റോൾ പ്ലേയിൽ കേരളത്തിന് അഭിമാനനേട്ടം, ടീമിന് വിദ്യാഭ്യാസമന്ത്രിയുടെ അനുമോദനം
text_fieldsറോൾ പ്ലേ മത്സരത്തിൽ ദേശീയവിജയികളായ ഞെക്കാട് ഗവ. വി.എച്ച്.എസ്.എസ് ടീമിനെ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അനുമോദിക്കുന്നു
കല്ലമ്പലം: ദേശീയ റോൾപ്ലേ മത്സരത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും കേരളത്തിന് ആദ്യമായി അഖിലേന്ത്യതലത്തിൽ ഒന്നാം സ്ഥാനം നേടിക്കൊടുക്കുകയും ചെയ്ത ഞെക്കാട് ഗവ. വി.എച്ച്.എസ്.എസിലെ വിദ്യാർഥികൾക്ക് മന്ത്രിയുടെ അനുമോദനം. എം. അശ്വിൻ, എസ്. സങ്കീർത്തന, എസ്.കെ. രേഷ്മ, ജെ.പി. ആദിത്യ ചന്ദ്രൻ, പി.ആർ. വിസ്മയ എന്നിവരെയും അവരെ തയാറെടുപ്പിച്ച അധ്യാപകരെയുമാണ് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചത്.
തന്നിരിക്കുന്ന ഒരു ആശയത്തെ മുൻനിർത്തി, രംഗസജ്ജീകരണങ്ങളില്ലാതെ, സംഭാഷണങ്ങളിലൂടെയും അഭിനയത്തിലൂടെയും അഞ്ചുപേർ ചേർന്ന് ആശയവ്യക്തതയോടെ അവതരിപ്പിച്ച് ഫലിപ്പിക്കേണ്ട ലഘു നാടകമാണ് റോൾപ്ലേ. പോപ്പുലേഷൻ എജുക്കേഷന്റെ ഭാഗമായി നാഷനൽ കൗൺസിൽ ഫോർ എജുക്കേഷനൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻ.സി.ഇ.ആർ.ടി) ആണ് അഖിലേന്ത്യതലത്തിൽ റോൾപ്ലേ മത്സരം സംഘടിപ്പിച്ചത്. ഇംഗ്ലീഷിലോ ഹിന്ദിയിലോ മാത്രമേ എൻ.സി.ഇ.ആർ.ടി മുന്നോട്ടുവെക്കുന്ന തീമുകൾ പ്രകാരം അഞ്ചംഗ ടീമിന് റോൾപ്ലേ അവതരിപ്പിക്കാനാവൂ. ഒ.എസ്. അംബിക എം.എൽ.എ, ജില്ല പഞ്ചായത്തംഗം ഗീത നസീർ, എസ്.സി.ഇ.ആർ.ടി റിസർച്ച് ഓഫിസർ ഡോ. മീന, സ്കൂൾ പ്രിൻസിപ്പൽ കെ.കെ. സജീവ്, ഹെഡ്മാസ്റ്റർ എൻ. സന്തോഷ്, പി.ടി.എ പ്രസിഡന്‍റ് കെ. ഷാജി കുമാർ, വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ എം.ആർ. മധു, സ്റ്റാഫ് സെക്രട്ടറി ജി.വി. ജോസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

