തോരാമഴയില്‍ വിറങ്ങലിച്ച് ജില്ല
text_fieldsഅരുവിക്കര ഡാം തുറന്നപ്പോൾ
തിരുവനന്തപുരം: ഞായറാഴ്ച വൈകീട്ട് മുതല്‍ ആരംഭിച്ച തോരാത്ത മഴയില്‍ വിറങ്ങലിച്ച് ജില്ല. തുള്ളിക്കൊരുകുടം പോലെ പെയ്തിറങ്ങിയ മഴയിൽ മലയോര മേഖലയടക്കം വിറങ്ങലിച്ചതോടെ അടുത്ത 48 മണിക്കൂർ തലസ്ഥാനം റെഡ് അലർട്ടിലായി. തീരദേശ മേഖലകളിൽ ശക്തമായ കടൽക്ഷോഭമാണ് അനുഭവപ്പെടുന്നത്. പൂവാര്‍, പൊഴിയൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ പലയിടങ്ങളിലും തീരം കടലെടുത്തു. ശക്തമായ കാറ്റിലും കടൽ ക്ഷോഭത്തിലും പെട്ട് വിഴിഞ്ഞത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളി മരിച്ചു. കന്യാകുമാരി ഇനയം പുത്തൻതുറ സ്വദേശി ഗിൽബർട്ട് - കെലൻ ദമ്പതികളുടെ മകൻ കിൽസ്റ്റൺ (22) ആണ് മരിച്ചത്.
തിങ്കളാഴ്ച പുലർച്ച അഞ്ചിന് വിഴിഞ്ഞത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ അഞ്ചംഗ സംഘത്തിന്റെ വള്ളമാണ് അപകടത്തിൽപെട്ടത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരവെ ഉച്ചക്ക് രണ്ടോടെ വിഴിഞ്ഞത്തുനിന്ന് ഒന്നര നോട്ടിക്കൽ മൈൽ ഉള്ളിൽ കടലിൽവെച്ച് ശക്തമായ കാറ്റും കടൽക്ഷോഭവും കാരണം വള്ളം മറിയുകയായിരുന്നു. സമീപത്തുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളുടെ വള്ളത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് അപകടത്തിൽപെട്ട അഞ്ചുപേരെയും രക്ഷപ്പെടുത്തി വിഴിഞ്ഞം മത്സ്യബന്ധന ഹാർബറിൽ കരക്കെത്തിച്ചത്.
അപകടത്തിൽപെട്ട് അബാധാവസ്ഥയിലായിരുന്ന കിൽസ്റ്റണിനെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വള്ളത്തിലുണ്ടായിരുന്ന കന്യാകുമാരി ഇനയം പുത്തൻതുറ സ്വദേശികളായ യേശു പോൾ, വിജയൻ, രമേശ്, ജോൺസൺ എന്നീ മത്സ്യത്തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വള്ളവും ഉപകരണങ്ങളും കടലിൽ മുങ്ങിപ്പോയി. കിൽ സിനി, കിസീമ എന്നിവർ സഹോദരിമാരാണ്.
നെയ്യാറിന്റെ ജലനിരപ്പ് ഉയര്‍ന്നതോടെ ഒറ്റപ്പെട്ട അവസ്ഥയിലാണ് ആദിവാസി ഊരുകള്‍. നെയ്യാർ ഡാമിന്റെയും പേപ്പാറ ഡാമിന്റെയും അരുവിക്കര ഡാമിന്റെയും ഷട്ടറുകൾ തുറന്നിട്ടുണ്ട്. സമീപവാസികൾ ജാഗ്രത പുലർത്തണമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം നഗരത്തിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കടലോര, കായലോര, മലയോര മേഖലയിലേക്കുള്ള അവശ്യ സർവിസുകൾ ഒഴികെയുള്ള ഗതാഗതം, ക്വാറിയിങ്, മൈനിങ് പ്രവർത്തനങ്ങൾ, വിനോദസഞ്ചാരം എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ല കലക്ടർ ജെറോമിക് ജോർജ് അറിയിച്ചു.
കൺട്രോൾ റൂം തുറന്നു
തിരുവനന്തപുരം: നഗരസഭ മഴക്കെടുതികൾ ഫലപ്രദമായി നേരിടുന്നതിന് പൊതുജനങ്ങളെ സഹായിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം നഗരസഭയിൽ സജ്ജമാക്കിയിട്ടുള്ളതായി മേയർ അറിയിച്ചു. കൺട്രോൾ റൂമിന്റെ സേവനം ആവശ്യമുള്ളവർക്ക് താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടാം.
മഴക്കെടുതി; സജ്ജമായി
ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡും
തിരുവനന്തപുരം: ജില്ലയിൽ മഴക്കെടുതി രൂക്ഷമാവുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ് സജ്ജമായതായി ജില്ല സെക്രട്ടറി ഡോ. ഷിജുഖാൻ, പ്രസിഡന്റ് വി. അനൂപ് എന്നിവർ അറിയിച്ചു. അടിയന്തര ഘട്ടത്തിൽ രക്ഷാപ്രവർത്തനങ്ങൾക്കായി ഡി.വൈ.എഫ്.ഐക്ക് സ്വന്തമായുള്ള 15 ആംബുലൻസുകൾ സർവിസ് നടത്തും. 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹെൽപ് ലൈനുകൾ എല്ലാ ബ്ലോക്കിലും ഒരുക്കി. ജില്ല കേന്ദ്രീകരിച്ച് ജില്ല കമ്മിറ്റി ഓഫിസിൽ ഹെൽപ് ലൈൻ ആരംഭിച്ചു. 0471-4249555, 9446326095, 9446992024, 7356723799 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

