അതിക്രമത്തിനെതിരെ പരാതിപ്പെട്ടിട്ടും നടപടി വൈകുന്നു; പൊലീസിനെതിരെ യുവതി
text_fieldsതിരുവനന്തപുരം: കൈയ്യേറ്റത്തിനെതിരെ പരാതിപ്പെട്ടിട്ടും നടപടി വൈകുന്നുവെന്ന പരാതിയുമായി തിരുവനന്തപുരം സ്വദേശിനി സജ്ന അലി. അതിക്രമിച്ചയാളുടെ പേരുസഹിതം പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് സജ്ന ഫേസ്ബുക് പോസ്റ്റിലൂടെ ആരോപിച്ചത്.
പൊലീസ് അന്വേഷണം കാര്യക്ഷമമായി എടുത്തിട്ടില്ലെന്നും പ്രതിയെ ചോദ്യം പോലും ചെയ്യാതെ ജാമ്യത്തിന് അനുവദിച്ചുവെന്നും സജ്ന ആരോപിച്ചു. ഓഗസ്റ്റ് 19 ന് തിരുവനന്തപുരത്തുള്ള എന്‍.ജി.ഒ ഓഫീസില്‍ നിന്ന് വീട്ടിലേക്ക് മടങ്ങും വഴി റെബല്ലോ റുസ്‌വെല്‍റ്റ് എന്നയാൾ തന്നെ അതിക്രമിച്ചു എന്നാണ് സജ്നയുടെ പരാതി. ഒരാഴ്ചക്കുള്ളില്‍ അന്വേഷണം നടത്തി പ്രതിയെ ശിക്ഷിക്കുമെന്നായിരുന്നു പൊലീസില്‍ നിന്ന് ലഭിച്ച മറുപടിയെങ്കിലും അന്വേഷണ പുരോഗതി അറിയാനായി മൂന്ന് ദിവസം മുമ്പ് മിത്ര ലൈനിലേക്ക് വിളിച്ചപ്പോള്‍ കേസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്നാണ് അറിഞ്ഞതെന്നും സജ്ന പറഞ്ഞു.
സജ്ന അലിയുടെ ഫേസ്ബുക് പോസ്റ്റ്:
കേസ് എന്തായി എന്നൊക്കെ ഒരുപാട് പേര് ചോദിക്കുന്നുണ്ട്..
എന്നാൽ കേട്ടോളു..
ഒന്നുമായിട്ടില്ല. നടപടി ക്രമങ്ങൾ പൂർത്തിയാവാൻ ഇനിയും സമയമെടുക്കും എന്നാണു പോലീസ് സ്റ്റേഷനിൽ നിന്നുള്ള മറുപടി. ഒരാഴ്ച മുന്നേ തന്നെ കേസ് കോടതിയിലെത്തിക്കും എന്ന് പറഞ്ഞു ദൃക്‌സാക്ഷിക്കു വേണ്ടി എന്നെ റോഡിൽ തേരാപാരാ ഓടിച്ച അതെ പോലീസ് തന്ന മറുപടി.
സ്ത്രീസുരക്ഷക്കു നമ്മുടെ നാട്ടിൽ ഇത്രയൊക്കെ വിലയുള്ളൂ. അതിപ്പോ നിങ്ങളുടെ വീടിന്റെ അകത്ത് ഇരയും പ്രതിയും മാത്രമുള്ള സാഹചര്യത്തിൽ ആയിരുന്നു സംഭവമെങ്കിൽ ഒരുപക്ഷെ ഇത്ര പോലും എത്തുമെന്ന് തോന്നുന്നില്ല. അല്ലെങ്കിൽ പിന്നെ പട്ടാപ്പകൽ നടുറോഡിൽ നാട്ടുകാരും കൂട്ടുകാരും കണ്ടു നിൽക്കെ ശാരീരികമായും ലൈംഗികമായും ഒരുത്തൻ പീഡിപ്പിച്ചിട്ട് ഇതുവരെ നടപടി ക്രമങ്ങൾ പൂർത്തിയാവാത്ത സിസ്റ്റത്തിൽ നിന്നും ഇതിൽ കൂടുതൽ നീതിയൊന്നും പ്രതീക്ഷിക്കുന്നില്ല സാർ!!
അക്രമിച്ചവന്‍റെ പേരും നാളും പടവും ജാതകവും അടക്കം ആണ് പരാതിപ്പെട്ടത്. ഇനി ഞാൻ അയാളുടെ പടമടക്കം സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടാൽ ഒരു മാന്യദേഹത്തെ മനപ്പൂർവം കരിവാരി തേച്ചു എന്ന് പറഞ്ഞു എനിക്കെതിരെ നടപടികൾ എടുക്കാൻ വകുപ്പ് ഉണ്ടായിരിക്കുമല്ലേ?.
സ്ഥലം എം.എൽ.എ കമ്മീഷണറെ വിളിച്ചപ്പോഴും പറഞ്ഞെ "അവനെ പിടിച്ചു അകത്തിടാനുള്ള വകുപ്പൊന്നും ഇല്ല" എന്നാണ്. അതാണ് കൂട്ടുകാരെ നമ്മുടെ നാട്ടിലെ നിയമം. നാട്ടുകാരുടെ മധ്യത്തിൽ എന്റെ ദേഹത്ത് കൈവെച്ച അവനെ അകത്തിടാനൊന്നും ഇവിടെ ഒരു നിയമവും ഇല്ല. പക്ഷെ എന്റെ സുരക്ഷക്ക് ഞാൻ ഒറ്റയ്ക്ക് പുറത്തിറങ്ങാതിരിക്കാനും "അസമയത്" കറങ്ങാതിരിക്കാനും നിയമമുണ്ട് . മീഡിയ സുഹൃത്തുക്കൾക്കൊന്നും "ത്രില്ലടിപ്പിക്കുന്ന" വാർത്ത ആവാതിരുന്നത് കാരണമാവും ഇതൊന്നും തിരിച്ചറിയപ്പെടാതെ പോയ വാർത്ത ആയത്. പിന്നെ ഞാൻ ചത്തിട്ടും ഇല്ല, സാധാരണ ഇര ചാവണമല്ലോ വാർത്ത കോളങ്ങൾ നിറയാൻ.
അല്ലാതെ പ്രതികരിക്കുന്ന ഇരയുടെ മാനസിക പ്രശ്നങ്ങൾ ഒന്നും ഇവിടെ ഒരാൾക്കും അറിയേണ്ടതില്ല.
Justice delayed is justice delayedട്രോളും പോസ്റ്ററുകളും മാത്രം ഇറക്കാൻ കഴിയുന്ന ഡിപ്പാർട്മെന്റുകൾ ആണ് നമ്മുടെ നാട്ടിൽ ഉള്ളത് നീതികിട്ടാൻ ഇനി ഈ നാട്ടിൽ ആരൊക്കെ കാണണം? എത്ര മെയിലുകളും കത്തുകളും അയക്കണം? പറഞ്ഞു തരാമോ ആരെങ്കിലും?.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

