തിരുവനന്തപുരവും ഓണത്തിരക്കിലേക്ക്...
text_fieldsതിങ്കളാഴ്ച നഗരത്തില്‍ 'തൃശൂര്‍ പുലി'യിറങ്ങും
തിരുവനന്തപുരം: ഓണാഘോഷം പൊലിപ്പിക്കാന്‍ തിങ്കളാഴ്ച തലസ്ഥാനത്ത് പുലിയിറങ്ങും. തൃശൂരില്‍നിന്നുള്ള പുലികളി സംഘമാണ് അനന്തപുരിയിലെ നഗരവീഥികളെ ഇളക്കിമറിക്കാനെത്തുന്നത്. വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ വിളംബര ഘോഷയാത്രയുടെ ഭാഗമായാണ് പുലികളെത്തുന്നത്. രാവിലെ 10ന് കനകക്കുന്നില്‍ ആരംഭിക്കുന്ന പുലികളി നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ കളിക്കിറങ്ങും. വര്‍ഷങ്ങളായി നാലാം ഓണദിവസം തൃശൂര്‍ സ്വരാജ് റൗണ്ടില്‍ പുലികളി നടത്തുന്ന സതീഷ് നെടുമ്പുരയുടെ നേതൃത്വത്തിലുള്ള സംഘമാണ് നഗരത്തിലെത്തുന്നത്. വിവിധ ജനപ്രതിനിധികളും സാംസ്കാരിക പ്രവര്‍ത്തകരുമടങ്ങുന്ന സംഘവും ഓണസന്ദേശവുമായി പുലികള്‍ക്കൊപ്പമുണ്ടാകും. ചെണ്ടയുടെ വന്യമായ താളത്തില്‍ നൃത്തം ചെയ്യുന്ന തൃശൂരിലെ പുലികള്‍ തലസ്ഥാനവാസികള്‍ക്ക് പുതുമയാകും. പരമ്പരാഗത രീതിയില്‍ ഓണക്കാലത്ത് തൃശൂരില്‍ കളിക്കിറങ്ങുന്ന 'സൂപ്പര്‍ സ്റ്റാര്‍' പദവിയുള്ള പുലികളെയാണ് ഉത്തവണ ഓണാഘോഷത്തിന് തിരുവനന്തപുരത്തെത്തിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
ഓണം ട്രേഡ്ഫെയറിന്ഇന്ന് കൊടിയേറും
തിരുവനന്തപുരം: സെപ്റ്റംബര്‍ ആറുമുതല്‍ 12 വരെ നടക്കുന്ന ഓണം വാരാഘോഷത്തിന്റെ ഭാഗമായ ഓണം ട്രേഡ് ഫെയറും എക്സിബിഷനും ഇന്ന് വൈകുന്നേരം ഏഴിന് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.
സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ സംരംഭകരും അണിയിച്ചൊരുക്കുന്ന നൂറോളം വിപണന സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ട്, അമ്യൂസ്മെന്റ് പാര്‍ക്ക് എന്നിവയാണ് ട്രേഡ് ഫെയറിന്റെ പ്രധാന ആകര്‍ഷണം. കനകക്കുന്നിലെ സൂര്യകാന്തി എക്സിബിഷന് ഗ്രൗണ്ടില്‍ രാവിലെ പത്ത് മുതല്‍ രാത്രി പത്തുവരെ നടക്കുന്ന ട്രേഡ് ഫെയറിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന കലാപരിപാടികളും നഗരത്തിലെ വൈദ്യുതി ദീപാലങ്കാരവും കാണാനെത്തുന്നവരെ ആകര്‍ഷിക്കുന്ന വിധമാണ് ട്രേഡ് ഫെയര്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇതിനുപുറമെ കനകക്കുന്നിലെ നാലോളം വേദികളില്‍ വിവിധ കലാപരിപാടികളും അരങ്ങേറും.
ഓണാഘോഷവുമായി ചങ്ങാതിക്കൂട്ടം
തിരുവനന്തപുരം: സമഗ്ര ശിക്ഷാ കേരളം ജില്ലയിലെ ചങ്ങാതിക്കൂട്ടം ഓണസമ്മാനങ്ങളുമായി ഭിന്നശേഷിക്കാരായ കുട്ടികളുടെ വീട്ടിൽ ഓണാഘോഷത്തിനായി എത്തും. സമഗ്ര ശിക്ഷാ കേരളയിൽ സേവനം അനുഷ്ഠിക്കുന്ന സ്പെഷൽ എജുക്കേറ്റർമാരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
വീടിനുപുറത്തുള്ള കാഴ്ചകൾ പോലും കാണാൻ കഴിയാത്ത ഇത്തരം കുട്ടികളുടെ വീടുകളിൽ ആഴ്ചയിൽ ഒരിക്കൽ സ്പെഷൽ എജുക്കേറ്റർമാർ എത്തി അവശ്യം വേണ്ട പഠനപിന്തുണ നൽകുന്നു. ഇതോടൊപ്പം ഈ കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങളിലെ കൂട്ടുകാർ, അധ്യാപകർ, പി.ടി.എ അംഗങ്ങൾ, തദ്ദേശസ്വയംഭരണസമിതി അംഗങ്ങൾ, ആശാവർക്കർമാർ, ആരോഗ്യവകുപ്പ്, സാമൂഹികനീതി വകുപ്പ്, വനിത-ശിശുക്ഷേമവകുപ്പ് തുടങ്ങിയവയിലെ പ്രവർത്തകർ, പ്രാദേശികവിദ്യാഭ്യാസ പ്രവർത്തകർ, എസ്.എസ്.കെ പ്രവർത്തകർ തുടങ്ങിയവർ ചേർന്ന് രൂപവത്കരിച്ച കൂട്ടായ്മകളാണ് ചങ്ങാതിക്കൂട്ടം. കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ട സാമൂഹിക പിന്തുണ ചങ്ങാതിക്കൂട്ടങ്ങൾ വഴി ഉറപ്പാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

