വന്യമൃഗശല്യ ഭീഷണിയിൽ മലയോര ജനത
text_fieldsനെടുമങ്ങാട്: കിഴക്കൻ മലയോര മേഖലയിലെ ജനങ്ങൾ വന്യമൃഗശല്യ ഭീഷണിയിൽ. വന്യമൃഗങ്ങള് നാട്ടിലിറങ്ങി നാശംവിതക്കുന്നത് പതിവായി. വിതുര, പെരിങ്ങമ്മല പഞ്ചായത്തുകളിലെ പല പ്രദേശങ്ങളിലും കാട്ടുമൃഗങ്ങളുടെ ആക്രമണമുണ്ട്. ഈ വർഷം മാത്രം മൃഗങ്ങളുടെ ആക്രമണത്തിൽ പരിക്കേറ്റവർ നിരവധിയാണ്. കഴിഞ്ഞ ദിവസം കാട്ടുപന്നി ബൈക്കിലിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. തൊളിക്കോട് മലയടി വിനോബ നികേതൻ സ്വദേശി ശ്രീകണ്ഠൻ (43), പനയക്കോട് സ്വദേശി ഷിജു (47) എന്നിവർക്കാണ് പരിക്കേറ്റത്. വിതുര-നന്ദിയോട് റോഡിൽ കാലങ്കാവ് ജങ്ഷനുസമീപത്തുവെച്ച് ചൊവ്വാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു സംഭവം. വനത്തിൽനിന്ന് ഓടിയെത്തിയ കാട്ടുപന്നി ബൈക്കിലിടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആന, കാട്ടുപോത്ത്, പന്നി തുടങ്ങിയ മൃഗങ്ങളാണ് ജനവാസ മേഖലകളിലിറങ്ങി നാശം വിതക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച കാട്ടുപോത്തിൻകൂട്ടം നാട്ടിൽ ഭീതിപടർത്തി. കൊച്ചടപ്പുപാറ, ചെല്ലഞ്ചി, കല്ലുവരമ്പ് എന്നിവിടങ്ങളിലാണ് പോത്തിൻകൂട്ടം ഇറങ്ങിയത്. ഇവ ഒറ്റക്കും കൂട്ടമായും ജനവാസ മേഖലകളിൽ ഭീതി പടർത്താറുണ്ട്. ഈമാസം ആദ്യം വിതുര അടിപ്പറമ്പ് ജേഴ്സി ഫാമിൽ കാട്ടാനക്കൂട്ടമിറങ്ങി പുൽകൃഷി ഉൾപ്പെടെ നശിപ്പിച്ചു. വിതുര പഞ്ചായത്തിലെ താവയ്ക്കലിൽ പുലിയെ കണ്ടതായി പ്രദേശവാസികൾ പറയുന്നു. ഒരു കോഴി ഫാമിനു സമീപത്താണ് പുലിയെ കണ്ടത്. തുടർന്ന് വനം വകുപ്പ് പരിസരത്ത് കാമറകൾ സ്ഥാപിച്ച് നിരീക്ഷണം നടത്തി. 10 ദിവസത്തോളം വനം വകുപ്പ് പല സ്ഥലങ്ങളിലായി കാമറകൾ സ്ഥാപിച്ച് നിരീക്ഷിച്ചെങ്കിലും പുലിയുടെ സാന്നിധ്യം കണ്ടെത്താനായില്ല.
ജനവാസ മേഖലകളിൽ കാട്ടനയും മറ്റും ഇറങ്ങുന്നത് തടയാൻ ജനങ്ങളുടെ നിരന്തര ആവശ്യങ്ങളെ തുടർന്ന് ആനക്കിടങ്ങുകൾ കുഴിക്കുന്ന ജോലി തുടരുന്നു. 25ലേറെ ആദിവാസി സെറ്റിൽമെൻറുകളുള്ള വിതുര പഞ്ചായത്തിലും പെരിങ്ങമ്മല പഞ്ചായത്തിലുമാണ് കിടങ്ങ് നിർമാണം പുരോഗമിക്കുന്നത്. വിതുരയിൽ മാത്രം ആറു കിലോമീറ്റർ ദൈർഘ്യത്തിലാണ് കിടങ്ങ് ഒരുങ്ങുന്നത്.
വന്യജീവികൾ വരുത്തുന്ന കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം നാമമാത്രമാണെന്ന്കർഷകർ പറയുന്നു. ഇവ നേടിയെടുക്കാനാവട്ടെ അനേകം കടമ്പകൾ കടക്കേണ്ടതുമുണ്ട്. കൃഷി നശിക്കുന്ന കർഷകരിൽ 10 ശതമാനം പേരേ നഷ്ടപരിഹാരത്തിന് അപേക്ഷിക്കുന്നുള്ളൂ. ആവശ്യത്തിന് ഫണ്ടില്ലെന്നും അതിനാൽ അപേക്ഷിക്കുന്ന മുഴുവൻ കർഷകർക്കും നഷ്ടപരിഹാരം നൽകാനാവില്ലെന്നും വനംവകുപ്പ് അധികൃതർ പറയുന്നു. ഓരോ വർഷവും അപേക്ഷകളുടെ എണ്ണം കൂടുകയാണ്. സംസ്ഥാന ദുരന്തനിവാരണ വകുപ്പു തയാറാക്കിയ മാനദണ്ഡങ്ങൾ അനുസരിച്ചാണ് വനംവകുപ്പ് നഷ്ടപരിഹാരം നൽകുന്നത്. കുലച്ച വാഴക്ക് 110 രൂപയും കുലക്കാത്തതിന് 83 രൂപയുമാണ് നൽകുക. എന്നാൽ, കൃഷിവകുപ്പ് നൽകുന്ന വിള ഇൻഷുറൻസ് പ്രകാരം, കുലച്ച വാഴ ഒരെണ്ണം നശിച്ചാൽ കിട്ടുന്നത് 300 രൂപയാണ്. കാലാവസ്ഥയും വന്യജീവികളും വരുത്തുന്ന കൃഷിനാശത്തിന് രണ്ടുതരം നഷ്ടപരിഹാരം നൽകുന്നതിലെ വൈരുധ്യം കർഷകർ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും പരിഹരിക്കാൻ നടപടിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

