റിങ്റോഡ് നഷ്ടപരിഹാരം; കൈമലർത്തി കേന്ദ്ര, സംസ്ഥാന സർക്കാറുകൾ
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡിനുവേണ്ടി ഭൂമി വിട്ടുകൊടുത്തവർക്കുള്ള നഷ്ടപരിഹാര വിതരണത്തിൽ കൈമലർത്തി കേന്ദ്ര, സംസ്ഥാന സർക്കാറുകൾ.
പദ്ധതിക്ക് അനുമതി ലഭിച്ചശേഷം നഷ്ടപരിഹാരം വിതരണം ചെയ്യുമെന്നാണ് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം പറയുന്നത്. 3ഡി വിജ്ഞാപനം പ്രസിദ്ധികരിച്ച 11 വില്ലേജുകളിൽ ഭൂമി മാത്രം ഏറ്റെടുക്കുന്ന നൂറോളം പേരുടെ പട്ടിക സംസ്ഥാന റവന്യൂ വിഭാഗം ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർക്കു സമർപ്പിച്ചിട്ടുണ്ട്. എന്നാൽ, ഫണ്ട് അനുവദിക്കുന്ന മുറക്ക് നഷ്ടപരിഹാര വിതരണം ആരംഭിക്കുമെന്നാണ് റവന്യൂ വിഭാഗം പറയുന്നത്.
ആകെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള 50 ശതമാനം തുകയായ 930.41 കോടി രൂപയുടെ ബാധ്യത സംസ്ഥാനം ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ബാക്കി തുക നൽകേണ്ടത് ദേശീയപാത അതോറിറ്റിയാണ്. നഷ്ടപരിഹാര വിതരണത്തിന്റെ കാര്യത്തിൽ കേന്ദ്രവും സംസ്ഥാനവും കൃത്യമായ വിശദീകരണം പോലും നൽകുന്നില്ല.
വിഴിഞ്ഞം ഔട്ടർ റിങ് റോഡ് ചൈനീസ് മാതൃകയിൽ വികസിപ്പിക്കുന്നതിനെക്കുറിച്ച് 2023 ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ വാതോരാതെ സംസാരിച്ചതിന് ശേഷം എന്തുണ്ടായി എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. പുതിയൊരു ബജറ്റുകൂടി മന്ത്രി അവതരിപ്പിച്ചെങ്കിലും തങ്ങളിപ്പോഴും പെരുവഴിയിലാണെന്നും നാട്ടുകാർ പറയുന്നു.
കല്ലിട്ടുപോയത് മുതൽ തുടങ്ങിയതാണ് ദുരിതം -പ്രദേശവാസി
‘രണ്ടര വർഷം മുമ്പ് റവന്യൂ വകുപ്പ് പെട്ടെന്ന് വന്ന് കല്ലിട്ടുപോയത് മുതൽ തുടങ്ങിയതാണ് തങ്ങളുടെ ദുരിതമെന്ന് പ്രദേശവാസിയായ കവിത പറയുന്നു. പുതിയ ഭൂമിക്ക് പലിശക്ക് പണം കടമെടുത്ത് അഡ്വാൻസ് നൽകിയ ഒരാളാണ് കവിത. ഭർത്താവിന്റെ ചികിത്സ ആവശ്യത്തിനായി 10 സെന്റ് ഭൂമി വിൽക്കാനായി നേരത്തേ തീരുമാനിച്ചിരുന്നു. അതിനിടെയാണ് അവരുടെ വരവ്. മാർച്ചിലാണ് അവർ വന്നത് മേയോടുകൂടി പണം തരാമെന്നായിരുന്നു വാഗ്ദാനം.
അതോടെ, നേരത്തെ വിൽക്കാനുള്ള തീരുമാനം ഉപേക്ഷിച്ച് ഭൂമി റോഡിന് വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് രേഖകൾ തയാറാക്കുന്നതിൽ ശ്രദ്ധിച്ചു. ഇരട്ടി പണം അടച്ചാണ് ബാധ്യത സർട്ടിഫിക്കറ്റും മറ്റു രേഖകളും സംഘടിപ്പിച്ചത്. എല്ല രേഖകളും റവന്യു വകുപ്പിന് കൈമാറി. രണ്ട് രണ്ടര വർഷമായി പണം എപ്പോകിട്ടുമെന്നറിയാതെ ജീവിക്കുകയാണ് -കവിത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

