Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightThiruvananthapuram Citychevron_rightനഗരം ഇരുട്ടിൽ;...

നഗരം ഇരുട്ടിൽ; കുടിവെള്ളത്തിനായി നെട്ടോട്ടം; എങ്ങും മാലിന്യക്കൂനകൾ; തെരുവുനായ്ക്കൾ വിലസുന്നു

text_fields
bookmark_border
നഗരം ഇരുട്ടിൽ; കുടിവെള്ളത്തിനായി നെട്ടോട്ടം; എങ്ങും മാലിന്യക്കൂനകൾ; തെരുവുനായ്ക്കൾ വിലസുന്നു
cancel
camera_alt

ടാങ്കറുകളിൽ എത്തിച്ച കുടിവെള്ളം വിതരണംചെയ്യുന്നു

തിരുവനന്തപുരം: തലസ്ഥാനനഗരിയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുമെന്ന അവകാശവാദവുമായി അധികാരത്തിലേറിയ വി.വി. രാജേഷിന്‍റെ നേതൃത്വത്തിലുള്ള കോർപറേഷൻ ഭരണസമിതി ഇപ്പോൾ വല്ലാതെ വിയർക്കുകയാണ്. നിത്യേന ഓരോ പ്രശ്നങ്ങളാണ് നഗരഭരണം ആദ്യമായി പിടിച്ച ബി.ജെ.പി നേരിടുന്നത്. ഭരണത്തിലെ പരിചയക്കുറവ് നഗരസഭയിൽ പ്രകടമാകുന്ന നിലയിലാണ് കാര്യങ്ങൾ.

തെരുവുവിളക്കുകൾ കത്തുന്നില്ല, കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടാൻ തുടങ്ങിയിട്ട് മാസങ്ങൾ, മാലിന്യങ്ങൾ കുന്നുകൂടുന്നതിനാൽ പലയിടങ്ങളിലും മൂക്കുപൊത്താതെ നടക്കാനാവുന്നില്ല, തെരുവ്നായ്ക്കളെ പ്രത്യേക ഷെൽട്ടറുകൾ സ്ഥാപിച്ച് സംരക്ഷിക്കുമെന്ന അവകാശവാദം എങ്ങുമെത്തിയില്ല.

തലസ്ഥാനത്തെ മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെ നഗരസഭ നേതൃത്വത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി രംഗത്തുണ്ട്. എന്നാൽ, ഇതിനെയൊക്കെ രാഷ്ട്രീയാക്ഷേപമെന്ന് പറഞ്ഞ് മേയർ വി.വി. രാജേഷും കൂട്ടരും തള്ളിക്കയുകയാണ്. ആരോപണങ്ങളല്ല, ഇതെല്ലാം വാസ്തവമാണെന്ന നിലക്കാണ് നഗരത്തിലെ കാര്യങ്ങളെന്ന് അനുഭവസ്ഥർ പറയുന്നു.

കോർപറേഷൻ ഭരണസമിതി ചുമതലയേറ്റിട്ട് മാസങ്ങളേ ആയുള്ളൂവെങ്കിലും തകിടംമറിഞ്ഞ നിലക്കാണ് കാര്യങ്ങൾ. മൂക്കുപൊത്താതെ, ഇരുട്ടിൽ കണ്ണുകാണാതെ ഒരുതുള്ളി കുടിവെള്ളം കിട്ടാതെ കുഴിയിൽ വീഴുന്ന അവസ്ഥയിലേക്ക് തലസ്ഥാനവാസികളിൽ ബഹുഭൂരിഭാഗവും മാറി. പരസ്പരം പഴിചാരി അധികാരികൾ മുന്നോട്ടുപോകുമ്പോൾ ജനങ്ങളുടെ ദൈനംദിന ജീവിതം അപകടത്തിലേക്ക് പോവുകയാണ്.

തെരുവുവിളക്കുകൾ കണ്ണടച്ചു; മിക്കയിടവും ഇരുട്ടിൽ

നഗരത്തിലെ പല ഭാഗങ്ങളിലും തെരുവുവിളക്കുകൾ കണ്ണടച്ചിട്ട് മാസങ്ങൾ. ഇത് ജനജീവിതം ദുസ്സഹമാക്കി. രാത്രി കാൽനടയാത്ര ഉൾപ്പെടെ ദുഷ്കരമാണ്. കരാർ കാലാവധി കഴിഞ്ഞതും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും വൈദ്യുതി ഉപഭോഗം വർധിച്ചതുമൊക്കെയാണ് ഇതിന് കാരണമെന്ന് പറഞ്ഞ് കോർപറേഷൻ ഭരണസമിതി ഒഴിഞ്ഞുമാറുകയാണ്. തെരുവുവിളക്കുകൾ പണിമുടക്കിയതോടെ നഗരത്തിന്‍റെ ഹൃദയഭാഗത്തെ പല സ്ഥലങ്ങളും ദേശീയപാതയും ഇരുട്ടിലാണ്.

ഓവർബ്രിഡ്ജ് മുതൽ കിഴക്കേകോട്ട വരെ തെരുവുവിളക്കുകൾ കത്തിയിട്ട് ദിവസങ്ങളായി. ഏറെ തിരക്കേറിയ വിമാനത്താവളം റോഡിൽ ചാക്ക മുതൽ ജനറൽ ആശുപത്രിവരെ ഭാഗം ശംഖുംമുഖം, കോവളം എന്നിവിടങ്ങളിലേക്കുള്ള വഴി എന്നിവിടങ്ങൾ കടന്നുകിട്ടാൻ യാത്രക്കാർ ബുദ്ധിമുട്ടുന്നു. കോവളത്തും ശംഖുംമുഖത്തും തെരുവുവിളക്കുകൾ കത്താത്തതിനാൽ കച്ചവടക്കാരുൾപ്പെടെ ബുദ്ധിമുട്ടിലാണ്. അതീവ സുരക്ഷാമേഖലയായ നിയമസഭ പരിസരം, സെക്രട്ടേറിയറ്റ്, പൊലീസ് ആസ്ഥാനം എന്നിവിടങ്ങളിലേക്കുള്ള റോഡുകളും പലപ്പോഴും ഇരുട്ടിലാണ്. ഇരുട്ടുവീണാൽ തെരുവുനായ്ക്കളും ഇഴജന്തുക്കളും റോഡ് കൈയടക്കുമെന്നതിനാൽ കാൽനടയാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് വിവരണാതീതമാണ്.

തിരക്കേറിയ തമ്പാനൂരിലും തെരുവുവിളക്കുകൾ കണ്ണടയ്ക്കുന്നത് പതിവാണെന്ന് ഓട്ടോറിക്ഷ തൊഴിലാളികൾ പറയുന്നു. വർഷംതോറും ലക്ഷങ്ങളാണ് തെരുവുവിളക്കുകളുടെ പരിപാലനത്തിന് നഗരസഭ ചെലവാക്കുന്നതെങ്കിലും കരാർ കമ്പനി അറ്റകുറ്റപ്പണി നടത്തുന്നുണ്ടോ എന്ന് അധികൃതർ പരിശോധിക്കാറില്ലത്രെ. പരിസരത്തെ കടകൾ അടച്ചാൽ പാതയാകെ ഇരുട്ടിലാക്കുന്ന അവസ്ഥയാണ്.

വിഷയം ശ്രദ്ധയിൽപെട്ടെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണം പുതിയ കമ്പനിക്ക് കരാർ നൽകാനോ നിലവിലെ കരാർ പുതുക്കി നൽകാനോ കഴിയാത്ത സ്ഥിതിയാണെന്നും മേയർ വി.വി. രാജേഷ് വിശദീകരിക്കുന്നു.

മാലിന്യസംസ്കരണത്തിൽ വീണ്ടും പ്രതിസന്ധി

തലസ്ഥാനത്ത് മാലിന്യസംസ്കരണം വലിയ പ്രതിസന്ധിയിലാണ്. വീടുകളിൽനിന്നുൾപ്പെടെയുള്ള മാലിന്യം പലയിടങ്ങളിലും കൂട്ടിയിട്ടിരിക്കുന്നത് നിത്യ കാഴ്ചയായി മാറി. ആറ്റുകാൽ പൊങ്കാലക്കുശേഷമാണ് നഗരത്തിൽ മാലിന്യപ്രശ്നം രൂക്ഷമായത്. സ്ഥലം കണ്ടെത്തി മാലിന്യം സംസ്കരിക്കുമെന്ന് അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും അതൊന്നും എങ്ങും എത്തുന്നില്ലെന്ന നിലക്കാണ് കാര്യങ്ങൾ. പലയിടങ്ങളിലും മാലിന്യക്കൂമ്പാരമാണ്. അതിനുപുറമെ ഓടകൾ അടഞ്ഞ് വെള്ളം പോകാത്തതിനാലുള്ള പ്രതിസന്ധി വേറെയും. പലയിടങ്ങളിലും സെപ്റ്റേജ്, ട്രെയിനേജുകൾ നിറഞ്ഞ് റോഡിലൂടെ ഒഴുകുന്നത് സഹിക്കത്‍വുന്നതിനും അപ്പുറത്തേക്ക് മാറി. മുൻ ഭരണസമിതിയുടെ കാലത്ത് നല്ല രീതിയിൽ നടന്നിരുന്ന മാലിന്യസംസ്കരണത്തിന് പെട്ടെന്ന് എന്ത് സംഭവിച്ചുവെന്നതിൽ അവ്യക്തതയുണ്ട്.

കാത്തിരുന്നിട്ടും കുടിവെള്ളം കിട്ടാക്കനി...

ചുട്ടുപൊള്ളുന്ന വേനലിൽ ജീവിതം നരകതുല്യമാക്കി കുടിവെള്ളക്ഷാമവും. പൈപ്പുകളിൽ വെള്ളമെത്താത്തതും ടാങ്കറിലുള്ള വിതരണം കാര്യക്ഷമമല്ലാത്തതും ജനത്തെ വലയ്ക്കുന്നു. മുടക്കമില്ലാതെ വെള്ളം കിട്ടിയിരുന്ന പ്രദേശങ്ങളിലും നിലവിൽ മുന്നറിയിപ്പില്ലാതെ ജലവിതരണം തടസ്സപ്പെടുന്നു. നഗരത്തിലെ കുടിവെള്ള കിയോസ്കുകളും പണിമുടക്കിയ അവസ്ഥയിലാണ്. വിവിധ ഭാഗങ്ങളിൽ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച 25 കിയോസ്കുകളും പ്രവർത്തിക്കുന്നില്ല. ശുദ്ധജലക്ഷാമത്താൽ നഗരവാസികൾ വലയുമ്പോഴാണ് നഗരത്തിലെ കാൽനടക്കാർ‌ക്കടക്കം ഉപയോഗപ്രദമായിരുന്ന കുടിവെള്ള കിയോസ്കുകളും പ്രവർത്തന രഹിതമായത്. പല ഡിവിഷനിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. നഗരത്തിലേക്ക് ശുദ്ധജലം എത്തിച്ചിരുന്ന പേപ്പാറ ഡാമിൽ ജലനിരപ്പ് താഴുന്നതും പ്രതിസന്ധിയാണ്. പേപ്പാറ ഡാമിൽ വെള്ളം കുറഞ്ഞതോടെ കോട്ടുരിൽനിന്ന് അരുവിക്കര ചെക്ക്ഡാമിലേക്ക് വെള്ളം എത്തിക്കാൻ ശ്രമം തുടങ്ങി. താൽക്കാലിക പദ്ധതി റിപ്പോർട്ട് ജലസേചന വകുപ്പ് ചീഫ് എൻജിനീയർ അഡീഷനൽ ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ചു. പേപ്പാറയിൽ വെള്ളം കുറഞ്ഞാലും നഗരത്തിലേക്കുള്ള കുടിവെള്ളം മുടങ്ങാതിരിക്കാനാണ് നടപടി. 2017ൽ കാപ്പുകാട് ആന പരിപാലന കേന്ദ്രത്തോടുചേർന്ന നെയ്യാർ ഡാമിൽനിന്ന് മുണ്ടണിത്തോട്ടു വരെ 1.5 കിലോമീറ്റർ പൈപ്പുകൾ സ്ഥാപിച്ചതിൽ 220 മീറ്റർ ഭാഗത്ത് തകരാറുണ്ട്. ഇവിടെ അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ട്. പേപ്പാറയിലേക്ക് പ്രതിദിനം 0.12 മുതൽ 0.15 മീറ്റർ വരെയാണ് ഇപ്പോൾ നീരൊഴുക്ക്. വേനൽമഴ ലഭിച്ചാൽ 35 ദിവസം വരെ അരുവിക്കരയിലേക്ക് വെള്ളം ലഭിക്കും.

ചൂട് തുടരകുയാണെങ്കിൽ കുടിവെള്ള വിതരണത്തിൽ പ്രതിസന്ധിയുണ്ടാകും. ഇത് മറികടക്കാൻ താൽക്കാലിക പദ്ധതി അടിയന്തിരമായി നടപ്പാക്കേണ്ടിവരും. നഗരത്തിലെ കുടിവെള്ളവിതരണം സുഗമമാക്കാൻ നെയ്യാർ ഡാമിലെ വെള്ളം കനാലിലൂടെ കരമനയാർ വഴി അരുവിക്കരയിലേക്ക് എത്തിക്കാൻ സ്ഥിരം പദ്ധതിയും ആലോചനയിലുണ്ട്. നിലവിലെ പഴയ തോട് നവീകരിച്ച് കോൺക്രീറ്റ് കനാൽ നിർമിക്കേണ്ടിവരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsCityGarbageThiruvananthapuram
News Summary - The city is in darkness; there is no water for drinking; there are piles of garbage everywher
Next Story