ആറ്റിങ്ങലിൽ ദേശീയപാതയിൽ കുഴി, മഴ പെയ്താൽ വെള്ളക്കെട്ട്
text_fieldsദേശീയപാതയിൽ ടാറിങ് വെട്ടിപ്പൊളിച്ച് കോൺക്രീറ്റ് ചെയ്യുകയും കുഴിയാവുകയും ചെയ്ത ഭാഗങ്ങൾ
ആറ്റിങ്ങല്‍: നഗരത്തിലെ നാലുവരിപ്പാതയില്‍ ടാറിങ് തകരുന്നതും കുഴി രൂപപ്പെടുന്നതും മഴയിൽ വലിയ വെള്ളക്കെട്ടുകൾ രൂപപ്പെടുന്നതും വ്യാപകം. കോടികള്‍ മുടക്കി നിര്‍മിച്ച് ഉദ്ഘാടനം പോലും കഴിയാത്ത റോഡിന്റെ സ്ഥിതിയാണിത്. വകുപ്പുകളുടെ ഏകോപനമില്ലാതെ റോഡുപണി നടത്തിയതിന്റെ ദുരന്തമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് പൂവമ്പാറ മുതല്‍ മൂന്നുമുക്ക് വരെയുള്ള 2.8 കിലോമീറ്റര്‍ റോഡ് നാലുവരിപ്പാതയാക്കി വികസിപ്പിച്ചത്. 16.5 കോടി രൂപ ചെലവിട്ടാണ് നിര്‍മാണം നടത്തിയത്. റോഡിന്റെ വശങ്ങളിലെ പുറമ്പോക്കും സര്‍ക്കാര്‍വകുപ്പുകളുടെ ഭൂമിയും സ്വകാര്യവ്യക്തികള്‍ സൗജന്യമായി വിട്ടുനൽകിയ ഭൂമിയും ഏറ്റെടുത്തുകൊണ്ടാണ് വികസനം നടത്തിയത്.
ആറ്റിങ്ങലില്‍ അഞ്ച് പതിറ്റാണ്ടിന് ശേഷമാണ് റോഡ് വികസനം നടപ്പായത്. ഇത്രയും വലിയൊരു പദ്ധതി നടപ്പാക്കുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകളൊന്നും അധികൃതര്‍ കൈക്കൊള്ളാതിരുന്നതാണ് ഇപ്പോള്‍ വിനയായത്. റോഡിനടിയിലുള്ള പൈപ്പുകളും കേബിളുകളും വശങ്ങളിലേക്ക് മാറ്റിസ്ഥാപിച്ച് അന്താരാഷ്ട്ര നിലവാരത്തില്‍ റോഡ് നിര്‍മിക്കുമെന്നായിരുന്നു ആദ്യഘട്ടത്തില്‍ അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇതൊന്നും ഇവിടെ നടപ്പായില്ല.
റോഡിന്റെ ഇരുവശത്തും വാട്ടര്‍അതോറിറ്റിയുടെ പൈപ്പ് ലൈന്‍ കടന്നുപോകുന്നുണ്ട്. ദേശീയപാതയുടെ കിഴക്ക് ഭാഗത്ത്കൂടി 400 എം.എം കനത്തിലുള്ള പ്രധാന വിതരണ പൈപ്പുകളും പടിഞ്ഞാറ് ഭാഗത്തുകൂടി 90 എം.എം കനത്തിലുള്ള വിതരണപൈപ്പുകളുമാണ് സ്ഥാപിച്ചിട്ടുള്ളത്. 40 വര്‍ഷത്തിലധികം പഴക്കമുള്ള ആസ്ബസ്റ്റോസ് പൈപ്പുകളാണിവ. പുതിയ റോഡ് നിര്‍മിക്കുമ്പോള്‍ ഈ പൈപ്പുകള്‍ മാറ്റി ഗുണമേന്മയുള്ള അയണ്‍ പൈപ്പുകള്‍ സ്ഥാപിക്കണമെന്ന് വാട്ടര്‍ അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. ഇതിനായി നാല് തവണ അധികൃതര്‍ കണക്കെടുപ്പ് നടത്തുകയും 2019 നവംബര്‍ 16ന് 5.19 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി പൊതുമരാമത്ത് വകുപ്പിന് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് തുക അനുവദിക്കാനാകില്ലെന്നായിരുന്നു പൊതുമരാമത്ത് അധികൃതരുടെ നിലപാട്. റോഡ് നന്നാക്കിയപ്പോള്‍ നിലവിലുള്ള പൈപ്പുകള്‍ വശങ്ങളിലേക്ക് മാറ്റാനും ഇവര്‍ തയാറായില്ല. ഇത് സൃഷ്ടിക്കുന്ന കാലതാമസം ആണ് കാരണം പറഞ്ഞത്. റോഡിന്റെ വശങ്ങളിലുണ്ടായിരുന്ന പൈപ്പ് ലൈനുകള്‍ റോഡ് വികസിച്ചതോടെ നടുക്കായി. കൂറ്റന്‍ വൈബ്രറേറ്ററുകളും റോളര്‍ മെഷീനുകളും ഓടിച്ചതോടെ പഴയപൈപ്പുകളില് പലയിടത്തും കേടുപാടുകളുണ്ടായി. ഭാരമേറിയ വാഹനങ്ങള്‍ കടന്നുപോകുമ്പോഴുണ്ടാകുന്ന മര്‍ദം കൂടിയാകുമ്പോഴാണ് പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥയാകുന്നത്.
വക്കം, അഞ്ചുതെങ്ങ്, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, കിഴുവിലം പഞ്ചായത്തുകളിലും ആറ്റിങ്ങല്‍ നഗരസഭ പ്രദേശത്തേക്കുമുള്ള കുടിവെള്ളം കടത്തിവിടുന്നത് ദേശീയപാതയിലൂടെ കടന്നുപോകുന്ന പൈപ്പുകളിലൂടെയാണ്. ഒരുതവണ പൈപ്പ് പൊട്ടുമ്പോള്‍ ലക്ഷക്കണക്കിന് ലിറ്റര്‍ ശുദ്ധീകരിച്ച വെള്ളം നഷ്ടപ്പെടും. ദിവസങ്ങളോളം കുടിവെള്ളവിതരണം മുടങ്ങും. പൈപ്പ് പൊട്ടുന്ന സ്ഥലങ്ങളില്‍ ഏകദേശം എട്ട് മുതല്‍ പത്ത് വരെ മീറ്റര്‍ നീളത്തിലും രണ്ട് മീറ്റര്‍ വീതിയിലും റോഡ് കുഴിക്കേണ്ടി വരും. ബി.എം ആന്‍ഡ് ബി.സി നിലവാരത്തിലുള്ള റോഡ് കുഴിക്കുന്നതിന് ചതുരശ്രമീറ്ററിന് 4700 രൂപ നിരക്കില്‍ പൊതുമരാമത്ത് വകുപ്പിന് വാട്ടര്‍അതോറിറ്റി അടക്കണം. ഓരോ തവണയും ശരാശരി 16 ചതുരശ്രമീറ്റര്‍ റോഡ് ഇത്തരത്തില്‍ കുഴിക്കേണ്ടതായി വരും. അറ്റകുറ്റപ്പണിക്ക് 40,000 രൂപയോളം വേണ്ടിവരും. ഇത്തരത്തില്‍ ഓരോ പ്രാവശ്യം പൈപ്പ് പൊട്ടുമ്പോഴും ശരാശരി 1.5 ലക്ഷം രൂപ ചെലവ് വരുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നു. ഇതിനോടകം നാലുവരിപ്പാതയില്‍ ഇരുപതോളം സ്ഥലങ്ങളില്‍ പൈപ്പ് പൊട്ടിയിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ പൈപ്പ് പൊട്ടിയ സ്ഥലങ്ങള്‍ ടാര്‍ചെയ്ത് നന്നാക്കിയെങ്കിലും പിന്നീട് പൊട്ടിയ സ്ഥലങ്ങളില്‍ കോണ്‍ക്രീറ്റാണ് കുഴച്ചിട്ടത്. ഇതിന് മുകളിലൂടെ വാഹനങ്ങള്‍ കടന്നുപോയതോടെ കോണ്‍ക്രീറ്റ് കുന്നുംകുഴിയുമായി മാറി. വാഹനങ്ങള്‍ക്ക് സുഗമമായി കടന്നുപോകുന്നതിന് ഇത് വലിയ തടസ്സമായി മാറി. പലപ്പോഴും കുഴികൾ വലുതാവുകയും അപകടക്കെണി ആവുകയും ചെയ്യും. അപ്പോൾ വീണ്ടും കോൺക്രീറ്റ് ചെയ്യും. ആഴ്ചകൾക്കുള്ളിൽ വീണ്ടും കുഴി രൂപപ്പെടും. ഇങ്ങനെ നിരന്തരം റോഡ് കുഴിയാകുന്ന അവസ്ഥയാണ്.
ഇതിന് പുറമെ ചെറിയ മഴയിൽ പോലും റോഡിൽ വെള്ളം നിറയുന്ന അവസ്ഥയുണ്ട്. വലിയ മഴ പെയ്താൽ വാഹനങ്ങൾ കടന്നുപോകാൻ പറ്റാത്ത വിധം റോഡ് വെള്ളം നിറഞ്ഞ് ഡിവൈഡറോ ഫുട്പാത്തോ അറിയാൻ കഴിയാത്ത അവസ്ഥ വരും. ആറ്റിങ്ങൽ ടി.ബി ജങ്ഷൻ, സി.എസ്.ഐ ജങ്ഷൻ, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, എൽ.ഐ.സി ഓഫിസ് എന്നീ ഭാഗങ്ങളിൽ ആണ് റോഡിൽ വലിയ വെള്ളക്കെട്ട് രൂപപ്പെടുന്നത്. ഇത് അപകട സാധ്യതക്കും ടാറിങ് വേഗത്തിൽ തകരുന്നതിനും കാരണമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

