മധ്യവയസ്കനെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsവർക്കല: കടംകൊടുത്ത പണം തിരികെ ചോദിച്ച മധ്യവയസ്കനെ ആക്രമിച്ച യുവാവ് അയിരൂർ പൊലീസിന്റെ പിടിയിലായി. അയിരൂർ തോണിപ്പാറ ലക്ഷംവീട് കോളനിയിൽ ഞണ്ട് ശ്യാം എന്ന ശ്യാമാണ് (25) അറസ്റ്റിലായത്. അയിരൂർ അനുഭവനിൽ സതീശനിൽനിന്ന് ശ്യാം പണം കടം വാങ്ങിയിരുന്നു. മാസങ്ങളായിട്ടും തിരികെ നൽകാത്തതിനാൽ കഴിഞ്ഞ ദിവസം നേരിൽ കണ്ടപ്പോൾ തിരികെ ചോദിച്ചു.
ഇതിൽ പ്രകോപിതനായാണ് ശ്യാം സതീശനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തത്. വെട്ടുകത്തിയുടെ പിടിഭാഗം കൊണ്ട് സതീശന്റെ കവിളിൽ ആഞ്ഞടിച്ചു. പല്ല് ഇളകിത്തെറിച്ചു. സതീശന്റെ ഇടത് കണ്ണിന്റെ ഭാഗത്തും തോളിലും ഇടിയേറ്റു. സംഭവശേഷം ശ്യം ഒളിവിൽ പോയി. സതീശന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അയിരൂർ പൊലീസ് ശ്യാമിനെ പിടികൂടിയത്. സമാനമായ മറ്റൊരു അടിപിടി കേസും ശ്യാമിനെതിരയുണ്ടെന്ന് അയിരൂർ പൊലീസ് പറഞ്ഞു. ഇയാളെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.