കാട്ടുപന്നികൾ ചീഞ്ഞുനാറുന്നു; ജനം ദുരിതത്തിൽ
text_fieldsകുഴിനല്ലൂർ ഏലായിൽ കാട്ടുപന്നി ചത്ത നിലയിൽ
കല്ലമ്പലം: ചത്തു വീഴുന്ന കാട്ടുപന്നികൾ ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നു. നാവായിക്കുളം പഞ്ചായത്തിന്റെ വിവിധ മേഖലകളിലാണ് കാട്ടുപന്നികൾ ചീഞ്ഞുനാറുന്നത്. നാവായിക്കുളം 16 വാർഡിൽ കോണത്ത് വിശാഖത്തിൽ സരോജിനി അമ്മയുടെ വീടിനു സമീപം പുരയിടത്തിൽ 75 കിലോയോളം വരുന്ന കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇതേ വാർഡിൽ കുഴിനല്ലൂർ ഏലായിൽ കൃഷി ചെയ്യുന്ന പാടത്ത് ചൊവ്വാഴ്ച വലിയൊരു കാട്ടുപന്നി ചത്ത നിലയിൽ കാണപ്പെട്ടു. പാടത്തിന് മധ്യഭാഗത്ത് കൂടിയുള്ള ചെറുതോടിലാണ് കാട്ടുപന്നി ചത്ത നിലയിൽ കണ്ടത്. ഈ വെള്ളം മറ്റു മേഖലകളിലേക്ക് ഒഴുകിയെത്തുന്നത് ആരോഗ്യ ഭീഷണിക്ക് കാരണമാകുന്നു. ദിവസങ്ങൾ പഴക്കമുള്ള നിലയിൽ വീർത്ത നിലയിലാണ് ജഡം. രൂക്ഷമായ ദുർഗന്ധവും വമിക്കുന്നുണ്ട്. തുടർച്ചയായി ഇത്തരം സംഭവങ്ങളുണ്ടാകുന്നത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു.
ചത്തു വീഴുന്ന കാട്ടുപന്നികളെ സംസ്കരിക്കുന്നത് വലിയ ബാധ്യതയാണ്. 400 കിലോ വരെ ഭാരമുള്ള വലിയ കാട്ടുപന്നികളാണ് ഈ മേഖലയിൽ ഉള്ളത്. അതിനാൽ തന്നെ ഇവയെ കുഴിച്ചിടണമെങ്കിലും വലിയ അധ്വാനവും ചെലവും ആവശ്യമാണ്. പല ഭാഗത്തും നാട്ടുകാർ ഈ ബാധ്യത ഏറ്റെടുക്കാൻ തയ്യാറാകാതെ വരുന്നതോടെ അതാത് സ്ഥലങ്ങളിൽ കിടന്നു ചീഞ്ഞു നാറും. രൂക്ഷമായ ദുർഗന്ധത്തിനും ആരോഗ്യ പ്രശ്നങ്ങൽക്കും ഇത് കാരണമാകുന്നുണ്ട്. പഞ്ചായത്ത് പ്രദേശത്ത് ഉടനീളം കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. നാട്ടുകാർ ഇത് സംബന്ധിച്ച് നിരന്തരം പരാതിപ്പെടുന്നുമുണ്ട്. വ്യാപകമായ കൃഷിനാശങ്ങൾക്കും കാട്ടുപന്നികൾ കാരണമാകുന്നു.
അപകടകാരികളായ കാട്ടുപന്നികളെ ഒഴിവാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകിക്കൊണ്ട് സർക്കാർ ഉത്തരവായിരുന്നു. ഇതിനെ പിന്തുടർന്ന് നാവായിക്കുളം പഞ്ചായത്തും ഷൂട്ടർമാരെ ചുമതലപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല.
നൂറുകണക്കിന് കാട്ടുപന്നികളാണ് പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ തമ്പടിച്ചിരിക്കുന്നത്. റബ്ബർ തോട്ടങ്ങളിലും കുറ്റിക്കാടുകൾ പടർന്ന ഭൂപ്രദേശങ്ങളിലും താവളം അടിച്ചിരിക്കുന്ന കാട്ടുപന്നികൾ രാത്രിയാകുന്നതോടെ മനുഷ്യവാസ മേഖലകളിലേക്ക് ഇറങ്ങും.
റോഡുകളുടെ കടന്നുപോകുന്ന വാഹന യാത്രക്കാരെ ഇടിച്ചിടുകയും കൃഷിവിളകൾ വ്യാപകമായി നശിപ്പിക്കുകയും ചെയ്യും. കൂട്ടമായി എത്തുന്ന കാട്ടുപന്നികൾ ജനങ്ങളുടെ ജീവനും ഭീഷണിയാണ്. സമീപ പഞ്ചായത്തായ പള്ളിക്കൽ പഞ്ചായത്തിന്റെ വിവിധ മേഖലകളിലും സമാന രീതിയിൽ കാട്ടുപന്നികൾ ചത്തു ചീഞ്ഞ് നാറിയത് ജനങ്ങൾക്ക് ദുരിതം സൃഷ്ടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

