ഘോഷയാത്ര അലങ്കോലപ്പെടുത്താൻ ശ്രമം; അഞ്ചംഗ സംഘത്തിലെ ഒരാൾ പിടിയിൽ
text_fieldsവർക്കല: ഇടവ പാലക്കാവ് ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര അലങ്കോലപ്പെടുത്താൻ ശ്രമിച്ച അഞ്ചംഗസംഘത്തിലെ ഒരാൾ അറസ്റ്റിൽ. പരവൂർ കോട്ടപ്പുറം കോങ്ങൽ മുഹമ്മദ് ഇല്യാസിന്റെ മൻസിലിൽ അൻസർ (36) ആണ് പിടിയിലായത്.
ശനിയാഴ്ചയാണ് പാലക്കാവ് ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠയോടനുബന്ധിച്ചുള്ള ഉത്സവം നടന്നത്. ഘോഷയാത്ര രാത്രി തിരികെ ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോഴാണ് മദ്യ ലഹരിയിലായിരുന്ന അഞ്ചുപേർ അലങ്കോലപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവരെ മാറ്റാൻ ശ്രമിച്ച പൊലീസുകാരെ കൈയേറ്റം ചെയ്യുകയും ചെയ്തു.
കൂടുതൽ പൊലീസ് സ്ഥലത്തെത്തിയാണ് ഘോഷയാത്രക്ക് ക്ഷേത്രത്തിനുള്ളിലേക്ക് കടക്കാൻ സംവിധാനമൊരുക്കിയത്. ക്ഷേത്രത്തിന് സമീപം നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പിനും ഇവർ കേടുപാടുകളുണ്ടാക്കി. കേസിലുൾപ്പെട്ട നാലുപേരെ പിടികൂടുന്നതിനായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

