പാഠപുസ്തകം തയാറാക്കിയവർക്ക് എട്ട് കോടി കുടിശ്ശിക; അധ്യാപകർ സമരത്തിലേക്ക്
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സ്കൂൾ പാഠപുസ്തക പരിഷ്കരണ നടപടികൾ പൂർത്തിയാക്കിയതിൽ മേനിനടിക്കുമ്പോഴും അതിനായി വിയർപ്പൊഴുക്കിയവർക്ക് പ്രതിഫലം നൽകാതെ വിദ്യാഭ്യാസ വകുപ്പ്. രണ്ട് ഘട്ടങ്ങളിലായി നടത്തിയ പാഠപുസ്തക പരിഷ്കരണത്തിൽ പങ്കെടുത്ത 800ഓളം അധ്യാപകർക്ക് എട്ട് കോടിയോളം രൂപയാണ് കുടിശ്ശിക. മാസങ്ങൾ കാത്തിരുന്നിട്ടും പ്രതിഫലം നൽകാത്ത സാഹചര്യത്തിൽ അധ്യാപകർ കൂട്ടായ്മ രൂപവത്കരിച്ച് പ്രത്യക്ഷ സമരത്തിനിറങ്ങാൻ തീരുമാനിച്ചു.
പുസ്തകരചന നടത്തിയ അധ്യാപകർ, വിഷയ വിദഗ്ധർ, പാഠപുസ്തക കമ്മിറ്റി ചെയർമാൻ എന്നിവർക്കാണ് പണം നൽകാത്തത്. സ്വന്തം പോക്കറ്റിൽനിന്ന് പണം മുടക്കി പലതവണ യാത്ര ചെയ്തെത്തിയാണ് ഇവർ പാഠപുസ്തകം തയാറാക്കുന്നതിനുള്ള ശിൽപശാലകളിലുൾപ്പെടെ പങ്കെടുത്തത്. ഇവർതന്നെയാണ് അധ്യാപകർക്കായുള്ള കൈപ്പുസ്തകം, അധ്യാപക പരിശീലനത്തിനുള്ള മൊഡ്യൂൾ എന്നിവയും തയാറാക്കിയത്. ഓരോ അധ്യാപകർക്കും ലക്ഷത്തിൽ പരം രൂപ കുടിശ്ശികയായതോടെ ഇപ്പോൾ നടന്നുവരുന്ന അധ്യാപക പരിശീലനത്തിന് കൈപ്പുസ്തകം തയാറാക്കുന്നതിൽ ഭൂരിഭാഗംപേരും നിസ്സഹകരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
പ്രതിഫലം നൽകാനുള്ള ഫയൽ ധനവകുപ്പിന് കൈമാറിയെങ്കിലും ഫണ്ട് ലഭിച്ചില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നത്. യഥാസമയം ഫണ്ട് വാങ്ങിയെടുക്കുന്നതിലും അനുവദിച്ച ഫണ്ടിന്റെ വരവുചെലവ് കണക്കും വിനിയോഗ സർട്ടിഫിക്കറ്റും ധനവകുപ്പിന് നൽകുന്നതിലും എസ്.സി.ഇ.ആർ.ടി വരുത്തിയ വീഴ്ചയാണ് തുക അനുവദിക്കുന്നതിൽ തടസ്സമെന്ന് പുസ്തക രചനയിൽ പങ്കെടുത്ത അധ്യാപകർ പറയുന്നത്.
അധ്യാപക പരിശീലനത്തിനുള്ള മൊഡ്യൂൾ നിർമാണവും തുടർപ്രവർത്തനങ്ങളും നിർത്തിവെക്കുമെന്ന് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് കുടിശ്ശിക ഘട്ടംഘട്ടമായി നൽകുമെന്ന് എസ്.സി.ഇ.ആർ.ടി ഡയറക്ടർ കഴിഞ്ഞ ഏപ്രിലിൽ ഉറപ്പുനൽകിയിരുന്നു. അഞ്ചുമാസമായിട്ടും പാലിച്ചില്ല. ഈ സാഹചര്യത്തിലാണ് പാഠപുസ്തക രചനയിൽ പങ്കെടുത്ത അധ്യാപകർ സമര, നിയമനടപടികളിലേക്ക് പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

