Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതിരുവനന്തപുരം കോർപറേഷൻ...

തിരുവനന്തപുരം കോർപറേഷൻ ബജറ്റിൽ 'സ്ത്രീ തന്നെ ധനം'

text_fields
bookmark_border
തിരുവനന്തപുരം കോർപറേഷൻ ബജറ്റിൽ സ്ത്രീ തന്നെ ധനം
cancel
camera_alt

തിരുവനന്തപുരം നഗരസഭയുടെ 2022-2023 വർഷത്തെ ബജറ്റിന്‍റെ കരട് കോപ്പി മേയർ ആര്യ രാജേന്ദ്രന് ഡെപ്യൂട്ടി മേയർ പി.കെ. രാജു കൈമാറുന്നു

തിരുവനന്തപുരം: 'സ്ത്രീ തന്നെ ധനം' എന്ന പ്രഖ്യാപനവുമായി സ്ത്രീ സുരക്ഷക്കും പുരോഗമനത്തിനും സംരക്ഷണത്തിനും ഊന്നൽ നൽകി മേയർ ആര്യ രാജേന്ദ്രൻ നേതൃത്വം നൽകുന്ന ഭരണസമിതിയുടെ രണ്ടാം ബജറ്റ്. വീട്ടുജോലിക്കാരായ സ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ സുരക്ഷയൊരുക്കുന്നതിനും അവർക്ക് കൃത്യമായ ശമ്പളം ഉറപ്പുവരുത്തുന്നതിനും സ്ത്രീകളെ സ്വയം പ്രതിരോധത്തിന് പ്രാപ്തരാക്കുന്നതും അടക്കം വിവിധ പദ്ധതികളിലായി കോടികളാണ് ബജറ്റിൽ വകയിരുത്തിയത്. കോർപറേഷൻ പരിധിയിലെ നിർധനരായ 100 വനിതകളുടെ വിവാഹവും ഇവർക്ക് ജീവനോപാധി ലഭ്യമാക്കുന്നതിനും മംഗല്യ പദ്ധതി വഴി 10 കോടി പ്രഖ്യാപിച്ചു.

വീട്ടുജോലിക്കാരായ സ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ സുരക്ഷയൊരുക്കുന്നതിനും ബി.എസ്സി നഴ്സിങ്, ജനറൽ നഴ്സിങ് കോഴ്സുകൾ പാസായവർക്കും പാരാമെഡിക്കൽ കോഴ്സുകൾ പാസായവർക്കും മെഡിക്കൽ കോളജുകളിലും സർക്കാർ ആശുപത്രികളിലും വിവിധ ഹെൽത്ത് സെന്‍ററുകളിലും പരിശീലനം നൽകുന്നതിന് 30 ലക്ഷം വീതവും സ്ത്രീധനനിരോധനവുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നതിന് രണ്ട് ലക്ഷവും ബജറ്റിലുണ്ട്.

പെൺകുട്ടികളെ സ്വയം പ്രതിരോധത്തിന് പ്രാപ്തരാക്കുവാൻ ആയോധന പരിശീലനം ഇവരിൽ കായിക അഭിരുചി വളർത്തുന്നതിനുമായി 25 ലക്ഷം വീതവും രാത്രികാലങ്ങളിൽ നഗരത്തിലെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പൊതു ഗതാഗതസൗകര്യം ലഭ്യമല്ലാത്ത സമയങ്ങളിൽ നഗരപ്രദേശത്ത് നഗരസഭ വാഹനത്തിൽ സൗജന്യയാത്ര ഒരുക്കുന്നതിന് 35 ലക്ഷവും ബജറ്റിൽ വകയിരുത്തി. സ്ത്രീകളിലെ സ്തനാർബുദരോഗം നേരത്തേതന്നെ കണ്ടെത്തി ചികിത്സിക്കുന്നതിന് 50 ലക്ഷത്തിന്‍റെ മാമോഗ്രാം യൂനിറ്റ്, നഗരപരിധിയിൽ വനിതകൾക്ക് മാത്രമായി വനിതകൾ പരിപാലിക്കുന്ന രണ്ട് ജിമ്മുകൾ (50 ലക്ഷം), വനിത കൂട്ടായ്മകളുടെ ഉൽപന്നങ്ങൾ വിൽക്കുന്നതിനായി വാഹനം വാങ്ങുന്നതിന് ധനസഹായമായി 50 ലക്ഷവും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പോഷകാഹാര വിതരണത്തിന് അഞ്ച് കോടിയും രണ്ടാം ബജറ്റിലുണ്ട്.

വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലെത്തിച്ചേരുന്ന സ്ത്രീകൾക്കും നഗരത്തിലുള്ളവർക്കും സുരക്ഷിതമായി താമസിക്കുന്നതിന് കുറഞ്ഞ നിരക്കിൽ താമസസൗകര്യം പുതുതായി പണിതീർക്കുന്ന ഗോൾഡൻ ജൂബിലി ബിഡിങ്ങിൽ ലഭ്യമാക്കും. ഇതിന് പുറമെ ചാക്ക ജങ്ഷനിലെ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ഓഫിസിന് സമീപം 50 ലക്ഷത്തിന് ഷീ ലോഡ്ജ് നിർമിക്കും. ഐ.ടി മേഖലയിൽ തൊഴിലെടുക്കുന്ന വനിതകൾക്കും ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർഥികൾക്കും കുറഞ്ഞ ചെലവിൽ ഐ.ടി അനുബന്ധ സൗകര്യങ്ങളോടുകൂടി ഉന്നത നിലവാരത്തിലുള്ള വർക്കിങ് സ്പെയ്സ് ഗോൾഡൻ ജൂബിലി ബിൽഡിൽ സാധ്യമാക്കുമെന്നും പ്രഖ്യാപനത്തിലുണ്ട്.

കിച്ചൻ ബിൻ; വസ്തു നികുതിയിൽ 10 ശതമാനം ഇളവ്

കിച്ചൻ ബിൻ ഉപയോഗിച്ച് കോർപറേഷൻ നിർദേശിക്കുന്ന രീതിയിൽ മാലിന്യസംസ്കരണം നടത്തുന്ന വീട്ടുകാർക്ക് സർക്കാർ മാനദണ്ഡങ്ങൾക്ക് വിധേയമായി വസ്തു നികുതിയിൽ 10 ശതമാനം ഇളവ് ബജറ്റിൽ പ്രഖ്യാപിച്ചു. ജനം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളായ കരിമഠം, കല്ലടിമുഖം, രാജാജി നഗര്‍, ഹാര്‍ബര്‍, കണ്ണമ്മൂല തുടങ്ങിയ ഇടങ്ങളിലെ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കോര്‍പറേഷന്‍ ബജറ്റില്‍ പത്ത് കോടി രൂപ വകയിരുത്തി.

ഇതില്‍ പല സ്ഥലങ്ങളിലും സര്‍ക്കാര്‍ സഹായത്തോടെ ഫ്ലാറ്റുകള്‍ നിർമിച്ച് നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, വൈദ്യുതി, കുടിവെള്ളം, ഉപജീവനമാര്‍ഗം തുടങ്ങി എന്ന കാര്യങ്ങളിലും മികച്ച സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനാകും ഈ തുക വിനിയോഗിക്കുക. കൂടാതെ പ്രദേശവാസികള്‍ക്ക് കൗണ്‍സലിങ് നൈപുണ്യ പരിശീലനം നല്‍കി സാഹചര്യം മെച്ചപ്പെടുത്താനും പണം ചെലവഴിക്കും.

കണ്ണിൽ പൊടിയിട്ട വാഗ്ദാനങ്ങൾ

കാന്തള്ളൂർശാല മാതൃകയിൽ തലസ്ഥാനത്ത് വിജ്ഞാനകേന്ദ്രം സ്ഥാപിക്കുമെന്നായിരുന്നു കഴിഞ്ഞ ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങളിലൊന്ന്. പ്രാഥമിക പ്രവർത്തനങ്ങൾക്കായി 50 ലക്ഷം വകയിരുത്തിയെങ്കിലും കഴിഞ്ഞവർഷം യാതൊരു പ്രവർത്തനവും വിജ്ഞാനകേന്ദ്രത്തിനായി ഭരണസമിതിയുടെ ഭാഗത്തുന്നുണ്ടായില്ല. പുതിയ ബജറ്റിൽ ഇതിനെക്കുറിച്ച് യാതൊരു പരാമർശവുമില്ല. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഗാന്ധിപാർക്കിന്‍റെ മുൻവശം മുതൽ ചാല മാർക്കറ്റ് വരെ ഭൂഗർഭ കോംപ്ലക്സ് നിർമിക്കുന്നതിന് മൂന്ന് കോടി വകയിരുത്തിയെങ്കിലും ഇത്തവണ ഈ പ്രോജക്ടിനായി ബജറ്റിൽ ഒന്നുമില്ല.

കോവളത്ത് നഗരസഭയുടെ ടൂറിസം പദ്ധതിയായ അനന്തപുരി ടൂറിസ്റ്റ് വില്ലേജ്, നഗര ജനതയുടെ ആരോഗ്യ സുരക്ഷക്കായി അനന്തപുരി പബ്ലിക് ലാബ്, നഗരവാസികൾക്ക് ശുദ്ധമത്സ്യം ലഭ്യമാക്കുന്നതിന് അനന്തപുരി ഫിഷ് സ്റ്റാൾ, കൊതുകുകളുടെ സ്പീഷീസ് തിരിച്ചറിഞ്ഞ് നശിപ്പിക്കുന്നതിന് 40 ലക്ഷത്തിന്‍റെ പദ്ധതി. തമ്പാനൂർ, പേട്ട, കൊച്ചുവേളി എന്നിവിടങ്ങളിൽനിന്ന് മെഡിക്കൽ കോളജ്, റീജനൽ കാൻസർ സെൻറർ, ശ്രീചിത്ര മെഡിക്കൽ സെന്‍റർ എന്നിവിടങ്ങളിലേക്ക് രോഗികൾക്ക് സൗജന്യ യാത്ര തുടങ്ങി കഴിഞ്ഞ ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങളെല്ലാം ജലരേഖയായി.

ഇലക്ട്രിക് വാഹനങ്ങൾ വാടകക്ക് നൽകും

കാർബൺ ബഹിർഗമനം കുറക്കുന്നതിന് ലോ കാർബൺ അനന്തപുരി പദ്ധതിയുമായി കോർപറേഷൻ. 50 ലക്ഷമാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. സൗരോർജ പദ്ധതികൾ, സാമൂഹിക വനവത്കരണം, ഇലക്ട്രിക് വാഹനങ്ങളുടെ പ്രോത്സാഹനം, പ്ലാസ്റ്റിക് ബദൽ ഉൽപന്നങ്ങളുടെ ഉൽപാദനവും ഉപയോഗത്തിലൂടെയുമാണ് പദ്ധതി നടപ്പാക്കുക.

ഇതിന്‍റെ ഭാഗമായി നഗരത്തിലുള്ളില്‍ യാത്ര ചെയ്യാന്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ വാടകക്ക് നല്‍കാന്‍ 25 ലക്ഷത്തിന്‍റെ പദ്ധതി നടപ്പാക്കും, ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് സ്റ്റേഷനായി 30 കോടിയും ഇലക്ട്രിക് ഓട്ടോയും ഇലക്ട്രിക് സ്കൂട്ടറും വാങ്ങുന്നതിന് രണ്ട് കോടിയും പദ്ധതിയിലുണ്ട്.

പഴയ പദ്ധതികൾ പലതും പുതിയ കുപ്പിയിലായി

കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ പലതും അതേപടി ആവർത്തിച്ചും മറ്റ് ചിലത് പുതിയ കുപ്പിയിലാക്കിയുമായിരുന്നു ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനം. പാങ്ങപ്പാറ, ഫോർട്ട് ആശുപത്രികളിൽ ഡയാലിസിസ് യൂനിറ്റിന് രണ്ടുകോടി കഴിഞ്ഞ ബജറ്റിൽ അനുവദിച്ചിരുന്നു. എന്നാൽ, യാതൊരു നടപടിയും ഉണ്ടായില്ല. ഈ തുക വീണ്ടും അനുവദിച്ചിട്ടുണ്ട്. നഗരത്തിലെ അറവ് മാലിന്യസംസ്കരണത്തിന് പരിഹാരമായി കഴിഞ്ഞവർഷം 25 ലക്ഷത്തിന്‍റെ സംസ്കരണ യൂനിറ്റ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതേ പദ്ധതിക്ക് ഇത്തവണ അനുവദിച്ചിട്ടുള്ളത് 10 ലക്ഷം.

നഗരത്തിലെ വായുമലിനീകരണം നിയന്ത്രിക്കുന്നതിനും പാരമ്പരേത്യര ഊർജ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി കോർപറേഷനിലെ ജനപ്രതിനിധികൾക്ക് ഇലക്ട്രിക് സ്കൂട്ടർ വാങ്ങാനും ചാർജിങ് പോയൻറുകൾ സ്ഥാപിക്കാനുമായി കഴിഞ്ഞ ബജറ്റിൽ 1.2 കോടി അനുവദിച്ചിരുന്നു. എന്നാൽ, ജനപ്രതിനിധിക്കുപോലും ഇലക്ട്രിക് വാഹനം നൽകാനോ ചാർജിങ് പോയൻറുകൾ സ്ഥാപിക്കാനോ കോർപറേഷന് കഴിഞ്ഞില്ല. എങ്കിലും ഇത്തവണത്തെ ബജറ്റിലും ചാർജിങ് സ്റ്റേഷനുകൾക്കായി 30 ലക്ഷവും അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം 50 ലക്ഷം വകയിരുത്തി പ്രഖ്യാപിച്ച അനന്തപുരി മൊബൈൽ മെഡിക്കൽ സ്റ്റോറിന് ഇത്തവണ 60 ലക്ഷമാണ് വാഗ്ദാനം. 'നിശാഗന്ധി'യെന്ന പേരിൽ കഴിഞ്ഞവർഷം ഉറങ്ങാത്ത നഗരം പദ്ധതിക്കായി 30 ലക്ഷം അനുവദിച്ചെങ്കിലും ഒന്നും നടന്നില്ല.

ഇത്തവണ നിശാഗന്ധി അന്നപൂർണയായി. വിവിധ ഇടങ്ങളിൽ രാത്രികാല ഭക്ഷണശാല സ്ഥാപിക്കുന്നതിന് 20 ലക്ഷമാണ് പ്രഖ്യാപനത്തിലുള്ളത്. മിയോവാക്കി മാതൃകയിൽ നഗരത്തിൽ പച്ചത്തുരുത്ത് സൃഷ്ടിക്കുമെന്നായിരുന്നു കഴിഞ്ഞ ബജറ്റിലെ വാഗ്ദാനം. 15 ലക്ഷവും പ്രഖ്യാപിച്ചു. പക്ഷേ, ഒരുതുരുത്തും ഉണ്ടായില്ല. എങ്കിലും പ്രകൃതിക്കായി ഇത്തവണയും മിയോവാക്കിക്ക് ബജറ്റിൽ 15 ലക്ഷമുണ്ട്. കായിക പരിശീലനങ്ങൾക്ക് ടർഫുകൾക്കായി കഴിഞ്ഞതവണ ഒരു കോടി വകയിരുത്തിയെങ്കിലും നഗരത്തിൽ ഒരിടത്തും സ്വകാര്യ വ്യക്തികളുടെതല്ലാതെ കോർപറേഷന്‍റെതായി ടർഫുകൾ ഉയർന്നില്ല. ഇത്തവണ നഗരപരിധിയിൽ രണ്ട് ടർഫുകൾ പണിയുമെന്നാണ് വാഗ്ദാനം. ഇതിനായി 80 ലക്ഷം വകയിരുത്തിയിട്ടുണ്ട്.

പ്രതിമകൾ സ്ഥാപിക്കാൻ 1.25 കോടി

രാഷ്ട്രീയ-സാമൂഹിക സാംസ്കാരികമേഖലയിലെ പ്രമുഖരുടെ പ്രതിമ നഗരത്തിൽ സ്ഥാപിക്കുന്നതിന് 1.25 കോടിയാണ് ഇത്തവണ ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. സ്ഥലപരിമിതിമൂലം മുൻ ബജറ്റിൽ പ്രഖ്യാപിച്ചവരുടെ പ്രതിമകൾപോലും സ്ഥാപിക്കാൻ ഭരണസമിതി ബുദ്ധിമുട്ടുമ്പോഴാണ് പ്രതിമകൾക്കായി വീണ്ടും കോടികൾ നീക്കിവെച്ചിരിക്കുന്നത്.

മുൻ കേരള മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പ്രതിമ സ്ഥാപിക്കുന്നതിന് കഴിഞ്ഞ ബജറ്റിൽ 15 ലക്ഷം വകയിരുത്തിയെങ്കിലും അനുയോജ്യമായ സ്ഥലം ലഭിക്കാതെ വന്നതോടെ പ്രഖ്യാപനം ബജറ്റിൽ ഒതുങ്ങി. കവയിത്രി സുഗതകുമാരിയുടെ ഓർമക്കായി നഗരത്തിൽ സ്ത്രീ സൗഹൃദ പാർക്ക് സ്ഥാപിക്കാൻ 30 ലക്ഷവും മുൻ മുഖ്യമന്ത്രി സി. അച്യുതമേനോന്‍റെ സ്മരണക്കായി അച്യുതമേനോൻ പാർക്കിന് 15 ലക്ഷവും വകയിരുത്തിയിരുന്നെങ്കിലും ഒന്നും നടന്നില്ല.

എങ്കിലും ഇത്തവണയും ബജറ്റിൽ സി. അച്യുതമേനോൻ പാർക്കിനായി 25 ലക്ഷവും ആധുനിക സൗകര്യങ്ങളോടുകൂടിയ സ്ത്രീ സൗഹൃദ-ബാലസൗഹൃദ ഇടത്തിനായി (ദാക്ഷായണി വേലായുധൻ ജെന്‍റർ സ്പേസ്) 30 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.

മാറ്റത്തിനനുസരിച്ച് വികസനം -ആര്യ രാജേന്ദ്രൻ

''ആരോഗ്യക്ഷേമ വികസന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിക്കൊണ്ടുള്ള ജെൻഡർ ബജറ്റാണ് ഇത്തവണത്തേത്. പാരിസ്ഥിതിക സന്തുലനം ഉറപ്പാക്കിക്കൊണ്ട് എല്ലാ ജനങ്ങൾക്കും സ്വതന്ത്രമായും സന്തോഷത്തോടെയും ജീവിക്കാൻ കഴിയുന്ന സുന്ദരനഗരമാക്കി തിരുവനന്തപുരത്തെ മാറ്റാനുള്ള പുത്തൻ വികസന കാഴ്ചപ്പാടാണ് ബജറ്റിലൂടെ ഭരണസമിതി മുന്നോട്ടുവെക്കുന്നത്.

നഗരം മാറുകയാണ്. ആ മാറ്റത്തിനനുസരിച്ചുള്ള വികസന പദ്ധതികളാണ് ഇനി വേണ്ടത്. എല്ലാവരുടെയും പിന്തുണ അഭ്യർഥിക്കുന്നു.''

ബജറ്റ് പ്രഖ്യാപനങ്ങളിൽ ചിലത്

വിളപ്പിൽശാല ടൗൺഷിപ് - അഞ്ച് കോടി

ഗ്രാമവണ്ടികൾ -ഒരു കോടി

സോളാർ സിറ്റി -ആറ് കോടി

പ്ലാസ്റ്റിക് ബദൽ ഉൽപാദനങ്ങളുടെ നിർമാണവും വിപണനവും -25 ലക്ഷം

ഹരിതവീഥി -20 ലക്ഷം

എച്ച്.ഐ.വി ബാധിതർക്കുള്ള ക്ഷേമ പ്രവർത്തനങ്ങൾ -1.50 കോടി

അയൽക്കൂട്ടങ്ങൾ -50 ലക്ഷം

എല്ലാ വീട്ടിലും കുടിവെള്ളം -50 കോടി

ജല ഗുണനിലവാര നിർണയ ലാബ് -25 ലക്ഷം

കാട്ടായിക്കോണം, ചന്തവിള വാർഡുകളിൽ മിനി കുടിവെള്ള പദ്ധതി -ഒരുകോടി

കിണറുകൾ റീചാർജ് ചെയ്യൽ -50 ലക്ഷം

എല്ലാവർക്കും വീട്, സ്ഥലം വാങ്ങുന്നതിനും വീട് വെക്കുന്നതിനും -120 കോടി

അതിദരിദ്രരില്ലാത്ത നഗരം - രണ്ട് കോടി

അഗതി രഹിത കേരളം-50 ലക്ഷം

പട്ടികജാതി വിഭാഗത്തിലുള്ള വിദ്യാർഥികൾക്ക് സ്കോളർഷിപ് -1.5 കോടി

കെ ഡിസ്ക്ക് -25 ലക്ഷം

സാമൂഹിക പഠനമുറികൾ -30 ലക്ഷം

തലസ്ഥാന നഗര ചരിത്രം രചിക്കും -15 ലക്ഷം

മാനവീയം കലോത്സവം -10 ലക്ഷം

കളിസ്ഥലങ്ങൾ സജ്ജമാക്കാൻ -രണ്ട് കോടി

അനന്തപുരി ഫുട്ബാൾ ഗ്രൗണ്ട് അമ്പലത്തറ -40 ലക്ഷം

ശംഖുംമുഖം ആർട്ട് ഗ്യാലറി - ഒരു കോടി

വാട്ടർ സ്പോർട്സ് മേളകൾ -25 ലക്ഷം

മേയഴ്സ് കപ്പ് ഫുട്ബാൾ ടൂർണമെന്‍റ് -അഞ്ച് ലക്ഷം

നഗരോത്സവം -അഞ്ച് ലക്ഷം

സ്കൂളുകൾക്ക് പുതിയ മാസ്റ്റർ പ്ലാൻ തയാറാക്കൽ - 10 ലക്ഷം

ശാന്തിവിള നേമം താലൂക്കാശുപത്രിയെ അത്യാധുനിക സൗകര്യമുള്ള ആശുപത്രിയായി വികസിപ്പിക്കുന്നതിന്-രണ്ട് കോടി

നഗരപരിധിയിലെ വിവിധ സ്ഥലങ്ങളിൽ വിവിധതരം ഭക്ഷണങ്ങൾ ലഭ്യമാക്കുന്ന മനോഹരമായ ഇടം -30 ലക്ഷം

ആർദ്രം-10 കോടി 28 ലക്ഷം

ഭിന്നശേഷിക്കാർക്ക് ട്രൈ സ്കൂട്ടർ വിതരണം -1.5 കോടി

പാറയികടവ് പാലം നിർമാണം- രണ്ട് കോടി

മുടവൻമുകൾ കമ്യൂണിറ്റി ഹാൾ നവീകരണം- രണ്ട് കോടി

പൂന്തുറ കമ്യൂണിറ്റി ഹെൽത്ത് സെന്‍റർ - ഒരു കോടി

മത്സ്യം വിൽക്കുന്ന സ്ത്രീകൾക്ക് വിശ്രമകേന്ദ്രം -25 ലക്ഷം

മത്സ്യത്തൊഴിലാളികൾക്ക് ലൈഫ് ജാക്കറ്റ് വിതരണം -50 ലക്ഷം

തീരപ്രദേശത്ത് അനന്തപുരി മെഡിക്കൽ ഷോപ്പ് -30 ലക്ഷം

മത്സ്യ വിപണനത്തിന് പോർട്ടബിൾ കിയോസ്ക്ക്- 75 ലക്ഷം

തീരസമൃദ്ധി-25 ലക്ഷം

മത്സ്യത്തൊഴിലാളികൾക്ക് മത്സ്യവിപണനത്തിന് ഐസ് ബോക്സ് സഹിതം ടൂ വീലറും ഓട്ടോയും വാങ്ങുന്നതിന് ധനസഹായം -75 ലക്ഷം

മത്സ്യത്തൊഴിലാളികൾക്ക് ഫൈബർ വള്ളം വാങ്ങുന്നതിന് ധനസഹായം -50 ലക്ഷം

തീരപ്രദേശങ്ങളിൽ മത്സ്യ സംസ്കരണ വിപണന യൂനിറ്റ് സ്ഥാപിക്കും -50 ലക്ഷം

ആശ്വാസം പദ്ധതി -1.90 കോടി

അനന്തപുരി ബ്രാൻറ് ചിക്കൻ/ മീറ്റ് സ്റ്റാൾ-15 ലക്ഷം

തട്ടുകടകളുടെ ബ്രാൻറിങ് -15 ലക്ഷം

ഭിന്നശേഷിക്കാർക്ക് പെട്ടിക്കട -30 ലക്ഷം

സഞ്ചരിക്കുന്ന മാവേലി സ്റ്റോർ -25 ലക്ഷം

നഗരത്തിലെ പൈതൃക കെട്ടിടങ്ങൾ പ്രകാശിതമാക്കൽ -20 ലക്ഷം

ജനകീയ ഹോട്ടൽ- രണ്ട് കോടി

ഒന്നേകാൽ ലക്ഷം തൊഴിൽദിനങ്ങൾ സൃഷ്ടിക്കും -നാല് കോടി

വിശപ്പ് രഹിത നഗരം -രണ്ട് കോടി

കുറവൻകോണം ഷോപ്പിങ് കോംപ്ലക്സ്-50 ലക്ഷം

മണ്ണന്തല മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സ് -30 ലക്ഷം

മണ്ണാമ്മൂലയിൽ പട്ടികജാതി വിഭാഗക്കാർക്കായി സ്നേഹവീട് -അഞ്ച് കോടി

കുറഞ്ഞ ചെലവിൽ തമ്പാനൂർ, കിഴക്കേകോട്ട, മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ താമസസൗകര്യം -50 ലക്ഷം

അംഗനവാടികളിൽ സി.സി.ടി.വി നിരീക്ഷണ സംവിധാനം -50 ലക്ഷം

തോടുകൾക്കും നദികൾക്കും മധ്യേ മാലിന്യം തടയുന്നതിന് സ്ക്രീൻ സ്ഥാപിക്കലും സമയബന്ധിതമായി അവ നീക്കം ചെയ്യലും -30 ലക്ഷം

ശ്രീകാര്യം മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സ്- ഒരു കോടി

തിരുവല്ലം, ഉളളൂർ, ശ്രീകാര്യം സോണൽ ഓഫിസുകൾക്ക് പുതിയ കെട്ടിടം -1.5 കോടി

വെട്ടുകാട് വാർഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ -2 കോടി

മേയേഴ്സ് ഭവൻ - ഒരു കോടി

പൂങ്കുളം ഫ്ലാറ്റ് പുനർനിർമാണം- രണ്ട് കോടി

വഴയിലയിലെ നഗരസഭാ സ്ഥലത്ത് ഷോപ്പിങ് കോംപ്ലക്സും പെട്രോൾ പമ്പും- ഒരു കോടി

മെയിൻ ഓഫിസ് കോമ്പൗണ്ടിൽ പുതിയ ശതാബ്ദി ബിഡിങ് -രണ്ട് കോടി

മെയിൻ ഓഫിസ് കോമ്പൗണ്ടിൽ പുതിയ മൾട്ടി കോംപ്ലക്സ് ബിഡിങ് - ഒരു കോടി

ഉള്ളൂരിൽ മെഡിക്കൽ കോളജ് ആശുപത്രി, ആർ.സി.സി, ശ്രീചിത്ര എന്നിവിടങ്ങളിൽ ചികിസക്കായി എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ നിരക്കിൽ താമസ സൗകര്യം- ഒരുകോടി

തരിശുനില കൃഷി - രണ്ട് കോടി

വെറ്ററിനറി ആശുപത്രി കെട്ടിടങ്ങൾക്ക് -1.50 കോടി

വേളിയിൽ അന്താരാഷ്ട്ര നിലവാരത്തിനുള്ള അക്വേറിയം -മൂന്ന് കോടി

കയർമേഖലയുടെ ശാക്തീകരണം-25 ലക്ഷം

വിമുക്തി -20 ലക്ഷം

തെളിനീരൊഴുകും നവകേരളം- 5 കോടി

നഗര കവാടങ്ങളിൽ നഗര ചരിത്രം പ്രദർശിപ്പിക്കുന്ന കമാനങ്ങൾ സ്ഥാപിക്കുന്നതിന് -50 ലക്ഷം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trivandrum corporation budget
News Summary - Trivandrum corporation budget
Next Story