ദേശീയപാത നിര്‍മാണത്തിന്റെ മറവില്‍ പകൽക്കൊള്ള; കണ്ണടച്ച് അധികൃതര്‍
text_fieldsകൊട്ടിയം: ദേശീയപാത നിര്‍മാണത്തിന്റെ മറവില്‍ നടക്കുന്ന മണ്ണെടുപ്പും പാറകടത്തും തടയാതെ അധികൃതര്‍.
ദേശീയപാതയില്‍ ചാത്തന്നൂര്‍ സ്പിന്നിങ് മില്ലിനോട്ചേർന്ന സര്‍ക്കാര്‍ ഭൂമിയില്‍നിന്ന് നിര്‍മാണ കമ്പനി അധികൃതരുടെ ഒത്താശയോടെ നൂറുകണക്കിന് ലോഡ് പാറ കഴിഞ്ഞദിവസം കടത്തി. ഇതിനെതിരെ നാട്ടുകാര്‍ പൊലീസിനും വകുപ്പ് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
ദേശീയപാതവികസനവുമായി ബന്ധപ്പെട്ട് പൊളിച്ച സ്ഥലങ്ങളിലെ മണ്ണ് ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും മൗനാനുവാദത്തോടെ കടത്തിക്കൊണ്ടുപോകുകയാണ്.
ദേശീയപാതയുടെ വീതികൂട്ടലുമായി ബന്ധപ്പെട്ട് താഴ്ന്ന പ്രദേശങ്ങളും മറ്റും ഉയര്‍ത്താന്‍ ഈ മണ്ണ് ഉപയോഗിക്കാമെന്നിരിക്കെയാണ് രാത്രി മണ്ണ് കടത്തുന്നത്. കല്ലുവാതുക്കലില്‍ ഇ.എസ്.ഐ കോര്പറേഷന് ഭൂമിയില്‍നിന്ന് നൂറുകണക്കിന് ലോഡ് മണ്ണാണ് കടത്തിയത്. പകല്‍ നാട്ടുകാര്‍ തടഞ്ഞതോടെയാണ് രാത്രിയില്‍ മണ്ണെടുത്തത്. ഇതിനെതിരെയും നാട്ടുകാര്‍ പൊലീസിലും വകുപ്പ് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. ദേശീയപാത നിര്‍മാണകമ്പനിയുടെ കാരാറുകാര്‍ എന്ന വ്യാജേന വസ്തു ഉടമകളുടെ അടുത്തെത്തി കെട്ടിടം പൊളിക്കുന്ന സംഘങ്ങളും സജീവമാണ്.
ചാത്തന്നൂര്‍ തിരുമുക്കില്‍ അടുത്തിടെ നാട്ടുകാര്‍ നടക്കുന്ന വഴി നിര്‍ബന്ധിച്ച് പൊളിക്കാന്‍ ശ്രമിച്ചത് ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. ഇവിടെ കട നടത്തിയവര്‍ ഉപേക്ഷിച്ചുപോയ പാറയില്‍ അവകാശമുന്നയിച്ചുകൊണ്ട് ഒരു കരാറുകാരന് രംഗത്തെത്തിയത് നാട്ടുകാരുമായി സംഘര്‍ഷം ഉണ്ടാകുന്നതിനും കാരണമായി.
അതേസമയം, ദേശീയപാതയുടെ സ്ഥലമെടുപ്പുമൂലം കെട്ടിടം പൂര്‍ണമായും നഷ്ടപ്പെടുന്നവര്‍ കെട്ടിടം കെട്ടാന്‍ പറ്റാത്ത അവസ്ഥയിലാണ്. പരിമിതമായ സ്ഥലം ഉള്ളവര്‍ക്ക് പുനരധിവാസം എന്നനിലയില്‍ കെട്ടിടം കെട്ടി ജീവിതോപാധിക്ക് ഇളവുകള്‍ അനുവദിക്കണമെന്ന് ആവശ്യം ശക്തമായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

