ആറ്റിങ്ങല്‍ മുനിസിപ്പല്‍ ടൗണ്‍ഹാള്‍ നവീകരണം അനിശ്ചിതത്വത്തിൽ
text_fieldsആറ്റിങ്ങല്‍: ചെലവാക്കിയ കോടികൾ പാഴായി; ആറ്റിങ്ങല്‍ മുനിസിപ്പല്‍ ടൗണ്‍ഹാളിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതത്വത്തിൽ. ആധുനിക സൗകര്യങ്ങളും സംവിധാനങ്ങളുമായി നഗരത്തിന്റെ അഭിമാനമായി മാറ്റിയെടുക്കാനുദ്ദേശിച്ചാണ് നഗരസഭയുടെ നേതൃത്വത്തില്‍ പഴയഹാള് നവീകരിക്കാൻ തീരുമാനിച്ചത്.
കച്ചേരിനടക്കും സി.എസ്.ഐ ജങ്ഷനുമിടക്ക് ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്ന മുനിസിപ്പല്‍ ടൗണ്‍ഹാള്‍ ആറ്റിങ്ങലിന്റെ പ്രധാന ശ്രദ്ധാകേന്ദ്രമാണ്. കുറഞ്ഞ വാടകക്ക് ഹാള്‍ ലഭിക്കുമായിരുന്നതിനാല്‍ നഗരപ്രദേശത്തെയും സമീപ ഗ്രാമങ്ങളിലെയും സാധാരണ കുടുംബങ്ങളിലെ വിവാഹം, സൽകാരം തുടങ്ങിയ ചടങ്ങുകള്‍ക്ക് ടൗണ്ഹാളിനെയാണ് ആശ്രയിച്ചിരുന്നത്.
നഗരം കേന്ദ്രീകരിച്ച് നടക്കുന്ന വിവിധ കലാ-സാഹിത്യ-സാംസ്കാരിക-രാഷ്ട്രീയ പരിപാടികളുടെ കേന്ദ്രവും ടൗണ്‍ഹാളായിരുന്നു.
ആധുനിക സൗകര്യങ്ങളോടെ ടൗണ്‍ഹാള്‍ നവീകരിക്കാന്‍ നാലുവര്‍ഷം മുമ്പാണ് നഗരസഭ തീരുമാനിച്ചത്. ഇതനുസരിച്ച് 4.5 കോടിയുടെ പദ്ധതി തയാറാക്കി. ആറ്റിങ്ങല്‍ ടൗണ്‍ സര്‍വിസ് സഹകരണ ബാങ്ക് വായ്പ അനുവദിക്കാന്‍ സന്നദ്ധത അറിയിച്ചതോടെ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ അധികൃതര്‍ തയാറായി. നവീകരണത്തിന് അനുമതി ലഭിച്ചതോടെ കെ.എസ്.ഇ.ബിയുടെ നിര്‍മാണ വിഭാഗത്തിന് നഗരസഭ കരാര്‍ നൽകുകയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തെങ്കിലും നിയമ തടസ്സങ്ങളുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നീളുന്നതിനിടയാക്കി. തടസ്സങ്ങള്‍ നീങ്ങിയതോടെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങിയത്.
കോവിഡ് കാലത്തും നിർമാണം മുടങ്ങി. അതിനുശേഷം തുടങ്ങിയെങ്കിലും അതും പാതിവഴിയിൽ നിലച്ചു. 4.5 കോടി ചെലവുള്ള പദ്ധതിക്ക് 2.5 കോടി ടൗൺ സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്തിരുന്നു. അതിനുള്ള നിർമാണ പ്രവർത്തനങ്ങൾ നടന്നു കഴിഞ്ഞു. ബാക്കി തുക കണ്ടെത്താൻ കഴിഞ്ഞില്ല. നിലവിൽ അദ്യ വായ്പക്ക് മാസം 2.5 ലക്ഷം പലിശ കൊടുക്കുകയാണ്.
വിപുലമായ സൗകര്യങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. പഴയ പ്രധാന ഹാള്‍ ഭക്ഷണശാലയാക്കും.
പ്രധാന ഹാളിനുപിന്നിലുണ്ടായിരുന്ന ഭാഗം സസ്യാഹാരശാലയാക്കും. അതിനുപിന്നില്‍ അടുക്കള. പഴയ ഹാളിനു മുകളിലാണ് പുതിയ ശീതീകരിച്ച ഹാള്‍ ഒരുക്കുന്നത്. 900 പേര്‍ക്ക് ഇരിക്കാവുന്ന സംവിധാനങ്ങളാണ് ഹാളിലുണ്ടാകുക. ഭൂമിക്കടിയിലാണ് പാര്‍ക്കിങ്.
സാധാരണ കല്യാണ മണ്ഡപങ്ങളിൽ ഒരു ലക്ഷത്തിലേറെ വാടക നൽകണം. അത്രയും സൗകര്യമുള്ള ടൗൺ ഹാളിൽ അതിന്റെ മൂന്നിലൊന്നു വാടക നൽകിയാൽ മതിയായിരുന്നു. അതിനാൽ തന്നെ സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായിരുന്നു ഹാൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

