Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉദ്ഘാടകനും ആദ്യരോഗിയും നെഹ്റു: 75ന്‍റെ നിറവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ്

text_fields
bookmark_border
ഉദ്ഘാടകനും ആദ്യരോഗിയും നെഹ്റു: 75ന്‍റെ നിറവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ്
cancel

തിരുവനന്തപുരം: തലസ്ഥാന ജില്ലക്ക് മാത്രമല്ല, ആരോഗ്യമേഖലയിൽ കേരളത്തിന്റയാകമാനം ആരോഗ്യനേട്ടങ്ങൾക്ക് ചുക്കാൻപിടിച്ച തിരുവനന്തപുരം മെഡിക്കൽ കോളജിന് വെള്ളിയാഴ്ച 75ാം പിറന്നാൾ. രാജ്യത്തിന്‍റെ പ്രഥമ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്‌റു ഉദ്ഘാടനംചെയ്ത ആശുപത്രിയിൽ ആദ്യ രോഗിയായി ചികിത്സ തേടിയതും അദ്ദേഹം തന്നെയാണ്.

തിരുവനന്തപുരത്ത് മെഡിക്കൽകോളജ് സ്ഥാപിക്കണമെന്ന് സ്വാതന്ത്ര്യലബ്ധിക്ക് മുൻപുതന്നെ ആലോചനകളുണ്ടായെങ്കിലും പല കാരണങ്ങളാൽ നടന്നില്ല. 1948ൽ സർക്കാർ മെഡിക്കൽ കോളജ് സ്ഥാപിക്കുന്നതിനെപ്പറ്റി പഠിച്ച് റിപ്പോർട്ട് നൽകാൻ ഒരു കമ്മിറ്റിയെ തിരുവിതാംകൂർ ഭരണകൂടം നിയമിച്ചു. മൈക്രോബയോളജി വിദഗ്ധനായിരുന്ന ഡോ.സി.കെ. കരുണാകരനായിരുന്നു സ്‌പെഷൽ ഓഫിസർ. ഡോ.ആർ. കേശവൻനായരും അംഗമായിരുന്നു. ഇവർ രണ്ടു പേരുംകൂടി പല മെഡിക്കൽ കോളജുകളും സന്ദർശിച്ച് റിപ്പോർട്ട് നൽകി.

തുടർന്നാണ് മെഡിക്കൽ കോളജ് യാഥാർഥ്യമായത്. രാജ്യം റിപ്പബ്ലിക്കായ 1950 ജനുവരി 26ന് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ മഹാരാജാവ് മെഡിക്കൽ കോളജിന് തറക്കല്ലിട്ടു. ഒടുവിൽ 1951 നവംബർ 27ന് പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു മെഡിക്കൽ കോളജ് സാങ്കേതികമായി ഉദ്ഘാടനം ചെയ്തു. തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി. കേശവൻ, മെഡിക്കൽ കോളജിനുവേണ്ടി പ്രാരംഭപ്രവർത്തനങ്ങൾ നടത്തിയ ചിത്തിരതിരുനാൾ മഹാരാജാവ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കോളജിന്റെ തുടർപ്രവർത്തനങ്ങൾക്കായി നാലുലക്ഷം രൂപ സംഭാവന ചെയ്യുന്നതായി മഹാരാജാവ് പ്രഖ്യാപിച്ചു.

പിന്നീട് ആശുപത്രി പ്രവർത്തനസജ്ജമാകുന്നത് 1954ലാണ്. അന്നും നെഹ്‌റുതന്നെ ഉദ്ഘാടനം നിർവഹിക്കാനെത്തി. ഗേറ്റിന്റെ ഗ്രില്ലിൽ തട്ടി പ്രധാനമന്ത്രിയുടെ കൈ മുറിഞ്ഞു. ചോരവന്നതോടെ നെഹ്‌റുവിന്റെ പേരിൽത്തന്നെ മെഡിക്കൽ കോളജിലെ ആദ്യ ഒ.പി. ടിക്കറ്റും എഴുതപ്പെട്ടു. മെഡിക്കൽ കോളജിലെ ആദ്യ സൂപ്രണ്ടായ ഡോ. കേശവൻനായരായിരുന്നു നെഹ്‌റുവിനെ ചികിത്സിച്ചത്. ഇപ്പോഴത്തെ ജനറൽ ആശുപത്രിക്ക് എതിർവശത്തുള്ള സ്ഥലമായിരുന്നു മെഡിക്കൽ കോളജിനായി ആദ്യം തെരഞ്ഞെടുത്തത്.

ജനറൽ ആശുപത്രി മുതൽ പാറ്റൂർവരെയുള്ള പല സ്ഥലങ്ങളും പരിശോധിച്ചു. നാലാഞ്ചിറയിലും സ്ഥലപരിശോധന നടത്തി. എന്നാൽ, കൂടുതൽ വിസ്തൃതമായ സ്ഥലംവേണമെന്ന തീരുമാനത്തിൽ ഉള്ളൂരിലെ 140 ഏക്കറോളം സ്ഥലത്ത് മെഡിക്കൽ കോളജ് സ്ഥാപിക്കാൻ തീരുമാനിച്ചു. മുംബൈയിലെ പ്രശസ്ത ആർക്കിടെക്ട് റിറ്റ്ചി ആയിരുന്നു കെട്ടിടങ്ങളുടെ രൂപരേഖ തയാറാക്കിയത്. ഡോ. സി.കെ. കരുണാകരൻ, ഡോ. സി.കെ. കേശവൻനായർ എന്നിവരെക്കൂടാതെ ഡോ. തങ്കവേലു തുടങ്ങിയവർ ഓരോ ഘട്ടത്തിലും മെഡിക്കൽ കോളജിന്റെ വികസനത്തിന് സംഭാവനകൾ നൽകി. ഇവിടെനിന്നും പഠിച്ചിറങ്ങിയ ഡോക്ടർമാർ ഇന്ന് ലോകത്ത് പലയിടത്തും സേവനമനുഷ്ഠിക്കുന്നുണ്ട്. സർക്കാർ മേഖലയിലും വൻകിട സ്വകാര്യ ആശുപത്രികളിലുമായി എല്ലായിടത്തും തിരുവനന്തപുരം മെഡിക്കൽ കോളജിലെ പൂർവ വിദ്യാർഥികളുടെ സാന്നിധ്യമുണ്ട്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
Next Story