കേരള പൊലീസ് ടീമിന് 40 വയസ്, സുവർണനേട്ടങ്ങളിലേക്ക് ബൂട്ടണിഞ്ഞവർ വീണ്ടും ഒത്തുചേരുന്നു
text_fieldsതിരുവനന്തപുരം: കേരള പൊലീസ് ഫുട്ബാൾ ടീമിന് 40 വയസ്. കാലം പിന്നിട്ടപ്പോൾ ഒപ്പം നടന്നവർ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഒത്തുചേരുന്നു. ശനിയാഴ്ച വൈകുന്നേരം 4.30നാണ് ഒത്തുചേരൽ. മന്ത്രി ശിവൻകുട്ടി, ഇന്റലിജൻസ് ഐ.ജി പി.എസ്. സ്പർജൻ കുമാർ തുടങ്ങിയവർ മുഖ്യാതിഥികളാകും.
കേരള പൊലീസ് ഫുട്ബാൾ ടീം 1984 ൽ ഡി.ജി.പി എം.കെ. ജോസഫും, ഡി.ഐ.ജി പി. ഗോപിനാഥും ചേർന്നാണ് രൂപവത്കരിച്ചത്. രാജ്യത്തെ മികച്ച ടീമുകളിലൊന്നായി കേരള പൊലീസ് ടീം വളർന്നു. 92 ലും 93 ലും സന്തോഷ് ട്രോഫിയും കേരളത്തിന് ലഭിച്ചതിന്റെ പിന്നിൽ നിർണായക ശക്തിയാകാൻ പൊലീസ് ടീമിലെ അംഗങ്ങൾക്ക് സാധിച്ചു.
കോച്ച് എ.എം ശ്രീധരൻ, മാനേജർ കരീം എന്നിവർ ഈ വിജയങ്ങളുടെ പ്രഥമ ശിൽപികളാണ്. കോച്ചുമാരായ ടി.കെ. ചാത്തുണ്ണി, ടി.എ. ജാഫർ എന്നിവരുടെ പരിശീലനവും ടീമിന് മുതൽക്കൂട്ടായി. വി.പി. സത്യൻ, യു. ഷറഫലി, സി.വി. പാപ്പച്ചൻ, ഐ.എം. വിജയൻ, പി.പി. തോബിയാസ്, കെ.ടി.ചാക്കോ, കുരികേശ് മാത്യു, പി.ടി. മെഹബൂബ്, കെ.എ. ആൻസൺ, സി ജാബിർ, സി.വി. ശശി തുടങ്ങി നിരവധി പ്രതിഭാധനരാണ് പൊലീസിനായി ബൂട്ടുകെട്ടിയത്. ഐ.എം. വിജയൻ, മുൻ പരിശീലകരായ എ.എം. ശ്രീധരൻ, ഗബ്രിയേൽ ജോസഫ്, മുൻ മാനേജർ ഡി. വിജയൻ, അന്നത്തെ ടീം സഹായി ആയിരുന്ന സാബു തുടങ്ങിയവരെയാണ് ആദരിക്കുന്നത്.
ചടങ്ങിൽ മുൻ അന്താരാഷ്ട്ര താരം സേവിയർ പയസ്, പ്രശസ്ത സ്പോർട്സ് ലേഖകൻ രവി മേനോൻ എന്നിവരും പങ്കെടുക്കും. കേരള പൊലീസിൽ തന്നെ വോളിബാൾ, ബാസ്ക്കറ്റ്ബാൾ അത്ലറ്റിക്സ് ടീമുകളെ പ്രതിനിധീകരിച്ച് ഇന്റർ നാഷനൽ താരങ്ങളായ അബ്ദുൽ റസാഖ്, അൻവിൻ ജെ. ആന്റണി, പി.വി. വിൽസൻ എന്നിവരും പങ്കെടുക്കും. ചടങ്ങിനുശേഷം ദേശീയ അന്തർദേശീയ കളിക്കാരും കേരള പൊലീസും തമ്മിലുളള പ്രദർശന മത്സരവും അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

