ലേസർമാൻ ഷോയും ട്രോൺസ് ഡാൻസും; ഇവിടം ‘വൈബാ’ണ്
text_fieldsകേരളീയത്തിന്റെ ഭാഗമായി കനകക്കുന്നിൽ ഒരുക്കിയ എൽ.ഇ.ഡി ലൈറ്റ് ഡാൻസ്
തിരുവനന്തപുരം: കേരളീയം കാണാനെത്തുന്നവർക്ക് കാഴ്ചയുടെ പുത്തൻ അനുഭവം പകർന്ന് കനകക്കുന്നിലെ ലേസർ മാൻ ഷോ. ഡി.ജെ സംഗീതത്തിന്റെ അകമ്പടിയോടെ ലേസർ രശ്മികൾക്കൊപ്പം നൃത്തം ചവിട്ടുന്ന ഷോ യുവാക്കളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമാണ്. കനകക്കുന്ന് കൊട്ടാരത്തിനു സമീപം അണിയിച്ചൊരുക്കിയ പ്രത്യേക സ്റ്റേജിലാണ് പരിപാടി. ഇതിനൊപ്പം അൾട്രാവയലറ്റ് രശ്മികൾ കൊണ്ട് അലങ്കരിച്ച വേദിയിൽ കലാകാരന്മാർ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം കാഴ്ചവെക്കുന്ന യു.വി ഷോ, എൽ.ഇ.ഡി ബൾബുകളിൽ പ്രകാശിതമായ പ്രത്യേക വസ്ത്രം ധരിച്ചെത്തുന്ന നർത്തകർ സംഗീതത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്ന ട്രോൺസ് ഡാൻസ് എന്നിവയും ഒരുക്കിയിട്ടുണ്ട്.
കേരളീയത്തിലെ ഇല്യൂമിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്റ്റേജ് ലൈറ്റ് ആൻഡ് ഡാൻസ് ഷോ നടക്കുന്നത്. കേരളീയത്തിന്റെ കൂറ്റൻ ലോഗോയുടെ പ്രകാശിതരൂപമാണ് കനകക്കുന്നിലെ മറ്റൊരു പ്രധാന ആകർഷണം. വൈകീട്ട് ഏഴുമുതൽ രാത്രി 11 വരെയാണ് ലേസർ ഷോയും ട്രോൺസ് ഷോയും.

