വെള്ള നിറത്തിൽ മലക്കം മറിച്ചിൽ; ടൂറിസ്റ്റ് ബസുകൾ വീണ്ടും കളർഫുൾ ആകും; അജണ്ട ഇന്ന് എസ്.ടി.എ യോഗത്തിൽ
text_fieldsതിരുവനന്തപുരം: വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് (കോൺട്രാക്ട് ക്യാരേജ്) കർശനമാക്കിയ ഏകീകൃത വെള്ളനിറം പിൻവലിക്കാൻ നീക്കം. നിലവിലെ കളർ കോഡ് വിനോദ സഞ്ചാരമേഖലയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് തീരുമാനം പുനഃപരിശോധിക്കുന്നത്.
തിങ്കളാഴ്ച ചേരുന്ന സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ടി.എ) യോഗത്തിൽ സർക്കാറിന്റെ ഔദ്യോഗിക അജണ്ടയായാണ് വിഷയം പരിഗണിക്കുന്നത്. സാധാരണ ഔദ്യോഗിക അജണ്ടകൾ പാസാക്കപ്പെടുമെന്നാണ് കീഴ്വഴക്കം. ഫലത്തിൽ അജണ്ടയിൽ ഔദ്യോഗിക ഇനമായി ഇടംപിടിച്ചു എന്നത് തന്നെ തീരുമാനത്തിന് സമാനമാണ്.
അഞ്ച് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഒമ്പത് ജീവനുകള്‍ നഷ്ടമായ 2022 ഒക്ടോബറിലെ വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ള നിറം നിര്‍ബന്ധമാക്കിയത്. ബസുകളുടെ ബോഡിയിൽ സിനിമ താരങ്ങളുടെയും കായിക താരങ്ങളുടെയും വന്യമൃഗങ്ങളുടെയും ഭീമാകാരമായ ചിത്രങ്ങളും ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്ന തരത്തിലുള്ള അമിത നിറക്കൂട്ടുകളും ഉപയോഗിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. ബസുകളുടെ ബോഡിയിലും ഗ്ലാസുകളിലും സിനിമ താരങ്ങളുടെ ചിത്രങ്ങളോ എഴുത്തുകളോ പ്രദർശിപ്പിക്കാൻ പാടില്ലെന്ന 2019 ലെ ഹൈകോടതി വിധിയും പ്രേരണയായി. മറ്റു ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും ശ്രദ്ധയില്പെടുമെന്നതുകൊണ്ടാണ് വെള്ളനിറം തെരഞ്ഞെടുത്തത്. റോഡ് സുരക്ഷ കണക്കിലെടുത്ത് നിരവധി വിദേശരാജ്യങ്ങള്‍ പൊതുവാഹനങ്ങള്‍ക്ക് വെള്ള നിറം നിര്‍ബന്ധമാക്കിയതും നിറം മാറ്റത്തിന് കാരണമായി. എന്നാൽ ടൂറിസ്റ്റ് ബസ് ഉടമകളുടെ ആവശ്യം പരിഗണിച്ചാണ് ഇപ്പോൾ യാതൊരു പഠനവും നടത്താതെ മോട്ടോര്‍വാഹനവകുപ്പ് ഔദ്യോഗിക അജണ്ടയായി വിഷയം പരിഗണിക്കുന്നത്. മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരുടെയോ യാത്രക്കാരുടെയോ ശ്രദ്ധ തിരിക്കാത്ത വിധത്തിൽ ഒറ്റ നിറമോ അല്ലെങ്കിൽ ഒന്നിലധികം നിറങ്ങളുടെ സംയോജനമോ വാഹനങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കുമെന്നാണ് അജണ്ടയിൽ നിന്ന് മനസ്സിലാകുന്നത്. എന്നാൽ, സിനിമ താരങ്ങളുടെ ഭീമാകാരമായ ചിത്രങ്ങൾ, സ്റ്റിക്കറുകൾ, എഴുത്തുകൾ എന്നിവ വാഹനത്തിന്റെ ബോഡിയിലോ ഗ്ലാസ്സിലോ പ്രദർശിപ്പിക്കുന്നത് കർശനമായി നിരോധിക്കും. വാഹനത്തിന്റെ പേര് മുൻവശത്ത് മുകളിൽ സാധാരണ ഫോണ്ടിൽ 12 ഇഞ്ചിൽ കവിയാത്ത വലിപ്പത്തിൽ വെള്ള നിറത്തിൽ തന്നെ എഴുതണമെന്നും അജണ്ടയിലെ വിശദീകരണക്കുറിപ്പിലുണ്ട്.
2024 ജൂലൈയിലും വെള്ള നിറം ഒഴിവാക്കാന്‍ നീക്കമുണ്ടായിരുന്നെങ്കിലും വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെ തുടര്‍ന്ന് വിവാദ അജണ്ട അന്നത്തെ എസ്.ടി.എ പരിഗണിച്ചില്ല. മാറ്റിവച്ച അജണ്ട ഈ സര്‍ക്കാരിന്റെ അവസാനത്തെ എസ്.ടി.എ യോഗത്തിലാണ് വീണ്ടും പരിഗണയ്ക്ക് എത്തുന്നത്. ബസ് ഉടമകളുടെ ആവശ്യപ്രകാരമാണ് നീക്കമെങ്കിലും നിലവിലെ നിറം മാറ്റുന്നതിന് ഒരു ലക്ഷം രൂപയിലേറെ ചെലവാണ്. അതിനാല്‍ ഒരു വിഭാഗം ബസ് ഉടമകള്‍ നിറം മാറ്റത്തെ എതിര്‍ക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

