യുനൈറ്റഡ് ഇനി വേറെ ലെവൽ; ജില്ല ഫുട്ബാൾ എ ഡിവിഷനിൽ യുനൈറ്റഡ് എഫ്.സി ചാമ്പ്യന്മാർ
text_fieldsജില്ല ഫുട്ബാള്‍ ലീഗില്‍ എ ഡിവിഷൻ ചാമ്പ്യന്മാരായ യുനൈറ്റഡ് എഫ്.സി ടീം
തിരുവനന്തപുരം: കഴിഞ്ഞ ആറുവർഷമായി സ്വപ്നം കണ്ട ജില്ല ഫുട്ബാൾ ലീഗിലെ എ ഡിവിഷൻ കിരീടം എതിരാളികളെ നിലംപരിശാക്കി യുനൈറ്റഡ് എഫ്.സി നേടി. നാലുകളികളിൽ മൂന്ന് വിജയവും ഒരു സമനിലയും സ്വന്തമാക്കിയാണ് ഷിഫിൻ എന്‍ ഷായും പിള്ളേരും അടുത്ത ലെവലായ സൂപ്പർ ഡിവിഷനിലേക്ക് ടിക്കറ്റെടുത്തത്. പേരൂർക്കട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന യുനൈറ്റഡ് എഫ്.സിയെ 2004ലാണ് മുൻ ഏജീസ് ഫുട്ബാൾ താരമായിരുന്ന രാഘവൻനായരിൽനിന്ന് ഹിന്ദുസ്ഥാൻ ലാറ്റക്സിലെ മുൻ ഫുട്ബാൾ താരമായിരുന്ന ഫസിൽ റഹ്മാൻ ഷാ വാങ്ങുന്നത്.
ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ മുൻ കൺസൾട്ടന്റും ഉപദേശകനുമായ ഗബ്രിയേൽ ഇ ജോസഫ് ക്ലബിന്റെ ടെക്നിക്കൽ അഡ്വസൈറായതോടെ ക്ലബിന്റെ രൂപവും ഭാവവും മാറി. പണമില്ലാത്തതിന്റെ പേരിൽ പ്രതിഭയുള്ള ഒരു കളിക്കാരനും പരിശീലനസൗകര്യങ്ങൾ നഷ്ടപ്പെടരുതെന്ന ലക്ഷ്യവുമായി ക്ലബിന് കീഴിൽ ഫുട്ബാൾ അക്കാദമി ആരംഭിച്ചു. ഇന്ന് നാലുവയസ്സ് മുതൽ 26 വയസ്സുവരെയുള്ള 200ഓളം വിദ്യാർഥികളാണ് അക്കാദമിക്ക് കീഴിൽ പന്തുതട്ടി പഠിക്കുന്നത്. ക്ലബിന്റെ ഉടമയും ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ ബി ലൈസൻസും യൂറോപ്യൻ ഫുട്ബാൾ അസോസിയേഷൻ ബി ലൈസൻസുള്ള ഷിഫിൻ എൻ ഷായാണ് ടീമിന്റെ മുഖ്യപരിശീലകൻ.
വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷൻ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് പോളിടെക്നിക്കിലും നെടുമങ്ങാട് മുസ്ലിം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കോളജിലെയും സ്പോർട്സ് ക്വോട്ടയിൽ പ്രവേശിക്കുന്ന വിദ്യാർഥികൾക്ക് ഫുട്ബാൾ പരിശീലനം നൽകുന്നത് യുനൈറ്റഡ് എഫ്.സിയാണ്.
ഇതിനുപുറമെ കണിയാപുരം ബ്രൈറ്റ് സ്കൂളിലെ ഫുട്ബാൾ കളരിയിലും ചുക്കാൻ പിടിക്കുന്നത് യുനൈറ്റഡ് തന്നെ. അണ്ടർ 8, 10, 12, 14, 17 വിഭാഗങ്ങളിലായി ടീമുള്ള ക്ലബിന് സീനിയർവിഭാഗത്തിൽ രണ്ട് ടീമുകളാണുള്ളത്. വനിത ടീമും ഉണ്ട്. ഓരോ വിഭാഗത്തിനും പ്രത്യേക പരിശീലകരാണ്. ഈ സീസണിൽ അണ്ടർ 14 വിഭാഗത്തിൽ അഞ്ച് കിരീടങ്ങളാണ് യുനൈറ്റഡിന്റെ പിള്ളേർ അടിച്ചെടുത്തത്. ശനിയും ഞായറും യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് ടീമിന്റെ പരിശീലനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

