പുല്ലമ്പാറ രാജ്യത്തെ ആദ്യ ഡിജിറ്റൽ സാക്ഷരത പഞ്ചായത്ത്; പ്രഖ്യാപനം 21ന്
text_fieldsവെഞ്ഞാറമൂട്: ലോകം വിരൽതുമ്പിലുള്ള കാലത്ത് സാക്ഷരതയിൽ ഡിജിറ്റൽ വിപ്ലവം തീർക്കുകയാണ് പുല്ലമ്പാറ പഞ്ചായത്ത്. പഞ്ചായത്തിലെ എല്ലാവർക്കും ഡിജിറ്റൽ സാക്ഷരത നൽകുക എന്ന ലക്ഷ്യത്തോടെ പ്രസിഡന്റ് പി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ആവിഷ്കരിച്ച പദ്ധതിയിലൂടെയാണ് നേട്ടം കൈവരിച്ചത്. 21ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ മരുതുംമൂട്ടിലെ പഞ്ചായത്ത് സ്റ്റേഡിയത്തിൽവെച്ച് പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനം നടത്തും. ഇതോടെ രാജ്യത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടുന്ന ആദ്യ പഞ്ചായത്ത് എന്ന നേട്ടം പുല്ലമ്പാറക്ക് സ്വന്തമാകും.
14 മുതൽ 65 വയസ്സുവരെയുള്ളവരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. 45 വയസ്സിനുമുകളിലുള്ളവരായിരുന്നു പഠിതാക്കളിൽ കൂടുതൽ. കാഴ്ചക്കുറവുള്ളവരെയും കിടപ്പ് രോഗികളെയും മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ളവരെയും പദ്ധതിയിൽനിന്ന് ഒഴിവാക്കിയിരുന്നു. 15 വാർഡുകളിലായി 3300 പേർക്ക് പരിശീലനം നൽകി. ആൻഡ്രോയിഡ് മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ഡിജിറ്റൽ സാക്ഷരത പരിശീലിപ്പിച്ചത്. സ്മാർട്ട് ഫോൺ ഉപയോഗം, വാട്സ്ആപ് വിഡിയോ കാൾ, ഓഡിയോ കാൾ, ഫോട്ടോയും വിഡിയോയും ഡൗൺലോഡ് ചെയ്യൽ, യൂട്യൂബ്, േഫസ്ബുക്ക് എന്നിവ പരിചയപ്പെടുത്തൽ, ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് മനസ്സിലാക്കൽ തുടങ്ങിയവയാണ് പാഠ്യവിഷയമായി ഉൾപ്പെടുത്തിയിരുന്നത്.
എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ എൻ.എസ്.എസ് വിഭാഗത്തിന്റെ സഹായത്തോടെയാണ് പരിശീലനം ആരംഭിച്ചത്. ഹീരാ എൻജിനീയറിങ് കോളജ്, മോഹൻദാസ് എൻജിനീയറിങ് കോളജ്, രാജധാനി എൻജിനീയറിങ് കോളജ്, മുസ്ലിം അസോസിയേഷൻ കോളജ് ഓഫ് എൻജിനീയറിങ്, ട്രിനിറ്റി കോളജ് ഓഫ് എൻജിനീയറിങ്, തേമ്പാമൂട് ജനത ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ എൻ.എസ്.എസ് യൂനിറ്റുകളിലെ 250 ലധികം വിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ, പ്രാദേശിക വളന്റിയർമാർ എന്നിവർ ചേർന്നാണ് പരിശീലനം സാധാരണക്കാരിലെത്തിച്ചത്. പാൻ എൻവയൺമെന്റ് എന്ന സ്റ്റാർട്ടപ് കമ്പനിയാണ് സർവേ, പഠനം എന്നിവയുടെ മൊഡ്യൂൾ തയാറാക്കിയത്.
പഞ്ചായത്ത് പ്രസിഡന്റിനെ കൂടാതെ പദ്ധതി കോഓഡിനേറ്റർ ഷംനാദ് പുല്ലമ്പാറ, ജില്ല വനിതാ ക്ഷേമ ഓഫിസർ സജീന സത്താർ, ഗ്രാമവികസന വകുപ്പ് ഡെപ്യൂട്ടി ഡെവലപ്മെന്റ് കമീഷണറായിരുന്ന സനോബ്, തൊഴിലുറപ്പ് പദ്ധതി ജില്ല എൻജിനീയർ ദിനേശ് പപ്പൻ എന്നിവരടങ്ങിയ കോർ ടീമാണ് പദ്ധതിക്ക് ചുക്കാൻ പിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

