കടബാധ്യത; മക്കളുൾപ്പെട്ട കുടുംബത്തെ കാണാനില്ല, അന്വേഷണവുമായി പൊലീസ്
text_fieldsറൗഫ്, ഭാര്യ ഹസീന, മക്കൾ റസൂൽ, റസൽ
വർക്കല: രണ്ട് പിഞ്ചു മക്കളുൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേരെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് അയിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നടയറ എം.എ കലാം റോഡിൽ റസൂൽ മൻസിലിൽ റൗഫ് (52), ഭാര്യ ഹസീന (42), മക്കളായ റസൂൽ (12), റസൽ (5) എന്നിവരെയാണ് ഇക്കഴിഞ്ഞ ആഗസ്റ്റ് 31ന് രാവിലെ മുതൽ കാണാതായത്.
സഹോദരങ്ങൾ ബന്ധുവീടുകളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് അയിരൂർ പൊലീസിൽ പരാതി നൽകിയത്. പ്രവാസിയായിരുന്ന റൗഫ് നാല് വർഷം മുമ്പ് വിദേശ ജോലി അവസാനിപ്പിച്ച് നാട്ടിലെത്തിയത്. തുടർന്ന് പെയിന്റിങ് തൊഴിലാളിയായി മാറി. ഹസീന വീട്ടമ്മയാണ്. മക്കളായ റസൂൽ ഏഴാം ക്ലാസിലും റസൽ എൽ.കെ.ജിയിലും പഠിക്കുന്നു.
വിവിധ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്നു വായ്പ എടുത്തതിനാൽ ഇവർക്ക് ലക്ഷങ്ങളുടെ ബാധ്യതയുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. തിരിച്ചടവുകൾ മുടങ്ങിയതോടെ പണമിടപാട് സ്ഥാപനങ്ങളിൽ നിന്നും നിരന്തരം കടുത്ത സമ്മർദ്ദങ്ങളും ഭീഷണികളും നേരിട്ടിരുന്നു.
താമസിക്കുന്ന വീടും പുരയിടവും വിറ്റ് ബാധ്യത തീർക്കാനായി റൗഫ് ശ്രമം തുടങ്ങിയിരുന്നു. അപ്പോഴാണ് കുടുംബത്തിലെ ചില തർക്കങ്ങളുമായി ബന്ധപ്പെട്ട് സ്വന്തം ആസ്തികളും മരവിപ്പിക്കപ്പെട്ട വിവരം റൗഫ് അറിയുന്നത്. തുടർന്ന് ഇയാൾ പിടിച്ചു നിൽക്കാനാവാത്ത അവസ്ഥയിലായെന്ന് ബന്ധുക്കളുടെ അന്വേഷണത്തിൽ വ്യക്തമായി. വീട് പരിശോധിച്ച പൊലീസിന് ഇവർ എഴുതി വച്ച ഒരു കത്ത് ലഭിച്ചതായും അറിയുന്നു. പണമിടപാട് സ്ഥാപനങ്ങളുടെ കടുത്ത ഭീഷണി ഉണ്ടെന്നും ജീവിക്കാനാവാത്തത്ര മാനസിക സമ്മർദ്ദത്തിലാണെന്നും എഴുതിയതായും അറിയുന്നു.
ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലോ, വർക്കല അയിരൂർ പൊലീസിലോ അറിയിക്കണം. ഫോൺ: 9895 40 5407.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

