് തീ കെടുത്തിയതിനാൽ കൂടുതൽ പ്രദേശങ്ങളിലേക്ക് പടരുന്നത് ഒഴിവായി.
ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് തീപിടിത്തം ഉണ്ടായത്. റെയിൽവേ ട്രാക്കിനും റോഡിനും മധ്യേയുള്ള ഉണങ്ങിയ പുൽക്കാടിൽ തീ ആളിപ്പടരുകയായിരുന്നു. ഉണങ്ങിയ പുല്ലുകൾ തമ്മിലുരസിയോ ആരെങ്കിലും വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽനിന്നോ തീപടർന്നതാണെന്ന് സംശയിക്കുന്നു. ഈ സമയം ശക്തമായ കാറ്റുണ്ടായിരുന്നതിനാൽ തീ വേഗത്തിൽ പടർന്നു. വർക്കല, കല്ലമ്പലം എന്നിവിടങ്ങളിൽനിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

