ഡോക്ടറെ തലയ്ക്കടിച്ച് പരിക്കേൽപിച്ച കേസിലെ രണ്ട് ഗുണ്ടകള്‍ പിടിയില്‍
text_fieldsതിരുവനന്തപുരം: മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷന് പരിധിയില്‍ ഡോക്ടറെ തലയ്ക്കടിച്ച് പരിക്കേൽപിച്ച കേസിലെ പ്രതികളായ രണ്ടുപേര്‍ പിടിയിലായതായി സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാധ്യായ അറിയിച്ചു. ശ്രീകാര്യം ഇടവക്കോട് സ്വദേശി വിനോദ് (40), മലയിന്‍കീഴ് പാലത്തോട്ടുവിള സജു എന്ന വിമോദ് (35) എന്നിവരെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം ചാലക്കുഴി റോഡില്‍ എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ഡോക്ടറുമായി പ്രതികള്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപിക്കുകയുമായിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികളെ മെഡിക്കൽ കോളജ് എസ്.എച്ച്.ഒ ഹരിലാലിെൻറ നേതൃത്വത്തിലെ പൊലീസ് സംഘമാണ് അന്വേഷണം നടത്തി പിടികൂടിയത്.
ഗുണ്ടാ-റൗഡി ലിസ്റ്റുകളിൽ ഉൾപ്പെട്ടവർ, വിവിധ ആക്രമണ കേസുകളിൽ പ്രതികളായവർ എന്നിവരുടെ വീടുകൾ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തിയത്. വിവിധ സ്റ്റേഷൻ പരിധികളിലായി ഇത്തരത്തിലുള്ള 143 പേരുടെ വീടുകളിലാണ് ചൊവ്വാഴ്ച പരിശോധന നടത്തിയത്. കഴിഞ്ഞ അഞ്ച് ദിവസമായി തുടരുന്ന റെയ്ഡുകളിൽ ബോംബുനിർമാണം, വധശ്രമം, പൊലീസിനുനേരെ ആക്രമണം തുടങ്ങിയ വിവിധ കേസുകളിൽ ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന 17 പ്രതികളാണ് ഇതുവരെ പിടിയിലായത്.
അതേസമയം തലസ്ഥാനത്ത് പുതുതായി മൈക്രോ കെണ്ടയ്ൻമെൻറ് സോണുകളായി പ്രഖ്യാപിച്ച 15 സ്ഥലങ്ങളിലേക്ക് കടന്നുവരുന്ന വഴികൾ അടച്ച് സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി കമീഷണര്‍ അറിയിച്ചു.