കടലിൽ കുളിക്കവേ തിരയിൽപെട്ട സ്വകാര്യ റിസോർട്ടിലെ ലൈഫ് ഗാർഡിനെ രക്ഷിച്ചു
text_fieldsരക്ഷപ്പെട്ട സേവ്യർ മധ്യത്തിൽ
വിഴിഞ്ഞം: കടലിൽ കുളിക്കവേ തിരയിൽപെട്ട സ്വകാര്യ റിസോർട്ടിലെ ലൈഫ് ഗാർഡിനെ തീരദേശ പൊലീസ് രക്ഷപ്പെടുത്തി. ശക്തമായ തിരയിൽപെട്ടതിനെ തുടർന്ന് കരക്ക് കയറാനാകാതെ ഏറെനേരം നീന്തിത്തളർന്ന അടിമലത്തുറ സ്വദേശി സേവ്യറിനെയാണ് (33) വിഴിഞ്ഞം തീരദേശ പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷിച്ചത്.
ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ ആഴിമല തീരത്തായിരുന്നു സംഭവം. ആഴിമല ഭാഗത്ത് ഒരാൾ കടലിൽ അകപ്പെട്ടെന്ന വിവരം നാട്ടുകാരാണ് വിഴിഞ്ഞം കോസ്റ്റൽ സി.ഐ കെ. പ്രദീപിനെ അറിയിച്ചത്. സ്വന്തമായി ബോട്ടില്ലാത്ത തീരദേശ പൊലീസ് സമീപത്തുണ്ടായിരുന്ന മത്സ്യബന്ധന ബോട്ടുമായി കടൽക്ഷോഭം വകവെക്കാതെ പാഞ്ഞെത്തി.
വിഴിഞ്ഞം കോസ്റ്റൽ സ്റ്റേഷനിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി അച്ഛൻ രത്നത്തിനോടൊപ്പം സേവ്യറിനെ വീട്ടിലേക്കയച്ചു. കോസ്റ്റൽ സബ് ഇൻസ്പെക്ടർ ജ്യോതിഷ് കുമാർ, കോസ്റ്റൽ വാർഡന്മാരായ തദയൂസ്, സൂസ, കിരൺ, സിൽവസ്റ്റർ, മത്സ്യത്തൊഴിലാളികളായ ജെയിംസ്, സുധീർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

