പെണ്ണത്വത്തിന്റെ ഭയം പൊട്ടിച്ചെറിയാൻ കാഹളം മുഴക്കി ‘ലീഡർഷിപ്’ കാമ്പയിൻ
text_fields‘ലീഡർഷിപ്’ കാമ്പയിനിൽ മാധ്യമത്തിന്റെ മെമന്റോ ഏറ്റുവാങ്ങിയ ഓൾ സെയിന്റ്സ് കോളജ് പ്രിൻസിപ്പൽ ഡോ. രശ്മി ആർ. പ്രസാദ്, സാംസ്കാരിക പ്രവർത്തക ഷൈലജ ജല, സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, സാക്ഷരത മിഷൻ ഡയറക്ടർ പ്രഫ. എ.ജി. ഒലീന, അവതാരകൻ രാജ് കലേഷ് എന്നിവർ
തിരുവനന്തപുരം: പെണ്ണത്വത്തിന്റെ ഭയം പൊട്ടിച്ചെറിയാനുറപ്പിച്ച് ഓൾ സെയിന്റ്സ് കോളജ് വിദ്യാർഥിനികൾ. വനിതകൾക്കായി മാധ്യമം കുടുംബവും-മലബാർ ഗോൾഡ് ആന്ഡ് ഡയമണ്ട്സും ചേർന്ന് സംഘടിപ്പിച്ച ‘ലീഡർഷിപ്’ കാമ്പയിനാണ് പെൺമുന്നേറ്റത്തിന്റെ കാഹളം മുഴക്കിയത്.
സ്വന്തം ജീവിതത്തിന്റെ മുഴുവൻ തീരുമാനവും വനിതകളുടേത് മാത്രമായിരിക്കണമെന്നും അതിന്റെ ചുമതലയും ഉത്തരവാദിത്തവും സ്വന്തമാണെന്ന് അഭിമാനിക്കണമെന്നും കാമ്പയിൻ ഉദ്ഘാടനം ചെയ്ത സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ പറഞ്ഞു. സ്ത്രീ സൗന്ദര്യവും അവരുടെ ജീവിതത്തിലെ നിർമല മുഹൂർത്തങ്ങളും വാണിജ്യവത്കരിക്കപ്പെട്ടു. ഫോട്ടോഷൂട്ടിനും വിവാഹദിനത്തിനും വേണ്ടി കളയേണ്ടതല്ല പെൺസൗന്ദര്യം.
വിപണി ഉള്ളിലേക്ക് ഇടിച്ചുകയറിക്കൊണ്ടിരിക്കുന്നതിനാൽ വനിതകൾ ഉപഭോഗ സംസ്കാരത്തിന്റെ ഇരകളായി തീരുന്നു. മറ്റുള്ളവരല്ല, അവനവൻ തന്നെയാണ് സ്വന്തം ജീവിതം വെച്ച് വിളയാടേണ്ടത്. സ്വയം ഒന്നുമല്ലെന്ന് നിരന്തരം തോന്നിപ്പിക്കുന്ന പൊതുബോധത്തോട് ഒത്തുതീർപ്പിലായാൽ സ്വയം പരാജയപ്പെടും. അതിനിടവരുത്താതെ, നമ്മൾ തോറ്റിട്ടില്ല എന്നുറപ്പിച്ച് മുന്നേറണമെന്നും അവർ പറഞ്ഞു.
രാജ്യത്ത് വനിത വിദ്യാഭ്യാസത്തിനുവേണ്ടി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താവ് സാവിത്രി ഭായ് ഫൂലെയുടെ ശരീരത്തിൽ സവർണ ജാതിക്കാർ അമേധ്യമാണ് ഒഴിച്ചതെങ്കിൽ അധികാരത്തിന്റെ പുതിയ മാർഗങ്ങളിലൂടെ വനിതകളുടെ മേൽ ഇന്നുമത് ഒഴിക്കുന്നതായി ‘ഇന്നൊവേറ്റ് ഹെർ; ബ്രേക്കിങ് നോംസ്, ബിൽഡിങ് ഡ്രീംസ്’ ഓപൺ ഫോറത്തിൽ സാക്ഷരത മിഷൻ ഡയറക്ടർ പ്രഫ. എ.ജി. ഒലീന പറഞ്ഞു. മനുഷ്യൻ എന്ന പദത്തിന്റെ വിശാല അർഥത്തിലേക്ക് സ്ത്രീകൾ കൂടി വരുന്നതുവരെ സ്ത്രീസമത്വ ചർച്ച തുടർന്നുകൊണ്ടേയിരിക്കും. അടുത്തകാലത്തായി സംസ്ഥാനത്ത് ഉയർന്നുവരുന്ന പെൺകരുത്തിനെ ഭയക്കുന്ന ആണധികാരമാണ് ഇപ്പോൾ ചുറ്റിലും കാണുന്നതെന്ന് അവർ പറഞ്ഞു.
അതിജീവിക്കുകയും പുനർനിർമിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ, സ്ത്രീകൾക്ക് അവരുടെ ഉള്ളിൽതന്നെയുള്ള ഭയത്തിൽനിന്ന് പുറത്ത് കടക്കാനാവൂവെന്ന് സാംസ്കാരിക പ്രവർത്തക ഷൈലജ ജല പറഞ്ഞു. സ്വയം നേരിടാനും സ്വയം പാകപ്പെടാനും വനിതകൾ തയാറാകണമെന്നും അവർ പറഞ്ഞു.
പ്രമുഖ അവതാരകനും ഷെഫും മജീഷ്യനും നടനുമായ രാജ് കലേഷിന്റെ ടോക്ഷോയും അരങ്ങേറി. ഓൾ സെയിന്റ്സ് കോളജ് പ്രിൻസിപ്പൽ ഡോ. രശ്മി ആർ. പ്രസാദ് അധ്യക്ഷത വഹിച്ചു. മാധ്യമം റീജനൽ മാനേജർ ബി. ജയപ്രകാശ് കാമ്പയിൻ വിശദീകരിച്ചു. മാധ്യമം സീനിയർ കറസ്പോണ്ടന്റ് ബീന അനിത സ്വാഗതവും ഫോറം ഫോർ ഡെമോക്രസി ആൻഡ് സോഷ്യൽ ജസ്റ്റിസ് കോഓഡിനേറ്റർ ഡോ. പാർവതി മേനോൻ നന്ദിയും പറഞ്ഞു.
വരട്ടെ, വനിതകൾ നേതൃനിരയിലേക്ക്
വനിതകളെ സമൂഹത്തിന്റെ നേതൃനിരയിലേക്ക് നയിക്കുന്നതിനും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനും വിവിധ കോളജുകൾ, സർവകലാശാലകൾ എന്നിവ കേന്ദ്രീകരിച്ച് മാധ്യമം കുടുംബവും മലബാർ ഗോൾഡ് ആന്ഡ് ഡയമണ്ട്സും നടത്തുന്ന കാമ്പയിനാണ് ‘ലീഡർഷിപ്’.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ, സൈബർ കുറ്റകൃത്യങ്ങൾ, സ്റ്റാർട്ടപ്-കരിയർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നിയമങ്ങൾ, സ്ത്രീകളുടെ ആരോഗ്യം-ശുചിത്വം, രാഷ്ട്രീയം, സാമ്പത്തിക സുരക്ഷിതത്വം തുടങ്ങിയവ കാമ്പയിനിൽ ചർച്ചയായി.
കാമ്പയിന്റെ ഭാഗമായി സംവാദങ്ങൾ, സെമിനാറുകൾ, ഡിബേറ്റുകൾ, വർക്ഷോപ്പുകൾ, ടോക് ഷോകൾ, പരിശീലന പരിപാടികൾ തുടങ്ങിയവ അരങ്ങേറും.
സമൂഹത്തിൽ വിവിധ മേഖലകളിൽ ഉയർന്നുവന്ന സ്ത്രീകളെ പങ്കെടുപ്പിച്ച് നടത്തുന്ന പരിപാടികളിൽ വനിത ശാക്തീകരണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വിവിധ സംഘടനകളും ഭാഗമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.