വലിയതുറ തീരദേശ സ്പെഷാലിറ്റി ആശുപത്രി ഇനി 24 മണിക്കൂറും പ്രവര്‍ത്തിക്കും
text_fieldsവലിയതുറ: പരാധീനതകളില്‍ വീര്‍പ്പുമുട്ടുകയായിരുന്ന തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ വലിയതുറ തീരദേശ സ്പെഷാലിറ്റി ആശുപത്രിക്ക് പുതുജീവന്‍ നല്കാന് ആന്റണി രാജു എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ തീരുമാനം.
20 മുതല്‍ 24 മണിക്കൂർ ആശുപത്രി പ്രവര്‍ത്തിക്കാനാണ് തീരുമാനം. നിലവിലെ ഡോക്ടര്‍മാര്‍ക്കുപുറമേ കൂടുതലായി രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആവശ്യമായ ജീവനക്കാരെ നിയമിക്കുമെന്ന് ആരോഗ്യവകുപ്പും ഒരു ഡോക്ടറെയും ഫാര്മസിസ്റ്റിനെയും നിയമിക്കുമെന്ന് കോര്പറേഷന് അധികൃതരും യോഗത്തില്‍ അറിയിച്ചു.
ആംബുലന്‍സ്, ജനറേറ്റര്‍, എമര്‍ജന്‍സി ബെഡ്, ഫര്‍ണിച്ചര്‍ എന്നിവ വാങ്ങുന്നതിനും രോഗികള്‍ക്ക് കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കുന്നതിനും എം.എല്‍.എ ഫണ്ടില്‍നിന്ന് 40 ലക്ഷം രൂപ അനുവദിക്കുമെന്ന് ആന്റണി രാജു പറഞ്ഞു. യോഗത്തില്‍ ഡി.എം.ഒ ഡോ. ബിന്ദു മോഹന്‍, െഡപ്യൂട്ടി ഡി.എം.ഒ ഡോ. ഷീല, കൗണ്‍സിലര്‍മാരായ ഐറിന് ദാസന്, സുധീര്‍, മിലാനി പെരേര തുടങ്ങിയവര്‍ പങ്കെടുത്തു.

