സ്വര്‍ണം കവര്‍ന്ന കേസ്: മൂന്നുപേര്‍കൂടി പിടിയില്‍
text_fieldsപിടിയിലായ പ്രതികൾ
കുളത്തൂപ്പുഴ: വിദേശത്തുനിന്ന് നാട്ടിലെത്തിച്ച് വില്‍പനക്ക് ശ്രമിക്കവെ ഭീഷണിപ്പെടുത്തി തൃശൂര്‍ സ്വദേശിയില്‍ നിന്നും 600 ഗ്രാംസ്വര്‍ണവും 32 ലക്ഷം രൂപയും ഉള്‍പ്പടെ ഒരു കോടി രൂപയുടെ കവര്‍ച്ച നടത്തിയ കേസില്‍ മൂന്നുപേര്‍ കൂടി കുളത്തൂപ്പുഴ പൊലീസിന്‍റെ പിടിയിലായി.
തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടാ ക്വട്ടേഷന്‍ സംഘാംഗങ്ങളായ തിരുവനന്തപുരം, ടി.സി 35/522-ല്‍ ഷാജഹാന്‍ (43), ചെറിയതുറ പുതുവല്‍ പുരയിടത്തില്‍ മനോജ്(43), വെളളായണി കുഴൂര്‍ കുന്തടംവിള വീട്ടില്‍ വേണു (49) എന്നിവരെയാണ് കഴിഞ്ഞ ദിവസം വാളയാറില്‍വെച്ച് അറസ്റ്റ് ചെയ്തത്. കേസില്‍ കുളത്തൂപ്പുഴ സ്വദേശികളായ സഹോദരങ്ങള്‍ ഉള്‍പ്പടെ നാലുപേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.
ഇവരില്‍നിന്നാണ് ക്വട്ടേഷന്‍ ഏറ്റെടുത്ത മൂവര്‍സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. ഇതോടെ ആദ്യം പിടിയിലായ കുളത്തൂപ്പുഴ മൈലമൂട് സ്വദേശികളായ സുബിന്‍ ബാബു, സഹോദരന്‍ അരുണ്‍ ബാബു, തിരുവനന്തപുരം ആട്ടക്കുളങ്ങര സ്വദേശി ഷഫീക്, മുട്ടത്തറ സ്വദേശി അരുണ്‍കുമാര്‍ എന്നിവരുടെ അറസ്റ്റും റിമാന്‍ഡും രഹസ്യമാക്കി വെച്ച പൊലീസ് കൂട്ടുപ്രതികളുടെ മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. പ്രതികള്‍ കാറില്‍ തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതായി മനസിലാക്കിയ പൊലീസ് അതിര്‍ത്തി സ്റ്റേഷനുകളിലും ചെക്ക് പോസ്റ്റുകളിലും അറിയിപ്പ് നല്‍കി.
പ്രതികളുടെ വാഹനത്തെ പിന്തുടര്‍ന്ന് വാളയാര്‍ പൊലീസിന്‍റെ സഹായത്തോടെയാണ് മൂവരെയും പിടികൂടിയത്. ശേഷം കുളത്തുപ്പുഴയില്‍ എത്തിച്ച പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതിനിടെ പ്രതികളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ പാഞ്ഞടുത്ത പ്രതികള്‍ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഒക്ടോബര്‍ 31ന് രാത്രിയിലാണ് കവര്‍ച്ച നടന്നത്. തൃശൂര്‍ മുള്ളൂര്‍ക്കര സ്വദേശിയായ റഷീജ് വിദേശത്തുനിന്നും നെടുമ്പാശ്ശേരി വിമാനത്താവളം വഴി ബൈനോക്കുലറില്‍ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന 900 ഗ്രാം സ്വര്‍ണം വില്‍പന നടത്തിക്കൊടുക്കാന്‍ പ്രവാസി സുഹൃത്തായ സുബിന്‍ ബാബുവിനോട് ആവശ്യപ്പെടുകയായിരുന്നു.
മൈലമൂട് സ്വദേശിയായ സുബിന്‍ ബാബുവിന്‍റെ ഉറപ്പിന്മേല്‍ ഇയാളുടെ വീട്ടിലെത്തിയ റസീജ് ഇയാളുടെ സഹായത്തോടെ കൈയിലുണ്ടായിരുന്ന സ്വര്‍ണത്തില്‍ 300 ഗ്രാം കടയ്ക്കലിലെ ജൂവലറിയില്‍ വില്‍പ്പന നടത്തി. സ്വർണം വിറ്റ തുകയും ബാക്കി സ്വര്‍ണവുമായി തിരികെ മൈലമൂട്ടിലെ വീട്ടിലെത്തിയ റസീജിനെ രാത്രിയോടെ സുബിന്‍ബാബു ക്വട്ടേഷന്‍ നല്‍കിയ സംഘം വീട്ടില്‍ കടന്ന് ഭീഷണിപ്പെടുത്തി കെട്ടിയിട്ടാണ് സ്വര്‍ണവും പണവും കവർന്നത്. സംഭവത്തില്‍ മുഖ്യ ആസൂത്രകനായ മൈലമൂട് സ്വദേശി ഷമീര്‍ വിദേശത്തേക്ക് കടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

