Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബോട്ട് മറിഞ്ഞ്...

ബോട്ട് മറിഞ്ഞ് ദുരന്തം: സാമ്പ്രാണിക്കോടിക്ക് പൂട്ട്

text_fields
bookmark_border
ബോട്ട് മറിഞ്ഞ് ദുരന്തം: സാമ്പ്രാണിക്കോടിക്ക് പൂട്ട്
cancel

അഞ്ചാലുംമൂട്: സാമ്പ്രാണിക്കോടി തുരുത്തില്‍ കച്ചവടം നടത്തി മടങ്ങിയ വീട്ടമ്മ വള്ളംമറിഞ്ഞ് മരിച്ച സാഹചര്യത്തില്‍ മേഖലയിലെ വിനോദസഞ്ചാര പ്രവർത്തനങ്ങൾക്ക് താൽക്കാലിക പൂട്ടിട്ട് ജില്ല ഭരണകൂടവും ഡി.ടി.പി.സിയും. ഇനിയൊരറിയിപ്പുണ്ടാകുംവരെ സാമ്പ്രാണിക്കോടിയിലേക്കുള്ള ബോട്ട് സര്‍വിസുകൾ നിരോധിച്ചു. ഉത്തരവ് ലംഘിച്ച് സ്വകാര്യ ബോട്ടുകള്‍ യാത്രക്കാരെ കൊണ്ടുപോകുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ അഞ്ചാലുംമൂട് പൊലീസ് സ്ഥലത്തുണ്ടാകും. നിരോധനം ഏര്‍പ്പെടുത്തിയത് പെരുന്നാള്‍ ആഘോഷിക്കാന്‍ എത്താനിരുന്ന വിനോദസഞ്ചാരികള്‍ക്ക് തിരിച്ചടിയായി.

അപകടത്തിന്‍റെ സാഹചര്യത്തില്‍ സാമ്പ്രാണിക്കോടി തുരുത്തില്‍ വരുത്തേണ്ട നിയന്ത്രണങ്ങളെക്കുറിച്ച് രണ്ടു ദിവസത്തിനുള്ളില്‍ കലക്ടറുടെ ചേംബറില്‍ അടിയന്തര യോഗം ചേരും. ടൂറിസം വകുപ്പ് ഇന്‍ലാൻഡ് ആൻഡ് നാവിഗേഷന്‍ വകുപ്പ്, പോര്‍ട്ട്, ഡി.ടി.പി.സി, ജനപ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് യോഗം ചേരുക.

ദിനംപ്രതി ജനത്തിരക്കേറിവരുന്ന സാമ്പ്രാണിക്കോടി തുരുത്ത് എത്രനാള്‍ നിലനില്‍ക്കുമെന്ന കാര്യത്തില്‍ നിയമസഭാ പരിസ്ഥിതിസമിതി അംഗങ്ങള്‍ ആശങ്കയറിയിച്ചിരുന്നു. തുരുത്ത് സര്‍ക്കാറിന്‍റെ നിയന്ത്രണത്തിലാക്കണം, നിലവിലെ കടകള്‍ നീക്കം ചെയ്യണം, ഭക്ഷണവും കുടിവെള്ളവും തുരുത്തിലേക്ക് കൊണ്ടുപോകുന്നത് ഒഴിവാക്കണം തുടങ്ങിയ നിർദേശങ്ങൾ സമിതി മുന്നോട്ടുവെച്ചിരുന്നു. തുരുത്തില്‍ പ്ലാസ്റ്റിക് നിരോധിച്ച് കലക്ടര്‍ ഉത്തരവിറക്കിയെങ്കിലും പ്ലാസ്റ്റിക്കിന് കുറവില്ല. തുരുത്ത് മനുഷ്യനിർമിതമാണെന്നും ഡ്രെഡ്ജിങ് ചെയ്ത മണ്ണുറച്ചാണ് തുരുത്തുണ്ടായതെന്നും കനത്ത മഴയോ പ്രളയമോ ഉണ്ടായാല്‍ തുരുത്ത് മുങ്ങാൻ സാഹചര്യമുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം തുരുത്തുകള്‍ ഉണ്ടാകുന്നതുമൂലം കായലിന്‍റെ സ്വാഭാവിക ഒഴുക്ക് നഷ്ടപ്പെടുമെന്നും ഇതു പിന്നീട് ദോഷകരമായി ഭവിക്കുമെന്നും അഭിപ്രായമുണ്ട്. പ്ലാസ്റ്റിക്കിന്‍റെ അതിപ്രസരമാണ് തുരുത്തിലെ മറ്റൊരു വെല്ലുവിളി. പേരിന് നിരോധനമുണ്ടെങ്കിലും പ്രവൃത്തിയില്‍ കച്ചവടക്കാര്‍ ഉള്‍പ്പെടെ വിലകൽപിക്കുന്നില്ല. അനധികൃത കച്ചവടം തടയാന്‍ പൊലീസ് പരിശോധന നടത്തുമ്പോള്‍ അപ്രത്യക്ഷരാകുന്ന കച്ചവടക്കാര്‍ പിന്നീട് പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തും. 31.43 ഹെക്ടറോളം കായല്‍ കൈയേറ്റം കണ്ടെത്തിയെന്ന റിപ്പോര്‍ട്ട് ഡെപ്യൂട്ടി കലക്ടര്‍ ബി. ജയശ്രീ നിയമസഭ സമിതിക്ക് കൈമാറിയിരുന്നു.

സ്വകാര്യ ബോട്ടുകാരുടെ ആധിപത്യം

സാമ്പ്രാണിക്കോടി തുരുത്ത് കാണാനെത്തുന്നവരുടെ തിരക്ക് വർധിച്ചതോടെ സ്വകാര്യ ബോട്ടുടമകള്‍ക്ക് ചാകരയാണ്. തുടക്കത്തില്‍ സാമ്പ്രാണിക്കോടിയില്‍നിന്നുള്ള ബോട്ടുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ മറ്റു കരകളില്‍നിന്നും സ്വകാര്യ ബോട്ടുകള്‍ സര്‍വിസ് നടത്തുന്നുണ്ട്. മറ്റു കരകളില്‍നിന്ന് എത്തുന്ന ബോട്ടുകള്‍ സാമ്പ്രാണിക്കോടി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബോട്ടുടമകള്‍ തടയുന്നത് പലപ്പോഴും വാക്കേറ്റത്തിലും സംഘര്‍ഷത്തിലും കലാശിക്കുക പതിവാണ്. സ്വകാര്യ ബോട്ടുകളുടെ കൊള്ള തടയാൻ ഡി.ടി.പി.സി ബോട്ട് സര്‍വിസ് ആരംഭിച്ചു. ഈ ബോട്ടിലേക്ക് സഞ്ചാരികളെത്താതിരിക്കാനുള്ള നീക്കങ്ങൾ സ്വകാര്യ ബോട്ടുടമകള്‍ നടത്തുന്നെന്ന് ആക്ഷേപമുണ്ട്. അഷ്ടമുടിക്കായലിലൂടെ സഞ്ചരിക്കുന്ന പുരവഞ്ചികളില്‍ മിക്കതിനും ലൈസന്‍സില്ലെന്നും അവ മാലിന്യം കായലില്‍ ഒഴുക്കുകയാണെന്നും ടൂറിസം അധികൃതര്‍തന്നെ പറയുന്നു.

ബോട്ടുകളില്‍ അറ്റകുറ്റപ്പണിക്കുശേഷം തെര്‍മോകോള്‍ പോലുള്ളവ കായലില്‍ തള്ളുന്ന യാര്‍ഡുകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഫിഷറീസ് വകുപ്പ് അധികൃതർ നിര്‍ദേശം നല്‍കിയിരുന്നു. ജില്ലയില്‍ 48 യാര്‍ഡുകള്‍ രജിസ്ട്രേഷനില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

നടപടി കടുപ്പിക്കും

ടൂറിസം വരുമാനത്തെക്കാള്‍ വലുതാണ് മനുഷ്യജീവന്‍. ഇനിയൊരു ദുരന്തം ഉണ്ടാകാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ കൂടിയാകും കലക്ടറുമായുള്ള യോഗത്തില്‍ ചര്‍ച്ച ചെയ്യുക. ഡി.ടി.പി.സി ബോട്ടുകളിലേക്ക് പോകുന്നവരെ സ്വകാര്യ ബോട്ടുകള്‍ തടയുന്ന അവസ്ഥ ഉണ്ടായിരുന്നു. അക്കരെനിന്ന് വരുന്ന ബോട്ടുകളെ തടയുക ഇതുമൂലം സംഘര്‍ഷങ്ങളുണ്ടായിരുന്നു. അനധികൃത കടകള്‍ക്ക് മൂന്ന് തവണയിലേറെ അറിയിപ്പ് നല്‍കിയിരുന്നതാണ്. എന്നിട്ടും അവര്‍ നിയമലംഘനം തുടരുകയാണ്. ഇതെല്ലാം കലക്‌റുടെ യോഗത്തില്‍ ചര്‍ച്ച ചെയും. പ്ലാസ്റ്റിക് നിരോധനം, അനധികൃത കച്ചവടം എന്നിവക്കെതിരെ നടപടികള്‍ കടുപ്പിക്കും.

സാമ്പ്രാണിക്കോടിയിലെത്തുന്നവര്‍ക്ക് വസ്ത്രം മാറാൻ സൗകര്യമൊരുക്കാൻ ഒരുകോടി രൂപചെലവിലുള്ള പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. കരട് പദ്ധതിയിൽ ടൂറിസം വകുപ്പ് നിര്‍ദേശിച്ച മാറ്റങ്ങൾ വരുത്തുന്നതിലെ കാലതാമസമാണ് വൈകാന്‍ കാരണം.

-ഡോ. രമ്യ ആർ. കുമാർ,

ഡി.ടി.പി.സി സെക്രട്ടറി

ഡി.ടി.പി.സിയെയും സര്‍ക്കാറിനെയും കുറ്റപ്പെടുത്തി പഞ്ചായത്ത്

സാമ്പ്രാണിക്കോടിയില്‍ അടിസ്ഥാന സൗകര്യങ്ങളും കാണാനെത്തുന്നവര്‍ക്ക് വസ്ത്രം മാറാനും വിശ്രമിക്കാനുമുള്ള സൗകര്യങ്ങളും ഒരുക്കാത്തതില്‍ വിമര്‍ശനവുമായി തൃക്കരുവ ഗ്രാമപഞ്ചായത്ത്. തുരുത്തിലെത്തുന്നവരുടെ എണ്ണം വർധിച്ചിട്ടും അടിസ്ഥാന സൗകര്യം ഒരുക്കാത്തത് ഡി.ടി.പി.സിയുടെയും സര്‍ക്കാറിന്‍റെയുംഅനാസ്ഥ മൂലമാണെന്ന് പ്രസിഡന്‍റ് സരസ്വതി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി. ഡി.ടി.പി.സി അടിസ്ഥാനസൗകര്യം ഒരുക്കിയില്ലെങ്കില്‍ ടേക്ക് എ ബ്രേക്ക് പദ്ധതിയിലുള്‍പ്പെടുത്തി പഞ്ചായത്ത് തുരുത്തിലെത്തുന്നവര്‍ക്ക് സൗകര്യമൊരുക്കുമെന്ന് അവര്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tourisam
News Summary - Tourisam place closed
Next Story