ഒഴുക്കിൽപെട്ട് മരിച്ച ജിബിത്തിന് കണ്ണീരോടെ വിട; പ്രതീക്ഷയോടെ കാത്ത് നിരഞ്ജന്റെ കുടുംബം
text_fieldsവട്ടിയൂർക്കാവ് മൂന്നാംമൂട് ആയിരവില്ലി ക്ഷേത്രത്തിന് സമീപം ഒഴുക്കിൽപെട്ട്
കുട്ടികളെ കാണാതായ സ്ഥലത്ത് അഗ്നിരക്ഷാസേന പരിശോധന നടത്തുന്നു
തിരുവനന്തപുരം: മകന്റെ ചേതനയറ്റ ശരീരത്തിൽ വീണ് അലമുറയിട്ട മാതാപിതാക്കളെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ സ്തംഭിച്ചു നിൽക്കുകയായിരുന്നു ഉറ്റവർ.
ശനിയാഴ്ച വൈകീട്ടാണ് പാപ്പാട് ഗാത്സമനിൽ ജയരാജിന്റെയും മഞ്ജുവിന്റെയും മകൻ ജിബിത്ത് മാത്തും (14) മൂന്നാംമൂട് വാവുവിള ദയാഭവനിൽ പേരതനായ രാജീവ്- അനീറ്റ ദമ്പതികളുടെ മകൻ നിരഞ്ജനും ഒഴുക്കിൽപെട്ടത്. നാലംഗ സംഘമായിട്ടാണ് മൂന്നാംമൂട് ആയിരവല്ലി ക്ഷേത്രത്തിന്റെ മേലേക്കടവിൽ ചൂണ്ടയിടാൻ പോയി ഇവർ രണ്ടുപേരും വെള്ളത്തിലകപ്പെട്ടത്.
ജിബിത്തിന്റെ മൃതദേഹം ഞായറാഴ്ച രാവിലെ 11 ഓടെ കണ്ടെത്തി. എന്നാൽ, വൈകിയും നിരഞ്ജനെ കണ്ടെത്താനായില്ല. പ്രതീക്ഷയോടെ കാക്കുകയാണ് കുടുംബം. ഉച്ചഭക്ഷണം കഴിഞ്ഞ് ചേട്ടനും അനിയനും മുറിയിലിരിക്കുന്നത് കണ്ടാണ് എൽ.പി സ്കൂൾ അധ്യാപികയായ മഞ്ജു പുറത്തുപോയത്. പിന്നെ കേൾക്കുന്നത് ജിബിയെ ആറ്റിൽ കാണാതായെന്ന്.
അപ്പോൾ മുതൽ കുഞ്ഞിനൊന്നും വരുത്തരുതേയെന്ന് മനമുരുകി പ്രാർഥിക്കുകയായിരുന്നു മഞ്ജു. ഒടുവിൽ ഞായറാഴ്ച മൃതദേഹം കിട്ടിയപ്പോൾ മരണവിവരം മാതാപിതാക്കളെ അറിയിച്ചു.
അലറിക്കരച്ചിലിനു മുന്നിൽ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ഉഴലുകയായിരുന്നു അധ്യാപകരും ബന്ധുക്കളും. സഹോദരൻ ജെറിയെന്ന ജയജിത്ത് എ.ആർ.ആർ പബ്ലിക് സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയാണ്. കൂട്ടുകാർക്കൊപ്പം മീൻപിടിക്കാനും കുളിക്കാനുമായി ആറ്റിലേക്ക് പോയപ്പോൾ ജെബിത്ത് ജെറിയെയും ഒപ്പം കൂട്ടിയിരുന്നു. ചേട്ടൻ മുങ്ങുന്നതു കണ്ട് ജെറി നിലവിളിച്ചെങ്കിലും രക്ഷിക്കാനായില്ല. ചേട്ടൻ നഷ്ടപ്പെട്ട വേദനയിലാണ് ജെറി. പിതാവ് ജയരാജ് റിട്ട. ബി.എസ്.എഫ് ജീവനക്കാരനാണ്.
നാലാം ക്ലാസുകാരിയായ അനുജത്തി നന്ദിനിയോട് ഇപ്പോൾ വരാമെന്ന് പറഞ്ഞായിരുന്നു ഉണ്ണിക്കുട്ടനെന്ന നിരഞ്ജൻ മീൻപിടിക്കാൻ പോയത്. കൂടെ കളിക്കാൻ േജ്യഷ്ഠൻ വരുമെന്ന പ്രതീക്ഷയിലാണ് ഈ കുഞ്ഞനുജത്തി. വട്ടിയൂർക്കാവിന് സമീപത്തെ നീന്തൽക്കുളത്തിൽ എട്ടുവർഷം മുമ്പ് ഭർത്താവ് രാജീവ് മുങ്ങിമരിക്കുമ്പോൾ, മാതാവ് അനീഷയുടെ പ്രതീക്ഷ രണ്ട് കുഞ്ഞു മക്കളിലായിരുന്നു. ശാസ്തമംഗലത്തെ തുണിക്കടയിൽനിന്നുള്ള വരുമാനംകൊണ്ടാണ് മക്കളെ പോറ്റിയത്.
നാലുമാസം മുമ്പാണ് അനീഷയും കുടുംബവും മൂന്നാംമൂട് വാവുവിള ദയാഭവനിൽ വാടകക്ക് എത്തിയത്. അംഗൻവാടി അധ്യാപികയായ അനീഷയുടെ മാതാവ് പുഷ്പലത അംഗൻവാടിയിൽനിന്ന് മടങ്ങിയെത്തുന്നതിന് അഞ്ച് മിനിറ്റ് മുമ്പാണ് ഉണ്ണിക്കുട്ടനെന്ന് വിളിക്കുന്ന നിരഞ്ജൻ കൂട്ടുകാർക്കൊപ്പം മീൻ പിടിക്കാൻ പോയത്. രണ്ടാം ദിനത്തിലെ തിരച്ചിലിലും നിരഞ്ജനെ കണ്ടെത്താനായില്ല. നിരഞ്ജൻ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ഏവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

