കുടിവെള്ളം കിട്ടാക്കനി; വെട്ടൂർ, ഇടവ, ഇലകമൺ പഞ്ചായത്തുകൾ വരണ്ടു, കുടിവെള്ളക്ഷാമം രൂക്ഷം
text_fieldsകുടിവെള്ളത്തിനായി കാത്തിരിക്കുന്നവർ, അണ്ടൂർക്കോണം പഞ്ചായത്തിൽ നിന്നുള്ള കാഴ്ച
വർക്കല: വേനൽ കടുത്തതോടെ വെട്ടൂർ, ഇടവ, ഇലകമൺ പഞ്ചായത്ത് പ്രദേശങ്ങൾ വരണ്ടു. ഇതോടെ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി. കിണറുകളിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. ഭൂരിഭാഗം കിണറുകളും വറ്റി. വയലോരങ്ങളിലെ കിണറുകളിൽനിന്ന് ദിവസം നാലും അഞ്ചും തവണകളായി പമ്പ് സെറ്റ് പ്രവർത്തിപ്പിച്ചാൽ കഷ്ടിച്ച് 250/300 ലിറ്റർ വെള്ളമേ ലഭിക്കൂ. നാലംഗ കടുംബത്തിന് ദിവസം കുറഞ്ഞത് ആയിരം ലിറ്റർ വെള്ളം വേണമെന്നിരിക്കെയാണിത്. വാമനപുരം നദി വരണ്ടതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. ഇതോടെ വാട്ടർ അതോറിട്ടിയുടെ കുടിവെള്ള വിതരണം താറുമാറായി.
ഇടവയിലെ മിക്കവാറും എല്ലാ വാർഡുകളിലും ജലപ്രതിസന്ധിയുണ്ട്. കാപ്പിൽ, പി.എച്ച്.സി, വെൺകുളം, ഹൈസ്കൂൾ വാർഡുകളിൽ രൂക്ഷമായ പ്രതിസന്ധിയാണുള്ളത്. ഇവിടങ്ങളിൽ കിണറുകളില്ലാത്ത വീട്ടുകാർ പൈപ്പ് ലൈൻ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. പലയിടങ്ങളിലും ഒരു മാസത്തോളമായി പൈപ്പ് ലൈനിൽ കാറ്റ് മാത്രമാണ് വരുന്നത്. വീട്ടുകാർ അയൽ വീടുകളിൽനിന്ന് ചുമട്ടുവെള്ളം കോരി നടുവൊടിഞ്ഞ അവസ്ഥയിലാണ്. സംഘംമുക്ക്, മാന്തറ മേഖലയിലെ നൂറുകണക്കിന് വീട്ടുകാർ ജലക്ഷാമം നേരിടുന്നു. ഇടവയിൽ പഞ്ചായത്തംഗങ്ങളായ സൽമാൻ ഷാരുവും റിസ്വാനയും അവരുടെ വാർഡുകളിലെ കുടുംബങ്ങൾക്ക് സ്വന്തം നിലക്ക് ടാങ്കുകളിൽ കുടിവെള്ളം എത്തിക്കുന്നുണ്ട്.
വെട്ടൂർ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമാണ്. ഫിഷർമെൻ നഗർ, അക്കരവിള, ആശാൻമുക്ക്, പെരുമം, റാത്തിക്കൽ, അരിവാളം, മേൽ വെട്ടൂർ, മുനിക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലാണ് രൂക്ഷമായ ജലക്ഷാമം. മുൻ കാലങ്ങളിലെപ്പോലെ ടാങ്കറിൽ വെള്ളം എത്തിക്കാത്തത് ക്ഷാമത്തിന്റെ തീവ്രത വർധിപ്പിക്കുന്നു. ഇവിടങ്ങളിലും ആഴ്ചകളയായി പൈപ്പ് ലൈനിൽ ജലമില്ല. പഞ്ചായത്തിലെ പ്രദേശിക ജലപദ്ധതികളാണ് ഒരു പരിധിവരെ ജനങ്ങൾക്ക് ആശ്വാസമാകുന്നത്. എന്നാൽ ടി.എസ് കനാൽ വികസനത്തിന്റെ പേരിൽ വെട്ടൂർ ഏലത്തോട് ഒഴുകിയിരുന്ന പാലം വെട്ടൂർ ജങ്ഷനിൽ പൊളിച്ചതും ഇതിലൂടെയുള്ള ജലം കനാലിലേക്ക് ഒഴുക്കിവിട്ടതും ജലക്ഷാമം രൂക്ഷമാകാൻ കാരണമായതായി നാട്ടുകാർ പറയുന്നു. ഈ തോട് പതിറ്റാണ്ടുകളായി നാട്ടുകാർ കുളിക്കാനും വസ്ത്രങ്ങൾ കഴുകാനും ഉപയോഗിച്ചുവന്നതാണ്. ഇവിടെ ജലക്ഷാമം പരിഹരിക്കാൻ നടപടിയുണ്ടാകണമെന്ന് തീരദേശ വികസന വേദി ചെയർമാൻ വെട്ടൂർ ബിനു ആവശ്യപ്പെട്ടു.
ഇലകമൺ പഞ്ചായത്തിന്റെ പകുതിയോളം പ്രദേശങ്ങൾ ജലക്ഷാമത്തിന്റെ പിടിയിലാണ്. പഞ്ചായത്തിലെ പകുതിയിലധികം ഭാഗത്തും വെള്ളമെത്തിക്കാൻ ശേഷിയുള്ള കായൽപുറം ജലപദ്ധതിയെ അവഗണിച്ചതാണ് തിരിച്ചടിയായത്. പദ്ധതിയുടെ സംഭരണ ശേഷി വർധിപ്പിച്ചാൽ പഞ്ചായത്തിലെ ജലക്ഷാമം ഒരുപരിധിവരെ പരിഹരിക്കാനാവും. അതിലേക്ക് അധികൃതരുടെ ശ്രദ്ധ എത്തുന്നില്ല. ഇവിടെ ടാങ്കിന്റെ ശേഷി വർധിപ്പിക്കാത്തതും പുതിയ പൈപ്പ് സ്ഥാപിക്കുന്നതടക്കം നവീകരണം യഥാസമയം നടപ്പാക്കാത്തതുമാണ് ജലവിതരണം അവതാളത്തിലാക്കുന്നത്. ഇലകമണും കടുത്ത ജല ക്ഷാമത്തിന്റെ പിടിയിലാണ്. കായൽപുറം പദ്ധതിയിൽ ആവശ്യത്തിന് വെള്ളമുണ്ടങ്കിലും ഉയർന്ന സംഭരണശേഷി ഇല്ലാത്തതിനാൽ പകുതി വാർഡുകളിലും സുഗമമായി ജലം എത്തിക്കാനാവുന്നില്ല. ഫിൽറ്റർ ചെയ്ത വെള്ളം ഭൂതല സംഭരണിയിൽനിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള വിളപ്പുറം സംഭരണിയിൽ നിറച്ചാണ് വിതരണം ചെയ്യുന്നത്. ടാങ്കിലേക്കുള്ള പൈപ്പ് ലൈൻ ഏറെ പഴകിയതിനാൽ പുതിയത് സ്ഥാപിക്കണമെന്ന ആവശ്യം പരിഗണിച്ചില്ല. പൈപ്പുകൾ ഇതിനകം പലസ്ഥലത്തായി പൊട്ടിയിട്ടുണ്ട്.
അണ്ടൂർക്കോണം പഞ്ചായത്തിൽ ജലവിതരണം മുടങ്ങിയിട്ട് രണ്ടാഴ്ച
കണിയാപുരം: വേനൽ കടുത്തതോടെ അണ്ടൂർക്കോണം പഞ്ചായത്തിൽ ജലവിതരണം മുടങ്ങിയിട്ട് രണ്ടാഴ്ചയിലേറെ. ശുദ്ധജലം കിട്ടാതെ രണ്ടായിരത്തോളം കുടുംബങ്ങൾ ദുരിതത്തിൽ. കരിച്ചാറ, തിരുവെള്ളൂർ, കണ്ടൽ, പായ്ചിറ, വാർഡുകളിലാണ് ശുദ്ധജലക്ഷാമം രൂക്ഷമായത്. അപ്പോളോ കോളനിയിലെ സ്ഥിതി ദയനീയമാണ്. ഇവിടെ ജനം രാവിലെ മുതൽ വൈകീട്ടുവരെ കുടിവെള്ളത്തിനായി കാത്തിരിപ്പാണ്. വേനൽമഴ ലഭിക്കാതെ വരൾച്ച നേരത്തേ ആരംഭിച്ചതു കാരണം ജല അതോറിറ്റിയുടെ ശുദ്ധജല വിതരണം നിലച്ചതാണ് ക്ഷാമത്തിന് പ്രധാന കാരണം. പലയിടത്തും കിണറുകൾ വറ്റിവരണ്ടതും പൊതു കിണറുകളിലെ ജലം ഉപയോഗശൂന്യമായതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ഉയർന്ന സ്ഥലങ്ങളിൽ വെള്ളം കിട്ടാതായിട്ട് ഒരു മാസത്തോളമാകുന്നു. പ്രാഥമികാവശ്യങ്ങൾക്കുപോലും വെള്ളം കിട്ടാതായതോടെ ജനങ്ങൾ പ്രതിഷേധമുയർത്തി. പഞ്ചായത്ത് അധികൃതർ ടാങ്കറുകളിൽ വെള്ളം എത്തിച്ചെങ്കിലും പ്രശ്നത്തിനു പരിഹാരമായില്ല. പലരും പണം കൊടുത്ത് വെള്ളം വാങ്ങുകയാണ്. 500 ലിറ്റർ വെള്ളത്തിന് 350 രൂപയാണ് വില. സാധാരണക്കാർക്ക് ഇതു താങ്ങാൻ കഴിയില്ല. കരിച്ചാറ, അപ്പോളോ, ശ്രീപാദം, തെറ്റിച്ചിറ ഉന്നതികളിലും വെള്ളമില്ല. പുതിയ ഭരണസമിതി ജലവിതരണത്തിന് ടെൻഡർ നൽകിയതുമായി ബന്ധപ്പെട്ട് വിവാദം ഉയർന്നതിനെത്തുടർന്ന് വീണ്ടും ക്വട്ടേഷൻ വിളിച്ചിരിക്കുകയാണ് പഞ്ചായത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

