ദേശീയപാത നിർമാണ കമ്പനിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം
text_fieldsമംഗലപുരം: തിരുവനന്തപുരം മംഗലപുരത്ത് ടാർ മിക്സിങ് യൂനിറ്റ് നിർമിക്കുന്നെന്ന് ആരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം. മംഗലപുരം തോന്നയ്ക്കൽ വെയിലൂരിലാണ് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് പ്രതിഷേധിച്ചത്.
വെട്ടുറോഡ് മുതൽ കടമ്പാട്ടുകോണം വരെ ദേശീയപാതയുടെ നിർമാണ കരാർ ഏറ്റെടുത്ത ആർ.ഡി.എസ് കമ്പനിയാണ് മംഗലപുരം വെയിലൂരിൽ ആറര ഏക്കർ സ്ഥലം സ്വകാര്യ വ്യക്തിയിൽനിന്ന് 30 മാസത്തെ വാടകക്ക് എടുത്തത്. ഈ സ്ഥലത്ത് ടാർ മിക്സിങ് യൂനിറ്റ് തുടങ്ങുന്നതിനെതിരെയാണ് നാട്ടുകാർ രംഗത്തെത്തിയത്. സ്ഥലത്തിന് തൊട്ടടുത്ത് ഭിന്നശേഷി കുട്ടികൾക്കുള്ള സ്കൂൾ, അംഗൻവാടി, വീടുകൾ എന്നിവ പ്രവർത്തിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചു. ശനിയാഴ്ച രാവിലെ ഏറ്റെടുത്ത സ്ഥലം വൃത്തിയാക്കാൻ വന്ന ജെ.സി.ബിയും യന്ത്രങ്ങളും നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞു. തുടർന്ന് മംഗലപുരം പൊലീസ് എത്തി നിർമാണപ്രവർത്തനങ്ങൾ നിർത്തിെവക്കാൻ ആവശ്യപ്പെട്ടു. സ്ഥലം ഏറ്റെടുക്കുമ്പോൾ നാട്ടുകാർ പ്രതിഷേധിച്ചതിനെതുടർന്ന് ആർ.ഡി.എസ് കമ്പനി ഹൈകോടതിയെ സമീപിച്ചിരുന്നു. ഈ സ്ഥലത്ത് നിർമാണം തുടരാനും പ്രശ്നമുണ്ടായാൽ നിർമാണ കമ്പനിക്ക് പൊലീസ് സംരക്ഷണം ലഭ്യമാക്കാനും ഹൈകോടതി ഉത്തരവിട്ടിരുന്നു.
എന്നാൽ ടാർ മിക്സിങ് പ്ലാന്റ് നിർമിക്കുന്നില്ലെന്നും ദേശീയപാത നിർമാണത്തിന് ആവശ്യമായ സാധനങ്ങൾ, മെഷീനുകൾ, കോൺക്രീറ്റ് മെഷീൻ, ടെസ്റ്റിങ് ലാബ് എന്നിവ ഒരുക്കുക മാത്രമാണ് ഇവിടെ ചെയ്യുന്നതെന്നും കമ്പനി അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

