ആനവണ്ടി മുതൽ പ്രീമിയം സൂപ്പർഫാസ്റ്റ് വരെ; കെ.എസ്.ആർ.ടി.സിയുടെ ചരിത്രം കണ്ടറിയാം
text_fieldsതിരുവനന്തപുരം: ആനവണ്ടിയും പഴയ ഫാസ്റ്റും സൂപ്പറുമെല്ലാം ഇവിടെയുണ്ട്, വന്നാൽ കെ.എസ്.ആർ.ടി.സിയുടെ ചരിത്രവഴികൾ കണ്ടറിഞ്ഞ് മടങ്ങാം. കെ.എസ്.ആർ.ടി.സിയും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വാഹന പ്രദര്‍ശനമായ ട്രാന്‍സ്പോ- 2025 ലാണ് കൗതുക കാഴ്ചകൾക്ക് വേദിയാകുന്നത്. ഓര്മകളിലുള്ള ആനവണ്ടികളുടെ ചെറുരൂപങ്ങള്‍ പ്രദര്‍ശന ഗാലറിയിലുണ്ട്.
പ്രവര്‍ത്തനം മനസിലാക്കാന്‍ പകുതി തുറന്നുവെച്ച എൻജിനും ബസുകളുടെ സസ്പെന്ഷന് സംവിധാനവും ഇവിടെ കാണാം. കൂടാതെ എൻജിന്റെയും ക്ലച്ചിന്റെയും പ്രവര്‍ത്തനങ്ങളും പരിചയപ്പെടാം. മോട്ടോര്‍ വാഹനവകുപ്പിലെ സേവനങ്ങള്‍ക്ക് സാധാരണക്കാരെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ട വെര്‍ച്വൽ പി.ആർ.ഒ മാരെയും നേരിൽ കാണാം.
പണച്ചിലവില്ലാതെ വിവിധ അപേക്ഷകള്‍ സമർപ്പിക്കാന്‍ വെര്‍ച്വൽ പി.ആർ.ഒ പഠിപ്പിച്ച് തരും. കുറഞ്ഞ ചിലവില്‍ മികച്ച ഡ്രൈവിങ് പരിശീലനം നല്കുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവിങ് സ്കൂളിന്റെ വിശാദംശങ്ങളും ഇവിടെയുണ്ട്. സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിങ്ങിൽ ഒരു കൈ നോക്കാം.
വാഹന പ്രേമികൾക്ക് പുത്തൻ സാങ്കേതിക വിദ്യകളും വാഹനങ്ങളുടെ സവിശേഷതകളും അടുത്തറിയാനുള്ള അവസരമാണ് എക്സ്പോ ഒരുക്കുന്നത്. കാർ, ബൈക്ക്, ബസ്, ട്രക്ക് തുടങ്ങിയ വാഹനങ്ങളും ഭാവിയിലെ ഗതാഗത സാങ്കേതിക വിദ്യകളും പ്രദർശിപ്പിച്ചിട്ടുണ്ട്. സന്ദർശകർക്ക് വാഹനങ്ങൾ നേരിട്ട് കാണാനും സവിശേഷതകൾ മനസ്സിലാക്കാനും ടെസ്റ്റ് ഡ്രൈവ് നടത്താനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ആനവണ്ടിയുടെ ഡ്രൈവിങ് സീറ്റില്‍ ഇരിക്കാന്‍ മോഹമുണ്ടെങ്കില്‍ അതും സാധിക്കാം. ഫോട്ടോ എടുക്കാന്‍ പുതിയ ബസിന്റെ മാതൃക സജ്ജമാണ്. പുത്തന്‍ കെ.എസ്.ആർ.ടി.സി ബസുകളാണ് മറ്റൊരു ആകര്‍ഷണം. വോള്‍വോ സെമിസ്ലീപ്പര്‍ മുതല്‍ മിനി ബസുകള്‍വരെ കനകക്കുന്നിലെ വിവിധ സ്ഥലങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. എ.സി ഓണാക്കി നിര്‍ത്തിയിട്ടിരിക്കുന്ന വോള്‍വോ ബസുകളിലെ സീറ്റുകളിലിരുന്ന് ചിത്രമെടുക്കാം.
പഴയ ബെന്‍സ് കാറുകളുടെ വിപുലമായ ശേഖരവും ഇവിടെയുണ്ട്. ബിവൈഡിയും റേഞ്ച് റോവറും തുടങ്ങിയ ആഡംബര വാഹനങ്ങളും പരിചയപ്പെടാം. ഇ -വാഹനങ്ങള്‍ക്ക് പ്രത്യേക വേദിയുണ്ട്. എക്സ്പോയിൽ മൂന്ന് ദിവസങ്ങളിലായി കലാസാംസ്കാരിക പരിപാടികളും വിനോദ വിജ്ഞാന പരിപാടികളും നടക്കും.
പ്രദര്‍ശന വേദിയിലേക്ക് സൗജന്യ ബസ് യാത്രയും ഒരുക്കിയിട്ടുണ്ട്. കാറുകളില്‍ എത്തുന്നവര്‍ക്ക് വികാസ് ഭവന് ഡിപ്പോയില്‍ വാഹനം നിര്‍ത്തിയിടാം. സിറ്റി സര്‍ക്കുലര്‍ ഇ ബസില്‍ കനകക്കുന്നില്‍ എത്താം. പ്രദർശനം 24 ന് സമാപിക്കും.
പ്രതിസന്ധിയിൽ വലഞ്ഞ കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ക്ക് ആഘോഷവേദിയായി ട്രാന്‍സ്പോ മാറിയിട്ടുണ്ട്. വെള്ളിയാഴ്ച ഉദ്ഘാടനത്തിന് മുന്നോടിയായി കവടിയാറില്‍ നിന്നും വിളംബര ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു. പരമ്പരാഗത കേരള വേഷംധരിച്ച് ചെണ്ടമേളത്തിന്റയും മറ്റു വാദ്യഘോഷങ്ങളുടെയും അകമ്പടിയില്‍ ജീവനക്കാര്‍ അണിനിരന്നു. വെള്ളിയാഴ്ച ജീവനക്കാരുടെ കലാപരിപാടികളും അരങ്ങേറി. സാധാരണ ഓണക്കാലത്ത് ശമ്പളത്തെ കുറിച്ചാണ് ചർച്ചകളെങ്കിൽ ഇക്കുറി ജീവനക്കാരും ആഘോഷ നിറവിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

