ആലപ്പുഴ സ്വദേശിയെ നെയ്യാർ ജലാശയത്തിൽ കാണാതായി
text_fieldsകാട്ടാക്കട: കുളിക്കാനിറങ്ങിയ ആലപ്പുഴ സ്വദേശിയെ നെയ്യാർ ജലാശയത്തിൽ കാണാതായി. ആലപ്പുഴ കിഴക്കുംമുറി തെക്കേക്കര ബീന വില്ലയിൽ ബീനയുടെ മകൻ മോബിൻ മോനച്ചനെയാണ് (29) കാണാതായത്.
ശനിയാഴ്ച വൈകീട്ട് 6.30 ഓടെയാണ് സംഭവം. മരക്കുന്നത്തിനടുത്ത് റിസര്‍വോയറില്‍ കുളിക്കാനായി നാല് സുഹൃത്തുക്കൾക്കൊപ്പം എത്തിയ മോബിൻ ജലാശയത്തിലേക്ക് തള്ളി നിൽക്കുന്ന മരക്കൊമ്പിൽ ഇരിക്കവേ കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു.
മോബിന് നീന്തൽ വശമില്ലായിരുന്നു. പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് ജലാശയത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രിയായതിനാല്‍ തിരച്ചില്‍ നിര്‍ത്തി. നെയ്യാർഡാം ശിവാനന്ദയോഗ ആശ്രമത്തിൽ യോഗ ക്യാമ്പിൽ പങ്കെടുക്കാനെത്തിയതാണ് മോബിൻ. തിരച്ചില്‍ ഞായറാഴ്ച രാവിലെ പുനരാരംഭിക്കും.