പൊന്നാംചുണ്ട് പാലം പുനർനിർമാണം വൈകുന്നു
text_fieldsപൊന്നാംചുണ്ട് പാലം
വിതുര: പൊന്നാംചുണ്ട് പാലത്തിന്‍റെ പുനര്‍നിര്‍മാണം വൈകുന്നു. വിതുര-തെന്നൂര്‍ റോഡുകളെ ബന്ധിപ്പിക്കുന്ന പൊന്നാംചുണ്ട് പാലം പൊളിച്ചു പണിയുമെന്ന വാഗ്‌ദാനത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സ്ഥലമെടുപ്പ് ഉൾപ്പെടെ പ്രാരംഭ നടപടികളിലെ നൂലാമാലകളാണ് തടസ്സം. ഒന്നോ രണ്ടോ മണിക്കൂര്‍ മഴപെയ്താല്‍ പാലം വെള്ളത്തിലാകും. കഴിഞ്ഞ മഴക്കാലത്ത് ഒരു മാസത്തിനുള്ളില്‍ എട്ടുതവണ ഗതാഗതം നിലച്ചു. വാമനപുരം, അരുവിക്കര നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലം അധികം ഉയരമില്ലാതെ ചപ്പാത്ത് മാതൃകയില്‍ നിര്‍മിച്ചതാണ് വിനയായത്. ചെറിയ മഴയത്തുപോലും പാലം മുങ്ങുന്നത് പതിവായതോടെ വാഹനങ്ങള്‍ ദീർഘദൂരം ചുറ്റി നന്ദിയോട് പാലോട് റോഡിലൂടെയാണ് പെരിങ്ങമ്മലയിലും തെന്നൂരും എത്തുക.
വീതിക്കുറവും കൈവരിയില്ലാത്തും പ്രശ്‌നം സൃഷ്‌ടിക്കുന്നു. പാലം സ്ഥിതി ചെയ്യുന്ന വിതുര-പെരിങ്ങമ്മല പ്രധാന റോഡിലൂടെ ദിവസവും സഞ്ചരിക്കുന്നത് നിരവധി പേരാണ്. പെരിങ്ങമ്മല ഇക്‌ബാല്‍ കോളജ്, ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലേക്ക് വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധി വിദ്യാര്‍ഥികള്‍ പോകുന്നുണ്ട്.
വിതുര യു.പി, ഹൈസ്‌കൂള്‍ എന്നിവയിലേക്കും ധാരാളം കുട്ടികള്‍ പോകുന്നുണ്ട്. ആദിവാസി ഊരുകളായ മണലി, തലത്തൂതക്കാവ് തുടങ്ങിയ സ്ഥലങ്ങളിലെ ആള്‍ക്കാരുടെ സഞ്ചാരവും പൊന്നാംചുണ്ട് പാലത്തെ ആശ്രയിച്ചാണ്. ഇതുവഴിയുള്ള മലയോര ഹൈവേ യാഥാര്‍ഥ്യമാകുന്നതോടെ പാലത്തിന്‍റെ പുനര്‍നിര്‍മാണം ഉണ്ടാകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

