പെരുമാതുറ ടൂറിസം പദ്ധതി: പ്രതീക്ഷകൾ അസ്തമിച്ച് തീരവാസികൾ
text_fieldsനിലവിലെ ആളൊഴിഞ്ഞ പെരുമാതുറ ബീച്ച്
ചിറയിൻകീഴ്: പെരുമാതുറ ടൂറിസം പദ്ധതിപ്രദേശം അദാനി ഗ്രൂപ്പിന് പാറ സംഭരിക്കാനുള്ള ഇടമായി കൈമാറിയതോടെ പെരുമാതുറ ടൂറിസം പദ്ധതികൾ പ്രഖ്യാപനങ്ങളിൽ ഒതുങ്ങി. അദാനി ഗ്രൂപ് വിഴുങ്ങിയ തീരത്ത് പ്രതീക്ഷകൾ അസ്തമിച്ച് തീരവാസികൾ. ആദ്യം മൂന്നു വർഷത്തേക്കാണ് താൽകാലികമായി കൈമാറിയത്. ഇതു വീണ്ടും പുതുക്കിക്കൊടുത്തു.
സ്ഥിരം അപകട മേഖലയായ മുതലപ്പൊഴി ചാനലിലെ കല്ലും മണ്ണും ഡ്രഡ്ജ് ചെയ്ത് സുരക്ഷയൊരുക്കുമെന്ന് അദാനി ഗ്രൂപ് ഉറപ്പുനൽകിയിരുന്നു. ഇവിടെ ആവശ്യമായ ഡ്രഡ്ജ് ചെയ്തുവെന്നാണ് സർക്കാറും പറയുന്നത്. എന്നാൽ, ഇപ്പോഴും അപകടങ്ങൾ പതിവാണെന്നും കല്ലും മണ്ണും നീക്കം ചെയ്തില്ലെന്നും ടൂറിസത്തിനായി വകയിരുത്തിയ ബീച്ച് അദാനിക്ക് കൈകാര്യം ചെയ്യാൻ സർക്കാർ എഴുതിക്കൊടുത്തെന്നുമാണ് നാട്ടുകാർ പറയുന്നത്.
മൂന്നു കോടി രൂപയാണു പെരുമാതുറ ബീച്ച് വികസന പദ്ധതിക്കായി വകയിരുത്തിയത്. ഉദ്ഘാടനവും നടത്തി. റോഡ്, കുട്ടികള്‍ക്കുള്ള പാര്‍ക്ക്, ടിക്കറ്റ് കൗണ്ടര്‍, പവിലിയന്, ഇരിപ്പിടങ്ങള്‍, ശൗചാലയം, നടപ്പാത, സ്നാക്സ് ബാര്‍, ചുറ്റുമതില്‍, സ്റ്റേജ്, ലൈഫ് ഗാര്‍ഡ് റൂം തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി നിർമിക്കാൻ പദ്ധതി ഒരുക്കിയത്. എന്നാൽ, പിന്നീട് ഈ മേഖല അദാനി വിഴിഞ്ഞം പദ്ധതിക്ക് സാമഗ്രികൾ സംഭരിക്കാനും കൊണ്ടുപോകാനുമുള്ള സങ്കേതമാക്കി മാറ്റുകയായിരുന്നു.
വിഴിഞ്ഞം തുറമുഖ നിർമാണത്തിനാവശ്യമായ പാറ ശേഖരിക്കുന്നതിന് ചിറയിന്‍കീഴ് താലൂക്കിലെയും വിവിധ ക്വാറികൾ അനുവദിച്ചിരുന്നു. ഇതിനായി കരവാരം നഗരൂര്‍ മേഖലയിലെ ക്വാറി ഉടമകളുമായും സര്‍ക്കാറുമായും കമ്പനി ധാരണയിലെത്തിയിരുന്നു. ഈ പാറ ലോറികളില്‍ മുതലപ്പൊഴി ഹാര്‍ബറിലെത്തിച്ച്, അവിടെ സംഭരിച്ച്, ബർജുകളിൽ വിഴിഞ്ഞത്തേക്ക് കൊണ്ടുപോവുകയാണ്. പാറ ശേഖരിക്കുന്നതിനും ബാര്‍ജുകളിലേക്ക് കയറ്റുന്നതിനും മുതലപ്പൊഴിയില്‍ വാര്‍ഫ് നിർമിക്കാനും ആഴം കൂട്ടാനും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ബീച്ച് ടൂറിസം പദ്ധതി തീരുമാനിച്ച സ്ഥലത്താണ് പാറ സംഭരണവും അനുബന്ധ സംവിധാനങ്ങളും വന്നത്.
ഇത് ടൂറിസം സാധ്യതകളെ ഇല്ലാതാക്കുമെന്ന നാട്ടുകാരുടെ ആശങ്ക യാഥാർഥ്യമായി. നാട്ടുകാർ സമരം ചെയ്തപ്പോൾ മന്ത്രിതലത്തിൽ ചർച്ച നടത്തുകയും ടൂറിസം പ്രോജക്ട് നിര്‍ത്തലാക്കി കൊണ്ടുള്ള ഒരു നിർമാണ പ്രവര്‍ത്തനവും അവിടെ ഉണ്ടാകില്ലെന്ന് മന്ത്രി ഉറപ്പു നൽകുകയും ചെയ്തിരുന്നു.
അദാനിയുടെ യാർഡ് വന്നതോടെ മനോഹര ബീച്ചിൽ പാറശേഖരം നിറഞ്ഞു. ഇതോടെ ഈ പ്രദേശത്തേക്ക് കടക്കാൻ ആർക്കും അനുമതി നൽകാതെയായി. അതോടെ സഞ്ചാരികളും തീരത്തെ ഉപേക്ഷിച്ചു. സർക്കാർ പ്രഖ്യാപിച്ച ടൂറിസം പശ്ചാത്തലം ഒരുക്കൽ പ്രഖ്യാപനത്തിലും നിർമാണ ഉദ്ഘാടനത്തിലും അവസാനിച്ചു.
പെരുമാതുറ ബീച്ച് ടൂറിസം സാധ്യതകൾ വളർന്നതോടെ നൂറുകണക്കിന് ആളുകൾ ഇവിടെ സഞ്ചാരികളെ ലക്ഷ്യമിട്ട് വിവിധ നിക്ഷേപങ്ങൾ നടത്തിയിരുന്നു.
ലക്ഷക്കണക്കിന് രൂപ ലോൺ എടുത്തും മറ്റുമാണ് നിക്ഷേപം നടത്തിയത്. ഇത് നഷ്ടക്കച്ചവടമായി. നൂറോളം ചെറുകിട കച്ചവടക്കാർ ഇവിടെ സജീവമായി വന്ന സമയത്താണ് അദാനിക്ക് തീരം എഴുതിക്കൊടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

