എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ലഹരിക്കെതിരെ കേരള പൊലീസ് നടത്തിവരുന്ന 'യോദ്ധാവ്' കാമ്പയിന്‍റെ ഭാഗമായി നഗരത്തിൽ നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിലായതായി സിറ്റി പൊലീസ് കമീഷണർ ജി. സ്പർജൻകുമാർ അറിയിച്ചു.
ബീമാപള്ളി ഈസ്റ്റ് എ.എം.ആർ.എ 27 ആറ്റരികത്ത് വീട്ടിൽ അരുൺ (25), വള്ളക്കടവ് ഫാത്തിമ മാതാ റോഡ് റാണി കോട്ടേജിൽ സജു സോണി (25) എന്നിവരെയാണ് സ്പെഷൽ ആക്ഷൻ ഗ്രൂപ് എഗൈൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈം ടീമിന്‍റെ സഹായത്തോടെ പൂന്തുറ, വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽനിന്ന് ഒമ്പത് ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
യോദ്ധാവ് കാമ്പയിന്‍റെ ഭാഗമായി ലഹരിവസ്തുക്കളുടെ വിപണനം സംബന്ധിച്ച് രഹസ്യവിവരം കൈമാറാൻ പൊലീസ് വാട്ട്സ്ആപ് നമ്പർ പ്രചരിപ്പിച്ചിരുന്നു. ഇതിൽ ലഭിച്ച സന്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി പൊലീസ് കമീഷണർ അജിത് കുമാറിന്‍റെ നിർദേശപ്രകാരം നർക്കോട്ടിക് സെൽ എ.സി.പി ഷീൻ തറയിലിന്‍റെ നേതൃത്വത്തിലുള്ള സ്പെഷൽ ടീം പ്രതികളെ നീരീക്ഷിച്ചുവരികയായിരുന്നു.
വിൽപനക്കായി ചെറു പൊതികളിലാക്കി രഹസ്യമായാണ് ഇവർ എം.ഡി.എം.എ സൂക്ഷിച്ചിരുന്നത്. പ്രതി അരുണിന്‍റെ വീട്ടിൽനിന്ന് കഞ്ചാവ് പൊതികളും പൊലീസ് കണ്ടെടുത്തു. ശംഖുംമുഖം എ.സി.പി പൃഥ്വിരാജ്, പൂന്തുറ എസ്.എച്ച്.ഒ പ്രദീപ്, എസ്.ഐ ബിനുകുമാർ, സി.പി.ഒമാരായ ബിജു, വിപിൻ, വലിയതുറ എസ്.എച്ച്.ഒ സതികുമാർ, എസ്.ഐമാരായ അഭിലാഷ്, മണിലാൽ, സി.പി.ഒ ഷിബി, സ്പെഷൽ ടീം എസ്.ഐ അരുൺ കുമാർ, എ.എസ്.ഐ സാബു, എസ്.സി.പി.ഒമാരായ സജികുമാർ, വിനോദ്, സി.പി.ഒമാരായ രഞ്ജിത്, ഷിബു, ദീപുരാജ്, രാജീവ് കുമാർ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ലഹരിവസ്തുക്കളുടെ ഉപഭോഗവും വിപണനവും ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക് യോദ്ധാവ് വാട്സ്ആപ് നമ്പറായ 999 59 66 666 ലേക്ക് രഹസ്യ വിവരങ്ങൾ കൈമാറാമെന്ന് കമീഷണർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

