കാപ്പിൽ ഇനി ഔദ്യോഗിക വിനോദസഞ്ചാര കേന്ദ്രം; അവഗണനയുടെ മാറാപ്പ് നീങ്ങുമോ..?
text_fieldsഇടവ-നടയറ കായലും അറബിക്കടലും ഇവക്കിടയിലൂടെയുള്ള റോഡും-കാപ്പിൽ തീരം ഒരു ആകാശക്കാഴ്ച
തിരക്കേറിയ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പൊന്മുടി, പൂവാർ, ഇലവീഴാപൂഞ്ചിറ എന്നിവയോടൊപ്പമാണ് കാപ്പിലിനെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാന വിനോദസഞ്ചാര വകുപ്പിറക്കിയ പുതിയ പട്ടികയിലാണ് വർക്കല നിയോജകമണ്ഡലത്തിലെ കാപ്പിലും ഇടംപിടിച്ചത്.
കാപ്പിലിനോട് ചേർന്ന് നീളുന്ന വർക്കല-പാപനാശം തീരം നിലവിൽ ലോകപ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമാണ്. അന്താരാഷ്ട്ര ടൂറിസം കേന്ദ്രമെന്ന ബഹുമതി ഉണ്ടെങ്കിലും പാപനാശം ഇന്നും പരിമിതികളാലും ഇല്ലായ്മകളാലും നട്ടംതിരിയുകയാണ്. പാപനാശം തീരത്തീന്റെ സെക്കന്റ് റീച്ചായിരുന്നിട്ടും കാപ്പിൽ തീരത്ത് അടിസ്ഥാന സൗകര്യവികസനം എത്തിയിട്ടില്ല. വർക്കല കഹാർ എം.എൽ.എ ആയിരുന്ന കാലത്ത് ബോട്ട് ക്ലബ്, ബോട്ട് ജെട്ടികൾ, വെറ്റക്കട തീരത്തെ പാർക്ക്, ലൈറ്റ്നിങ് സംവിധാനം ഉൾപ്പെടെയുള്ള കുറേ പദ്ധതികൾ നടപ്പാക്കിയതല്ലാതെ മറ്റൊന്നും ഉണ്ടായില്ല.
സഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കാൻ വേണ്ടിയാണ് ഉത്തരവെന്നാണ് സർക്കാർ പറയുന്നത്. ഉത്തരവ് പുറത്തുവന്നതോടെ ടൂറിസം വ്യവസായികളിലും പുതിയ പ്രതീക്ഷകൾ വളരുന്നുണ്ട്. നിലവിൽ തീരത്തുൾപ്പെടെ പഞ്ചായത്തിൽ നൂറോളം ടൂറിസം റിസോർട്ടുകൾ ഉണ്ട്. അവയെല്ലാം സ്വകാര്യ മേഖലയിലുമാണ്. സർക്കാർ സംവിധാനങ്ങളൊന്നും ഇവിടെ എത്തിയിട്ടില്ല. ആകെയുള്ള പ്രിയദർശിനി ബോട്ട് ക്ലബ് അധികൃതർ തന്നെ നശിപ്പിച്ച നിലയിലുമാണ്.
പുതിയ സാധ്യതകൾ തുറന്നുകിട്ടിയതോടെ കാപ്പിലിൽ സ്റ്റാർ ഹോട്ടലുകൾ, മുന്തിയ നിലവാരമുള്ള റസ്റ്റോറന്റുകൾ, എന്നിവ ഉയരാനുള്ള സാധ്യതകളും തെളിയുന്നുണ്ട്. അനാഥമായ കാപ്പിൽ, ഇടവ റെയിൽവേ സ്റ്റേഷനുകൾക്കും പുതിയ ഉണർവ് കൈവന്നേക്കും. നിലവിൽ പാസഞ്ചർ ട്രെയിനുകൾ മാത്രം നിർത്തുന്ന ഇവിടങ്ങളിൽ ചില എക്സ്പ്രസ് ട്രെയിനുകൾക്കെങ്കിലും സ്റ്റോപ് വന്നേക്കും.
ജില്ല അതിർത്തിയായ കാപ്പിൽതീരത്തെ വൈദ്യുതി വിളക്കുകളാൽ മനോഹരമാക്കാനും ബോട്ട് ക്ലബിൽ കൂടുതൽ സ്പീഡ് ബോട്ടുകൾ എത്തിച്ച് നവീകരിക്കാനും നടപടികൾ ഉണ്ടായേക്കുമെന്ന പ്രതീക്ഷയും ടൂറിസം മേഖലയിലുള്ളവർ പങ്കുവെക്കുന്നു.
ടൂറിസ്റ്റുകൾക്ക് തീരത്തിരുന്ന് കടൽ, കായൽസൗന്ദര്യം ആസ്വദിക്കാനുള്ള ഇരിപ്പിടങ്ങൾ, മതിയായ വൈദ്യുതി വിളക്കുകൾ, കടൽ-കായൽ തീരങ്ങളിലെ സുരക്ഷാ വേലികൾ, ടോയ്ലറ്റ് ബ്ലോക്കുകൾ, ശുദ്ധജല പൈപ്പ് ലൈനുകൾ, മുഴുവൻ സമയവും പ്രവർത്തിക്കുന്ന പൊലീസ് ഔട്ട് പോസ്റ്റ്, ജില്ല അതിർത്തിയെന്ന നിലയിൽ കാപ്പിൽ പാലത്തിന് സമീപം ചെക്ക് പോസ്റ്റ് തുടങ്ങിയവയൊക്കെ അത്യാവശ്യമാണ്.
ആഭ്യന്തര, വിദേശ വിനോദസഞ്ചാരികൾ 'കാഴ്ചയുടെ വിസ്മയ'മെന്ന് വിശേഷിപ്പിക്കുന്ന തീരമാണ് കാപ്പിൽ. പ്രവാസികുടുംബങ്ങളും മത്സ്യത്തൊഴിലാളികളും കൂലിപ്പണിക്കാരും തിങ്ങിപ്പാർക്കുന്ന ഇവിടേക്ക് ടൂറിസം വികസം എത്തിക്കുന്നതോടെ സ്വകാര്യ സംരംഭങ്ങളും ധാരാളമായി ഉണ്ടാകും. കടലും കായലും സംഗമിക്കുന്ന പൊഴിമുഖം കൂടുതൽ സുരക്ഷാ സൗകര്യങ്ങളും വെളിച്ചവും സെക്യൂരിറ്റി ജീവനക്കാരെയും നിയോഗിച്ച് രാപകൽ ഭേദമില്ലാതെ സഞ്ചാരികളെ ആകർഷിക്കാൻ പര്യാപ്തമാണ്. എന്നാൽ സന്ധ്യമയങ്ങിയാൽ വെളിച്ചം, സുരക്ഷ എന്നീ പ്രശ്നങ്ങളാൽ ഇവിടം വിജനമാകുകയാണ്.
ഇടവ പഞ്ചായത്തിലെ ഓടേറ്റികടപ്പുറത്തുനിന്നാരംഭിച്ച് ഇടപ്പൊഴിക്ക, മാന്തറ, ശ്രീയേറ്റ്, വെറ്റക്കട വഴി കാപ്പിൽ പാലത്തിന് സമീപം അവസാനിക്കുന്ന കടൽത്തീരമുണ്ട്.
അപ്പുറത്ത് അതി വിശാലമായ കായലുമുണ്ട്. ഈ തീരഭംഗികളിലേക്ക് സഞ്ചാരികളെ ആകർഷിക്കണമെങ്കിൽ ഇവിടങ്ങളിലും വെളിച്ചം, ഫെൻസിങ്, സുരക്ഷ എന്നിവ ഒരുക്കണം.
ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് സീപ്ലെയിൻ ലാന്റിങ് ബേസ് സ്ഥാപിക്കാൻ കാപ്പിൽ തീരത്തെയും തെരഞ്ഞെടുത്തിരുന്നു.
പോർച്ചുഗീസുകാരുടെ കാലത്ത് വലിയ വാണിജ്യകേന്ദ്രമായിരുന്ന കാപ്പിലിനോട് ചേർന്നുള്ള വെറ്റക്കട അധികൃതാൽ തമസ്കരിക്കപ്പെട്ട നിലയിലാണ്. ചരിത്രത്തിന്റെ ധാരാളം അവശേഷിപ്പുകൾ ഇപ്പോഴും ഇവിടെയുണ്ട്. കുഞ്ചൻ തുള്ളിയ കളിത്തട്ടുകളും രാജഭരണകാലത്തെ കളരിപ്പയറ്റ് കളരികളും അധികൃതരുടെ അടിയന്തര ശ്രദ്ധ തേടുന്നവയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

