വർക്കലയിൽ മദ്യലഹരിയിൽ യുവാവ് സ്വന്തം വീടിന് തീയിട്ടു; ആളപായമില്ല
text_fieldsമദ്യലഹരിയിലെത്തിയ യുവാവ് സ്വന്തം വീടിന് തീയിട്ടപ്പോൾ
വർക്കല: മദ്യലഹരിയിൽ യുവാവ് സ്വന്തം വീടിന് തീവെച്ചു. വർക്കല താന്നിമൂട്ടിൽ വള്ളിക്കുന്ന് വീട്ടിൽ ഗോപിയുടെ വീടിനാണ് മകൻ അന്തോണിയെന്ന ഗോപകുമാർ (40) തീവെച്ചത്. എന്നാൽ, ആളപായമില്ല. വ്യാഴാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. ഗോപകുമാർ മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുകയും വീടിന് തീ വെക്കുകയുമായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഈ സമയം മാതാവ് ഉഷയും ഗോപകുമാറിന്റെ മകൻ ശ്യംകുമാറും വീട്ടിലുണ്ടായിരുന്നു.
ഇയാൾ മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കിയതോടെ മാതാപിതാക്കൾ അടുത്ത വീട്ടിലേക്ക് മാറിയിരുന്നു. പിതാവ് ഗോപി ഒരുവശം പൂർണമായും തളർന്ന് കിടപ്പാണ്. ഇയാളെ ആക്രമിക്കുമെന്ന് ഭയന്നാണ് ഇവർ അടുത്ത വീട്ടിലേക്ക് മാറിയത്. ഷീറ്റ് മേഞ്ഞ വീട് പൂർണമായും കത്തിനശിച്ചു.
രണ്ട് മുറികളുള്ള വീടും വീട്ടുപകരണങ്ങളും രേഖകളും പൂർണമായും അഗ്നിക്കിരയായി. ഭാര്യയുമായി ഒരു വർഷത്തിലേറെയായി പിരിഞ്ഞു താമസിക്കുന്ന ഗോപകുമാർ സ്ഥിരമായി മദ്യപിച്ചെത്തി ബഹളമുണ്ടാക്കുകയും മാതാപിതാക്കളെ ഉപദ്രവിക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു. വർക്കല ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി തീയണച്ചു. വർക്കല പൊലീസും സംഭവമറിഞ്ഞ് സ്ഥലത്തെത്തി വിവരങ്ങൾ അന്വേഷിച്ചുമടങ്ങി.

