കേരളത്തിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹബ്ബാക്കി തലസ്ഥാനത്തെ മാറ്റും -മുഖ്യമന്ത്രി
text_fieldsസംസ്ഥാനത്തെ 2000 ഹൈസ്കൂളുകളിലെ ലിറ്റിൽ കൈറ്റ് യൂനിറ്റുകളിലൂടെ വിന്യസിക്കുന്ന 9000 റോബോട്ടിക് കിറ്റുകളുടെ പ്രവർത്തനോദ്ഘാടനം നിർഹിച്ചശേഷം കുട്ടികൾ തയാറാക്കിയ ഓട്ടോമാറ്റിക് വേസ്റ്റ് ബാസ്കറ്റിന്റെ പ്രവർത്തനം വീക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി വി. ശിവൻകുട്ടി, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് എന്നിവർ സമീപം
തിരുവനന്തപുരം: സംസ്ഥാനത്തെ 12 ലക്ഷം വിദ്യാർഥികൾക്ക് നൂതന സാങ്കേതികവിദ്യകളിൽ പ്രായോഗിക പരിശീലനം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ 2000 ഹൈസ്കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് യൂനിറ്റുകളിലൂടെ വിന്യസിക്കുന്ന 9000 റോബോട്ടിക് കിറ്റുകളുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
റോബോട്ടിക് യൂനിറ്റുകളിലൂടെ പുത്തൻ സാങ്കേതിക മേഖലകളിൽ പ്രായോഗിക പരിശീലനത്തിന് വിദ്യാർഥികൾക്ക് അവസരം ലഭിക്കും. പദ്ധതി നടപ്പാക്കാൻ അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും. ഇവർ 60,000 കുട്ടികൾക്ക് നേരിട്ട് പരിശീലനം നൽകും. പരിശീലനം നേടുന്ന കുട്ടികൾ മറ്റു കുട്ടികളെ പരിശീലിപ്പിക്കും. അങ്ങനെ ആകെ 12 ലക്ഷത്തോളം കുട്ടികൾക്ക് പരിശീലനം ലഭിക്കും.
കേരളത്തിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹബ്ബാക്കി തിരുവനന്തപുരത്തെ മാറ്റാനുള്ള പദ്ധതി സർക്കാർ ആവിഷ്കരിക്കുകയാണ്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും സ്റ്റാർട്ട്അപ് മിഷന്റെയും നേതൃത്വത്തിൽ വിപുലമായ പദ്ധതികളാണ് നടപ്പാക്കുക. വിദ്യാർഥികൾക്കിടയിൽ നൂതന ആശയ സംസ്കാരം വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം സംസ്ഥാനത്ത് മികച്ച രീതിയിൽ നടക്കുന്നു. 2018ൽ ആരംഭിച്ച പദ്ധതിയിലൂടെ 17 പേരുടെ നൂതന ആശയങ്ങളെ വിപണി സാധ്യതയുള്ള ഉൽപന്നങ്ങളാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായി. മന്ത്രി കെ.എൻ. ബാലഗോപാൽ, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു, കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

