നഷ്ടം കുറക്കാൻ പുതുവഴി; സിറ്റി സർവിസുകൾ പൊളിച്ചടുക്കാനുറച്ച് കെ.എസ്.ആർ.ടി.സി
text_fieldsതിരുവനന്തപുരം: നഷ്ടം കുറക്കുന്നതിനും സർവിസുകൾ കാര്യക്ഷമമാക്കുന്നതിനും സിറ്റി സർവിസുകൾ പൊളിച്ചടുക്കാനുറച്ച് കെ.എസ്.ആർ.ടി.സി.
രാവിലെ നഗര പ്രാന്തപ്രദേശങ്ങളിൽനിന്ന് സിറ്റിയിലേക്കാണ് യാത്രക്കാരുടെ തിരക്ക്. വൈകുന്നേരങ്ങളിലാകട്ടെ തിരിച്ചും. ഈ യാഥാർഥ്യം തിരിച്ചറിഞ്ഞാണ് ക്രമീകരണത്തിനൊരുങ്ങുന്നത്.
നിലവിൽ രാവിലെ സിറ്റിയിൽനിന്ന് ബസുകൾ കാലിയായി നഗരപ്രാന്തങ്ങളിലേക്ക് പോവുകയും തിരിച്ച് യാത്രക്കാരുമായി വരുകയും ചെയ്യുന്നതാണ് രീതി. വൈകുന്നേരങ്ങളിലാകട്ടെ സിറ്റിയിൽനിന്ന് യാത്രക്കാരുമായി പ്രാന്തമേഖലകളിലേക്ക് പോയി കാലിയായി മടങ്ങുകയുമാണ് ചെയ്യുന്നത്.
നഗരപ്രാന്തങ്ങളിലേക്കെല്ലാം സിറ്റി ഡിപ്പോകളിൽനിന്ന് (സിറ്റി, വികാസ്ഭവൻ) ഷെഡ്യൂൾ അയക്കണമെന്ന പഴയ കാല 'സിറ്റി സർവിസ് സങ്കൽപ്പത്തി'ന്റെ ഭാഗമായാണ് ഈ രീതി വന്നത്. ഇത് ഒഴിവാക്കുന്നതിന് പ്രാന്തപ്രദേശങ്ങളുടെ തൊട്ടടുത്ത ഡിപ്പോയിൽനിന്ന് നഗരത്തിലേക്കും തിരിച്ചും സർവിസ് ഓപറേറ്റ് ചെയ്യും വിധം സർവിസുകൾ ക്രമീകരിക്കും. ഡ്യൂട്ടി പാറ്റേൺ മാറുന്നതുപോലെ സർവിസ് പാറ്റേണും മാറ്റാനാണ് തീരുമാനം.
ഡിപ്പോ അടിസ്ഥാനത്തിലുള്ള സർവിസ് എന്ന കാഴ്ചപ്പാട് മാറ്റി പകരം യാത്രക്കാരുടെ ആവശ്യകതക്കനുസരിച്ച് ലാഭകരമായ സർവിസ് എന്നതിലേക്ക് മാറുകയാണ് കെ.എസ്.ആർ.ടി.സിയുടെ ലക്ഷ്യം. ഷെഡ്യൂളുകളുടെ എണ്ണത്തിന്റെ പേരിലെ മേനി നടിക്കലുകൾക്കപ്പുറം സർവിസ് കാര്യക്ഷമമാകുമെന്നതാണ് മാനേജ്മെന്റ് വിലയിരുത്തൽ.
കഴക്കൂട്ടം, പോത്തൻകോട്, വെങ്ങാനൂർ, നെടുമങ്ങാട് എന്നിവിടങ്ങളിലേക്കടക്കം ഇത്തരത്തിൽ നിരവധി നഷ്ട സിറ്റി സർവിസുകൾ ഓടുന്നുണ്ട്.
സിറ്റി ഡിപ്പോയിൽനിന്ന് വെങ്ങാനൂരിലേക്കുള്ള ഷെഡ്യൂൾ ഇതിനുദാഹരണമാണ്. രാവിലെ സിറ്റിയിൽനിന്നും വെങ്ങാനൂരിലേക്ക് ആളില്ലാ സർവിസായി ഓടും. അവിടെനിന്ന് ആളുകളെയും കയറ്റി സിറ്റിയിലേക്ക് വരും. വൈകുന്നേരങ്ങളിൽ സിറ്റിയിൽനിന്ന് വെങ്ങാനൂരിലേക്ക് ആളുകളെ മടക്കിയെത്തിച്ച ശേഷം തിരികെ കാലിയായി സിറ്റിയിലേക്ക് ഓടണം. കിഴക്കേകോട്ട മുതൽ വെങ്ങാനൂർ വരെ 14 കിലോമീറ്ററുണ്ട്.
വെങ്ങാനൂരിൽ നിന്ന് ഏഴ് കിലോമീറ്റർ ദൂരത്തായി കെ.എസ്.ആർ.ടി.സിക്ക് തന്നെ വിഴിഞ്ഞം ഡിപ്പോയുണ്ട്.
രാവിലെ സിറ്റിയിൽനിന്ന് ബസ് വെങ്ങാനൂരിലേക്ക് പോയി ആളെ കൊണ്ടുവരുന്നതിനു പകരം വിഴിഞ്ഞത്തുനിന്ന് ബസ് വെങ്ങാനൂർ വഴി സിറ്റിയിലേക്ക് വന്നാൽ രാവിലെയും വൈകീട്ടുമായി 14 കിലോമീറ്റർ ലാഭിക്കാനാകും.
ഇതുപോലെയാണ് കഴക്കൂട്ടം സർവിസുകളുടെ കാര്യവും. വികാസ് ഭവൻ ഡിപ്പോയിൽനിന്നാണ് കഴക്കൂട്ടം സർവിസുകൾ അധികം ഓപറേറ്റ് ചെയ്യുന്നത്. സിറ്റി-കഴക്കൂട്ടം, കഴക്കൂട്ടം-സിറ്റി സർവിസുകൾ മാറ്റി പകരം കണിയാപുരം ഡിപ്പോയിൽനിന്ന് പുറപ്പെടുന്ന ബസ് കഴക്കൂട്ടത്ത് പോയി യാത്രക്കാരുമായി നഗരത്തിലേക്കെത്തുകയും ഇതേ മാതൃകയിൽ തിരിച്ച് പോവുകയും ചെയ്താൽ കാലിയായി ഓടൽ വഴിയുള്ള നഷ്ടം ഒഴിവാക്കാനാകും. പേരൂർക്കടയിൽനിന്ന് ഓപറ്റേ് ചെയ്യുന്ന ബസുകൾ അധികവും നെടുമങ്ങാട് സെക്ടറിലേക്കുള്ള ബസുകളാണ്.
പേരൂർക്കടയിൽനിന്ന് കാലിയായി നെടുമങ്ങാട്ടേക്ക് പോയി യാത്രക്കാരുമായി മടങ്ങുന്ന രീതിയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

