ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: യുവതിക്ക് നഷ്‌ടമായത് 1.32 കോടി
text_fieldsതിരുവനന്തപുരം: ഓൺലൈൻ ട്രേഡിങ് പതിവാക്കിയ യുവതിക്ക് ഒരു മാസത്തിനിടെ നഷ്‌ടമായത് 1.32 കോടി രൂപ. ഓൺലൈൻ അനുബന്ധ സൈറ്റുകളിൽനിന്ന് ലഭിച്ച ലിങ്കിൽ കയറിയ ശ്രീകാര്യം സ്വദേശിനിക്കാണ് പണം നഷ്‌ടമായത്.
ലിങ്കിൽ കയറിയ യുവതിയെ തട്ടിപ്പുസംഘം ഒരു ഓൺലൈൻ വ്യാപാര സൈറ്റിന്റെ ഗ്രൂപ്പിൽ ഉൾപ്പെടുത്തി. അമിത ലാഭം കിട്ടുമെന്ന വാക്ക് വിശ്വസിച്ച് യുവതി ട്രേഡിങ് അക്കൗണ്ടിലേക്ക് പണം അയച്ചു. പിന്നാലെ ഇവരുടെ വെർച്വൽ അക്കൗണ്ടിലേക്ക് ലാഭം വന്ന് തുടങ്ങിയെങ്കിലും പണം പിൻവലിക്കാനുള്ള സമയമായില്ലെന്ന് തട്ടിപ്പ് സംഘം ഇവരെ വിശ്വസിപ്പിച്ചു. ലാഭം കണ്ടതോടെ യുവതി വീണ്ടും പണം നിക്ഷേപിച്ചു. ഇത്തരത്തിൽ എട്ട് അക്കൗണ്ടുകളിലേക്കായി ഏകദേശം ഇരുപതോളം തവണയാണ് ഇവർ പണം നിക്ഷേപിച്ചത്.
ഒരു മാസമായിട്ടും പണം പിൻവലിക്കാൻ കഴിയാതെ വന്നതോടെ സംശയം തോന്നി പൊലീസിൽ അറിയിച്ചെങ്കിലും തട്ടിപ്പ് സംഘം യുവതിയുടെ പണം വിദേശ ബാങ്കുകളിലൂടെ ക്രിപ്‌റ്റോ കറൻസിയായി മാറ്റിയിരുന്നു. ആറു മാസത്തിനിടെ സമാനമായ രീതിയിൽ അഞ്ചുകോടി രൂപയാണ് തട്ടിപ്പ് സംഘം പലരിൽനിന്നായി തട്ടിയെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

