വെള്ളക്കരം കുടിശ്ശിക; കോർപറേഷനുകളിൽ മുന്നിൽ തിരുവനന്തപുരം
text_fieldsതിരുവനന്തപുരം കോർപ്പറേഷൻ
തിരുവനന്തപുരം: മുനിസിപ്പൽ കോർപറേഷനുകളിൽനിന്ന് ജല അതോറിറ്റിക്ക് കൂടുതൽ പണം കിട്ടാനുള്ളത് തിരുവനന്തപുരത്തുനിന്ന്. ജൂലൈ 31 വരെയുള്ള കണക്ക് പ്രകാരം തിരുവനന്തപുരം കോർപറേഷന്റെ വെള്ളക്കര കുടിശ്ശിക 5,38,31,788 രൂപയാണ്. ജല അതോറിറ്റിയുടെ അരുവിക്കര, നെയ്യാറ്റിൻകര, തിരുവനന്തപുരം നോർത്ത്, സൗത്ത് ഡിവിഷനുകളിലെ 3131 കുടിവെള്ള ടാപ്പുകളിൽ ജലവിതരണം നടത്തിയ ഇനത്തിലെ തുകയാണിത്. കോഴിക്കോട് കോർപറേഷൻ 2388 ടാപ്പുകളിലെ കുടിവെള്ള ചാർജായി 4,73,03,300 നൽകാനുണ്ട്.
5456 ടാപ്പുകളുടെ ജല വിതരണത്തിന് 99,29,865 രൂപയാണ് കൊച്ചി കോർപറേഷനിലെ കുടിശ്ശിക തുക. കൊല്ലത്ത് 1432 ടാപ്പുകളിലെ കുടിശ്ശിക തുക 59,16,457 രൂപയാണ്. കണ്ണൂർ കോർപറേഷനിലെ കുടിശ്ശിക 49,55,969 രൂപയാണ്. 430 ടാപ്പുകളാണ് ഇവിടെയുള്ളത്. സംസ്ഥാനത്തെ ആറ് മുനിസിപ്പൽ കോർപറേഷനുകളിൽ 14,780 ടാപ്പുകൾ വഴി വിതരണം ചെയ്ത വെള്ളത്തിന് ആകെ 14,17,76,194 രൂപ കുടിശ്ശികയുണ്ടെന്ന് ജല അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
കോർപറേഷനുകൾ, മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ എന്നിവയുടെ വെളളക്കര കുടിശ്ശിക അടക്കണമെന്ന് ആവശ്യപ്പെട്ട് ജല അതോറിറ്റി പലതവണ നോട്ടീസ് നൽകിയെങ്കിലും അനുകൂല സമീപനമല്ല ഉണ്ടാകുന്നത്. പൊതുസ്ഥാപനങ്ങളെന്ന നിലയിൽ വെള്ളക്കരം കുടിശ്ശിക വലിയതോതിൽ ഉയർന്നാലും കണക്ഷൻ വിശ്ചേദിക്കുന്നതടക്കമുള്ള കർശന നടപടി സ്വീകരിക്കാനും കഴിയുന്നില്ലെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

