പടിഞ്ഞാറേ കല്ലട സോളാര്‍ ഫ്ലോട്ടിങ് പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്
text_fieldsകൊല്ലം: പടിഞ്ഞാറെ കല്ലട മുണ്ടകപ്പാടത്തുനിന്ന് സൗരോര്‍ജം ഉൽപാദിപ്പിക്കുന്ന ഫ്ലോട്ടിങ് സോളാര്‍ പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ ഓണത്തിനുശേഷം ആരംഭിക്കും.
സംസ്ഥാനത്തെ ഏറ്റവും വലിയ ഫ്ലോട്ടിങ് സോളാര്‍ പ്രോജക്ടാണ് 360 ഏക്കര്‍ പാടത്ത് ഒരുങ്ങുന്നത്. വൈദ്യുതിയുടെ വില സംബന്ധിച്ച ചര്‍ച്ചകള്‍ക്കും ഇതോടൊപ്പം തുടക്കമായി. യൂനിറ്റിന് 3.40 രൂപയില്‍നിന്ന് പരമാവധി വില കുറക്കാനും സര്‍ക്കാറിന്റെ ഗ്യാപ് ഫണ്ട് ഉപയോഗിച്ച് കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങിക്കാനുമാണ് തീരുമാനം. ഇത് സംബന്ധിച്ച് എന്‍.എച്ച്.പി.സി, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ യോഗം ചേരും.
50 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന 300 കോടി രൂപയുടെ പദ്ധതിയുടെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്ന ടാറ്റാ പവര്‍ സോളാറും നാഷനല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പറേഷനും (എന്‍.എച്ച്.പി.സി) ഇതുസംബന്ധിച്ച് കരാര്‍ ഒപ്പുവെച്ചിരുന്നു.
മുണ്ടകപ്പാടത്തെ വെള്ളക്കെട്ടിന് മുകളില്‍ ഫ്ലോട്ട് സ്ഥാപിച്ച് അതിന് മുകളില്‍ സോളാര്‍ പാനല്‍ ഘടിപ്പിച്ചാണ് വൈദ്യുതി ഉൽപാദനം. 260 ഏക്കര്‍ കര്ഷകരുടെതും 100 ഏക്കര്‍ പഞ്ചായത്തിന്റേതുമാണ്. കമ്പനിയില്‍ കര്‍ഷകരുടെ പ്രതിനിധിയും കലക്ടറും പഞ്ചായത്ത് പ്രസിഡന്റും ഡയറക്ടര്‍മാരാണ്.
ഒരു യൂനിറ്റ് വൈദ്യുതിയുടെ ഉൽപാദനച്ചെലവ് ഏകദേശം ഏഴുരൂപയാണ്. പടിഞ്ഞാറേ കല്ലട നോണ്‍ കണ്‍വന്‍ഷനല്‍ എനര്‍ജി പ്രൊമോട്ടേഴ്സിനും പഞ്ചായത്തിനും ലാഭവിഹിതമായി ഓരോ യൂനിറ്റിനും 15 പൈസ വീതം ലഭിക്കും.
ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുന്നതോടെ കല്ലടയുടെ വര്‍ഷങ്ങളായുള്ള സ്വപ്നമാണ് യാഥാര്‍ഥ്യമാകുന്നതെന്നും പഞ്ചായത്തിന്റെ വികസനമുന്നേറ്റത്തിന് പദ്ധതി കാരണമാകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

